World

കരയാക്രമണത്തിന് മുന്നോടിയായി ഗാസ നഗരത്തിലെ ജനവാസ കേന്ദ്രങ്ങൾ തുടച്ചുനീക്കി ഇസ്രായേൽ

ഗാസ: ഗാസ നഗരം പിടിച്ചടക്കാനുള്ള സൈനിക നീക്കത്തിന് മുന്നോടിയായി ഇസ്രായേൽ വ്യോമസേന നഗരത്തിലെ ജനവാസ മേഖലകളിൽ വ്യാപകമായ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകൾ. നഗരത്തിന്റെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കാനുള്ള ഇസ്രായേൽ സൈന്യത്തിന്റെ നീക്കത്തിന് മന്ത്രിസഭ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുന്നത്.

നിരപരാധികളായ സാധാരണക്കാരെയും മാധ്യമപ്രവർത്തകരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നാണ് പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം അൽ ജസീറയുടെ അഞ്ച് മാധ്യമപ്രവർത്തകർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളെയാണ് ഇസ്രായേൽ തുടർച്ചയായി ലക്ഷ്യമിടുന്നത്. ഇതിനോടകം നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമാവുകയും, ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രായേൽ സൈന്യം ആക്രമണം നടത്തുന്നുണ്ടെന്നും, ഇത് മേഖലയിൽ പട്ടിണി വർധിക്കാൻ കാരണമാകുന്നുണ്ടെന്നും യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. ഇസ്രായേലിന്റെ ഈ നീക്കത്തിനെതിരെ ലോകരാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. കൂടാതെ, ഗാസയിലെ ജനതയെ ബന്ദികളാക്കുന്നതിനെതിരെ അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾ നിലപാട് കടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Related Articles

Back to top button
error: Content is protected !!