തിരുവനന്തപുരം: ഓട്ടോ റിക്ഷ പെർമിറ്റിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സർക്കാർ തീരുമാനം വിവാദമാകുന്നു. ജില്ലാ പരിധി നീക്കിയതോടെ കേരളം മുഴുവൻ ഓട്ടോ റിക്ഷകള്‍ക്ക് സർവീസ് നടത്താം എന്നതാണ് ഏറ്റവും പ്രകടമായ വ്യത്യാസം. ഓട്ടോ റിക്ഷ ഇൻ ദ സ്റ്റേറ്റ് എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.
പെർമിറ്റിൽ ഇളവ് ലഭിക്കാൻ ഓട്ടോ റിക്ഷ സ്റ്റേറ്റ് പെർമിറ്റ് ആയി രജിസ്ട്രർ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന നിബന്ധനയുമുണ്ട്. ഗതാഗത കമ്മിഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അഥോറിറ്റി സെക്രട്ടറിയും ചേർന്നാണ് ഈ തീരുമാനമെടുത്തത്.
നിയന്ത്രിച്ചിരുന്നത് അപകട സാധ്യത കണക്കിലെടുത്ത്
ഓട്ടോ റിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്തായിരുന്നു പെർമിറ്റ് നിയന്ത്രിയിച്ചിരുന്നത്. എന്നാൽ, പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു.
റോഡുകളിൽ ഓട്ടോയ്ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്. അതിവേഗ പാതകളിൽ വാഹനങ്ങള്‍ പായുമ്പോള്‍ ഓട്ടോകള്‍ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിരുന്നു. അഥോറിറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടിക്കാട്ടി. പക്ഷേ, ഇതെല്ലാം തള്ളിയാണ് പുതിയ തീരുമാനം.
ആവശ്യപ്പെട്ടതും എതിർക്കുന്നതും സിഐടിയു
ഇതിനോട് സിഐടിയു ശക്തമായ എതിർപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. കേരള സ്റ്റേറ്റ് ഓട്ടോ – ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി ഒരിടത്തും ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് കൊടുക്കണമെന്ന് നിവേദനം നൽകിയിട്ടില്ലെന്നും വ്യക്തമാക്കി. നിലവിലുള്ള 20 കിലോമീറ്റർ നിന്നും 30 കിലോമീറ്റർ ആക്കണമെന്നാണ് സിഐടിയു ആവശ്യപ്പെട്ടത്.
സംസ്ഥാന പെർമിറ്റ് കൊടുത്താൽ അപകട സാധ്യത കൂടാനും ഈ മേഖലയിൽ സ്ഥിരമായി തൊഴിൽ ചെയ്തു വരുന്നിടത്ത് പുതിയ തൊഴിലാളികൾ എത്തുമ്പോൾ സംഘർഷമുണ്ടാകാനും ഇടയുണ്ട്. അതിനാൽ ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിവേദനം നൽകി.
വിശദീകരണം സാങ്കേതികം
സ്റ്റേറ്റ് വൈഡ് പെർമിറ്റ് അനുവദിച്ച് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റി ജൂലൈ 10ന് ചേർന്ന യോഗത്തിന്‍റെ തീരുമാനങ്ങളടങ്ങുന്ന മിനിട്സ് കഴിഞ്ഞ ദിവസമാണ് ഗതാഗത കമ്മിഷണറേറ്റ് പുറത്തുവിട്ടത്. സാങ്കേതിക സൗകര്യം ഒട്ടുമില്ലാത്ത പഴയകാല ഓട്ടോകൾ നിരത്തിലുണ്ടായിരുന്ന കാലത്താണ് പെർമിറ്റുകൾ ജില്ലാ അടിസ്ഥാനത്തിൽ പരിമിതപ്പെടുത്തിയത്. ഇപ്പോഴുള്ള ഓട്ടോകളെല്ലാം അത്യാധുനിക സംവിധാനങ്ങളുള്ളതായതിനാൽ പെർമിറ്റ് സംസ്ഥാന അടിസ്ഥാനത്തിലാക്കണം എന്നായിരുന്നു എസ്ടിഎക്ക് മുന്നിലെത്തിയ ആവശ്യം.
പഴയകാല ഓട്ടോകളിൽ ഡ്രൈവറുടെ സീറ്റിന് താഴെയായാണ് എൻജിൻ. ഒരു മണിക്കൂർ ഓടുമ്പോഴേക്കും എൻജിൻ ചൂടായി വാഹനം നിർത്തിയിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അതത് ജില്ലകളിൽ പെർമിറ്റ് പരിമിതപ്പെടുത്തിയത്. ഇപ്പോഴിറങ്ങുന്ന ഓട്ടോകൾക്ക് തുടർച്ചയായി 8 മണിക്കൂർ വരെ ഓടിക്കാൻ കഴിയുമെന്നും വിശദീകരണം.