കന്നഡ സംസാരിക്കില്ലെന്ന് പറഞ്ഞ് ‘പണി വാങ്ങിച്ച’ എസ് ബി ഐ മാനേജർ കന്നഡയിൽ മാപ്പ് പറഞ്ഞ് രംഗത്ത്

കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച് വിവാദത്തിൽ അകപ്പെട്ട എസ് ബി ഐ മാനേജർ മാപ്പ് പറയുന്ന വീഡിയോ പുറത്ത്. താൻ സംസാരിക്കില്ലെന്ന് പറഞ്ഞ കന്നഡ ഭാഷയിൽ തന്നെയാണ് ഇവർ മാപ്പ് പറയുന്നത്. എന്നെ കൊണ്ട് ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു. ഞാൻ കന്നഡയിൽ സംസാരിക്കാൻ ശ്രമിക്കും എന്നാണ് ഇവർ വീഡിയോയിൽ പറയുന്നത്
നേരത്തെ ഉദ്യോഗസ്ഥയെ എസ് ബി ഐ അധികൃതർ സ്ഥലം മാറ്റിയിരുന്നു. ബംഗളൂരുവിലെ എസ് ബി ഐ സൂര്യനഗർ ശാഖയിൽ വെച്ച് ഒരു കസ്റ്റമർ ഇവരോട് കന്നഡയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്ന് പറഞ്ഞ് വിവാദത്തിലായതാണ് ഉദ്യോഗസ്ഥ. ഇത് കർണാടകയാണെന്ന് കസ്റ്റമർ പറയുമ്പോൾ ഇത് ഇന്ത്യയാണ്, ഞാനൊരിക്കലും കന്നഡയിൽ സംസാരിക്കില്ല എന്നായിരുന്നു ഇവരുടെ മറുപടി
കസ്റ്റമറോട് നിങ്ങൾ ഹിന്ദിയിൽ സംസാരിക്കാനും ഉദ്യോഗസ്ഥ നിർദേശിച്ചിരുന്നു. ഇത് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തതോടെയാണ് മാനേജരെ എസ് ബി ഐ സ്ഥലം മാറ്റിയത്. ഇതിന് പിന്നാലെയാണ് ഇവർ മാപ്പ് പറഞ്ഞ് രംഗത്തുവന്നത്.