ഗൂഡല്ലൂർ നെലാക്കോട്ടയിൽ 55കാരിയുടെ കൊലപാതകം: പ്രതികളായ രണ്ട് യുവതികളെയും റിമാൻഡ് ചെയ്തു

ഗുഡല്ലൂർ നെലാക്കോട്ടയിൽ 55കാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ രണ്ടുപേരെ റിമാൻഡ് ചെയ്തു. നെലാക്കോട്ട കൂവച്ചോല വീരപ്പൻകോളനിയിലെ മൈമൂനയാണ് കൊല്ലപ്പെട്ടത്. ഒൻപതാംമൈൽ സ്വദേശിനി ഖൈറുനിസ, ഖൈറുനിസയുടെ സഹോദരി ദേവർഷോല കൊട്ടമേടിലെ ഹസീന എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ചയാണ് ഇരുവരും ചേർന്ന് മൈമൂനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പോലീസ് പറയുന്നതനുസരിച്ച് മയക്കുമരുന്നു കേസിൽ കോയമ്പത്തൂർ ജയിലിലായ ഹസീനയുടെ ഭർത്താവ് നസീമുദ്ദീനെ ജാമ്യത്തിലിറക്കാൻ ഖൈറുനിസ മൈമൂനയോട് പണം ആവശ്യപ്പെട്ടിരുന്നു. പണം ആവശ്യപ്പെട്ടെത്തിയ ഖൈറുനിസക്കും ഹസീനക്കും പണം നൽകാൻ മൈനൂന വിസമ്മതിച്ചു.
തുടർന്ന്, മാല ചോദിച്ച് മൈമൂനയും ഖൈറുനിസയും തമ്മിൽ വാക്കേറ്റമുണ്ടായി. കൂടെവന്ന ഹസീനയും ഇതിൽ പങ്കുചേർന്നു. തുടർന്ന് ഇരുവരും ചേർന്ന് മൈമൂനയെ കുക്കറിന്റെ മൂടിയും ചിരവയും വടിയുമെടുത്ത് മുഖത്തടിച്ച് വീഴ്ത്തുകയും ശേഷം കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു.