Novel

ഏയ്ഞ്ചൽ: ഭാഗം 7

രചന: സന്തോഷ് അപ്പുകുട്ടൻ

“വഷളൻ ”

ദേഷ്യത്തോടെ പറഞ്ഞു കൊണ്ട്,
തൻ്റെ കാതിൽ നിന്ന് പൊടുന്നനെ തന്നെ ചുണ്ടിലേക്ക് അമർന്ന ആദിയുടെ ചുണ്ടിലേക്ക് ഒരു കടിയും കൊടുത്തു അവനെ
ഇടംകൈ കൊണ്ട് ഉന്തി തള്ളിമാറ്റി വേദ.

പ്രതീക്ഷിക്കാതെയുള്ള വേദയുടെ ആ നീക്കത്തിൽ ആദിയൊന്നു പുറകിലേക്ക് നീങ്ങുകയും, വേദന കൊണ്ട് അവൻ്റെ കണ്ണിൽ നിന്ന് ചുടുദ്രാവകം പുറത്തേക്ക് കുതിച്ചു ചാടുകയും ചെയ്തു.

” അച്ചൂ… പുറത്തെ ലൈറ്റൊക്കെ ഇട്ടോ… കള്ളൻമാർ ഇറങ്ങീട്ടുണ്ടെന്നാ കേട്ടത് ”

പൊടുന്നനെ ഉയർന്ന
ശബ്ദം കേട്ട്, ആ ഭാഗത്തേക്ക് ജാള്യതയോടെ ആദിയും, അവളും നോക്കി.

തൊട്ടടുത്തുള്ള നബീസയുമ്മയുടെ, അടുക്കള പടിയിൽ ഇങ്ങോട്ട് തന്നെ നോക്കി നിൽക്കുന്ന ഷാഹിനയെ, നിറം മങ്ങിയ വെളിച്ചത്തിൽ കണ്ടതും, ആദിയെ ഒന്നു ക്രൂരമായി നോക്കി, വേദ വീട്ടിലേക്കു കൈയിൽ പിടിച്ചിരുന്ന ബാഗുമായി ഓടി കയറി…

പതറി നിൽക്കുന്ന ആദിയെ കണ്ടതും, ഒരു പുഞ്ചിരിയോടെ തലയാട്ടി ഷാഹിന അകത്തേക്കു കയറി.

തനിക്ക് ആവേശം കൂടിയോ എന്ന ചിന്തയിൽ
നിമിഷങ്ങളോളം അവിടെ തന്നെ നിശ്ചലമായി നിന്ന ശേഷം അവൻ പതിയെ വീട്ടിനകത്തേക്ക് കടന്നു.

ചോരയുടെ രുചി വായിലേക്കെത്തിയതും, അവൻ, പൊടുന്നനെ കണ്ണാടിക്കു മുന്നിൽ ചെന്നു നോക്കി…

ചുണ്ട് മുഴുവൻ രക്തം കണ്ടതും, അവൻ മുഖം കഴുകി നോക്കിയതും ഞെട്ടി…

ചുണ്ടിൽ ,അവളുടെ പല്ലുകളാഴ്ന്ന സ്ഥലം താഴ്ന്നിരിക്കുന്നു….

കണ്ണാടിയിൽ നോക്കി, വേദയുടെ ദന്തക്ഷതമേറ്റ ചുണ്ടുകൾ പതിയെ തലോടുമ്പോൾ, ഒരു പുഞ്ചിരി പാതിവിരിഞ്ഞിരുന്നു അവൻ്റെ മുഖത്ത്….

സുഖമുള്ള വേദനയുടെ ലഹരി, മനസ്സിൽ നിമിഷം നേരം കൊണ്ടു പടർന്നു പന്തലിക്കുന്നത് അവനറിഞ്ഞു…

” ഇങ്ങിനെ ഭംഗീം നോക്കി നിന്നാ മതിയോ ചേട്ടാ… ഊണുകഴിക്കേണ്ടേ? ആ ചേച്ചിയ്ക്ക് വിശന്നിരിക്കാവും”

പിന്നിൽ നിന്ന് അശ്വതിയുടെ ശബ്ദം കേട്ടതും, അവൻ ഞെട്ടിത്തിരിഞ്ഞ് അവളെ നോക്കി വിളറി ചിരിച്ചു…

” കഴിക്കാലോ?”

ചുണ്ടുകൾ പൊത്തിപിടിച്ച് പറയുമ്പോൾ, അവൻ്റെ കണ്ണുകൾ പ്രതീക്ഷയോടെ അടുക്കളയിലേക്ക് നീണ്ടു.

ഒന്നും അറിയാത്ത മട്ടിൽ, സിങ്കിലിട്ടിരുന്ന പാത്രങ്ങൾ കഴുകുന്ന അവളെ കണ്ടതും, എന്നോ,കൂട്ടം തെറ്റി പോയ മോഹപക്ഷികൾ മനസ്സിലേക്ക് പറന്നിറങ്ങുന്നതുപോലെ അവനു തോന്നി…

” ചേച്ചി നാളെ പോകാണെന്നു പറഞ്ഞു ”

അശ്വതി പറഞ്ഞപ്പോൾ ഒരു ഞെട്ടലോടെ അവളെ നോക്കി ആദി.

” ഇത്ര പെട്ടെന്ന് പോകാനുള്ള കാര്യം എന്താണെന്ന് പലവട്ടം ചോദിച്ചിട്ടും പറഞ്ഞില്ല… ആ കണ്ണ് മുഴുക്കെ നിറഞ്ഞിരിക്കുകയാ.. ”

അശ്വതിയുടെ സംസാരം കേട്ടിരിക്കെ, അവൻ്റെ കണ്ണുകൾ അടുക്കളയിൽ പണിയെടുക്കുന്ന വേദയിലേക്ക് നീണ്ടു…

അച്ചു പറഞ്ഞത് ശരിയാണ്….

ഇടയ്ക്കിടെ അവൾ തേങ്ങുന്നത്, ആ ശരീരചലനങ്ങളിൽ നിന്നറിയാം…

കൈപ്പത്തികൊണ്ട് ഇടയ്ക്കിടെ മിഴിനീർ തൂത്തെറിയുന്നുണ്ട്….

” അങ്ങിനെ പെട്ടെന്ന് പോകാൻ, അതിനു മാത്രം ഇവിടെ എന്താ ഇപ്പോ സംഭവിച്ചത്?”

കുറ്റവാളിയോടെന്ന പോലെയുള്ള അവളുടെ ചോദ്യം കേട്ട് ആദി പരുങ്ങി…

” കടലിൽ നിന്നും രക്ഷിക്കും മുൻപ് ആ ചേച്ചിയെ ചേട്ടന് അറിയോ? നിങ്ങൾ തമ്മിൽ ഇടപഴുകുന്നതിൻ്റെ രീതി കണ്ടിട്ട് ചോദിച്ചതാ…”

ഉത്തരത്തിന് കാത്തു നിൽക്കാതെ, ആദിയെ അമർത്തിയൊന്നു നോക്കി അവൾ നടന്നതും, ഒരു നിമിഷം നിന്നു അവൾ തിരിച്ചു വന്നു.

“എന്തായാലും ആ ചേച്ചിയെ എനിക്കിഷ്ടാ… അച്ഛനും ഇഷ്ടാ… നബീസുമ്മയ്ക്കും, ഷാഹിക്കും, ബഷീർക്കക്കും അഗസ്റ്റിൻ ചേട്ടനും, മേരി ചേച്ചിക്കും ഇഷ്ടാ… എന്തിന് തീരത്തുള്ളവർക്കൊക്കെ ആ ചേച്ചിയെ ഒരുപാടിഷ്ടാ… ”

വാക്കുകൾ പതറുന്നുവെന്ന് തോന്നിയപ്പോൾ അവളൊരു നിമിഷം നിർത്തി കണ്ണുനീർ തുടച്ചു.

“പോകുന്നെന്നു കേക്കുമ്പം മനസ്സിലൊരു വിങ്ങലാ… ഒരുപാടു കാലം ഒന്നിച്ചുണ്ടായിരുന്ന ഒരാൾ പെട്ടെന്നങ്ങ് വേർപെട്ടു പോകുമ്പോഴുള്ള നെഞ്ചു നീറ്റം ഇപ്പോഴേ തുടങ്ങി….”

“അച്ചൂ.. നീ എന്തൊക്കെയാണീ പറയുന്നത്?…

ആദി വാക്കുകൾ കിട്ടാതെ പതറി…

” ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്? തീരത്ത് വെച്ച് അഗസ്റ്റിൻ ചേട്ടൻ നിങ്ങളെ കണ്ടോ? ആ കാഴ്ച കുറച്ചു നേരം മുൻപ് ഈ മുറ്റത്ത് ഞാനും കണ്ടതാ.. ഷാഹി വിളിച്ചു പറയും മുൻപെ ”

തീ പാറും കണ്ണുകളോടെ അശ്വതി പറഞ്ഞപ്പോൾ ആദി ചൂളിപോയി!

അവൻ്റെ മുഖം വിളറി വെളുത്തതോടൊപ്പം, മറുപടി പറയാൻ വാക്കുകൾ കിട്ടാതെ പതറുന്നതും കണ്ട്, അടുക്കളയിൽ നിന്ന് ആ-രംഗം ഒളികണ്ണിട്ടു നോക്കിയിരുന്ന വേദയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….

” ഈ നാടകം കളിക്കുന്ന നിങ്ങളോട്
അഗസ്റ്റിൻ ചേട്ടൻ പറഞ്ഞതേ എനിക്കും പറയാനുള്ളത്… തീയില്ലാതെ പുകയുണ്ടാവില്ലെന്ന് ”

അതും പറഞ്ഞ് ഒന്നു അമർത്തി മൂളി, അടുക്കളയിലേക്ക് അവൾ ചവിട്ടി കുലുക്കി നടന്നതും, ആ കാഴ്ചകൾ അറിയാത്ത പോലെ കണ്ടു നിന്നിരുന്ന വേദ പൊടുന്നനെ നോട്ടം മാറ്റി ജോലിയിൽ വ്യാപൃതയായി.

ഒരു നിമിഷം മരവിപ്പോടെ നിന്ന ശേഷം ആദി
കലുഷിതമായ മനസ്സോടെ മൊബൈൽ എടുത്ത് മുറ്റത്തേക്ക് ഇറങ്ങി….

വേദയെന്ന പെണ്ണിൻ്റെ മനസ്സ് ഒരിക്കലും പിടി തരാതെ വഴുതിപോകുകയാണ്….

ഒന്നിച്ചു ജീവിക്കാനിഷ്ടമെന്നു പറഞ്ഞവൾ ഒന്നു തൊട്ടപ്പോഴേക്കും പൊട്ടിത്തെറിച്ചിരിക്കുന്നു…

ഇരുട്ട് വീണ തീരത്ത്, തിരകൾ പോലെ പൊട്ടിച്ചിരിച്ച് നെഞ്ചോരം ചേർന്ന് കിടന്നവൾ, അടുക്കളയിൽ നിന്ന് സങ്കടത്തോടെ തേങ്ങുന്നു….

ഏയ്ഞ്ചൽ എൻ്റെ ജീവനാണെന്നു പറഞ്ഞവൾ, എപ്പോഴും
വിളിക്കുന്നത് അവൾ ആണെന്നറിഞ്ഞപ്പോൾ, പിണങ്ങി അകന്നിരിക്കുന്നു….

എന്താണ് തനിക്കു ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകാതെ അവൻ പതിയെ
മുറ്റത്തേക്ക് ഇറങ്ങി…

കടലിൻ്റെ സംഗീതം പതിയെ കേൾക്കുന്നുണ്ട് …

നേർത്ത കാറ്റു വന്ന് തെങ്ങിൻ തലപ്പുകളിൽ ഊഞ്ഞാലാടുന്നു…

ജീവിതത്തിൽ ഒരുപാട് മോഹങ്ങൾ കൊണ്ട് മനസ്സിൽ പാൽനിലാവ് പൊഴിച്ചവൾ, ഒരൊറ്റ വാക്ക് കൊണ്ട് ഇരുട്ട് നിറച്ചിട്ടു ഇറങ്ങി പോയിട്ട് മാസങ്ങൾ ആകുന്നേയുള്ളൂ…

ഇനിയൊരു പ്രണയദുരന്തം താങ്ങാൻ കഴിയില്ലായെന്ന് മനസ്സിലായപ്പോൾ ആ മൃദുലവികാരം ഉപേക്ഷിച്ചതാണ്….

പക്ഷേ പതിയെ വന്നൊരു തിര, തീരത്തെ പുൽകുന്നതു പോലെ, വേദയെ പറ്റിയുള്ള ചിന്തകൾ മനസ്സിലേക്ക് പടർന്നിറങ്ങാൻ തുടങ്ങിയിരിക്കുന്നു…

ആരാണെന്നറിയാത്ത എവിടെ നിന്ന് വന്നതെന്നറിയാത്ത ഒരു പാവം പെൺകുട്ടിയായതുകൊണ്ടാണോ അവളെ സ്വന്തമാക്കാൻ മനസ്സ് കൊതിക്കുന്നത്?

ചിന്തകൾ മനസ്സിലേക്ക് തിരകൾ പോലെ ഇരച്ചുകയറുന്നുവെന്നു തോന്നിയപ്പോൾ അവൻ തല കുടഞ്ഞു,പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു.

“ആദീ… ”

ചെറുകാറ്റിൻ്റെ താളത്തോടെ ഒരു വിളിയുയർനതും, അവൻ മൊബൈലിൽ നിന്നു തലയുയർത്തി.

വേദയുടെ കണ്ണുകളെ നേരിടാനാവാതെ അവൻ
പൊടുന്നനെ മുഖം കുനിച്ചു.

“ഊണ് കഴിക്കാൻ വാ
ആദീ…”

” ഇട്ടു വെച്ചോളൂ… ഞാൻ അഗസ്റ്റിനെ ഒന്നു വിളിച്ചിട്ടു വരാം ”

മൊബൈൽ എടുത്ത് കലിയോടെ കീപാഡ് അമർത്തുന്ന ആദിയെ കണ്ടതും അവൾ പുഞ്ചിരിച്ചു.

“കൊടുക്കുമ്പോൾ എൻ്റേതും ചേർത്ത് കൊടുക്കണേ… അല്ല പിന്നെ ഇങ്ങിനെയുള്ള കാര്യങ്ങൾ പാട്ടാക്കാൻ പാടുണ്ടോ?”

വേദ കുസൃതിയോടെ ചോദിച്ചതും, ആദി അമർഷത്തോടെ അവളെ നോക്കി പൊട്ടിയ ചുണ്ടിൽ പതിയെ തലോടി..

” ഇത്തിരി ആഴം കൂടിയോ എന്നൊരു സംശയം ഇല്ലാതില്ല”

ചോദ്യത്തോടൊപ്പം മുറ്റത്തേക്കിറങ്ങി വന്ന് ആദിയുടെ ചുണ്ടിൽ അവൾ പതിയെ തലോടിയപ്പോൾ അവൻ വേദനയോടെ ഒരു നിമിഷം പിന്നോട്ടു നീങ്ങി നിന്നു…

“പേടിക്കണ്ടട്ടോ… നീറുന്ന വേദന മാത്രമേ ഉണ്ടാകൂ., സെപ്റ്റിക് ആകില്ല”

പറഞ്ഞതും അവൾ ചുണ്ടുകൾ പിളർത്തി അവനെ കാണിച്ചു…

” ഇതു പോലെയുള്ള മുല്ലമൊട്ടുകൾ പോലെയുള്ള പല്ലു കൊണ്ട് കടിയും കിട്ടാൻ ഒരു ഭാഗ്യം വേണം”

പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് വേദ, തൻ്റെ മുഖം ആദിയുടെ മുഖത്തോടടുപ്പിച്ച്
മുറിഞ്ഞ ചുണ്ടിലേക്ക് ഊതി തുടങ്ങിയപ്പോഴെക്കും,, ഒരു അനക്കം കേട്ട് അവർ കാതോർത്തു.

” അച്ചൂ…. ”

നബീസുമ്മയുടെ വീട്ടിൽ നിന്ന് ഷാഹിനയുടെ വിളി വീണ്ടും ഉയർന്നപ്പോൾ,
“ഈ പണ്ടാരത്തിന് ഉറക്കോം ഇല്ലേ?” എന്ന് പതിയെ ചോദിച്ചു കൊണ്ട് വേദ വീടിൻ്റെ അകത്തേക്ക് ഓടി കയറി…

” എന്താ ഷാഹീ വിളിച്ചത്?”

അടുക്കളയിൽ നിന്നിറങ്ങിയ അശ്വതി ചോദിച്ചപ്പോൾ, ഷാഹി പുഞ്ചിരിയോടെ ആദിയെ നോക്കി.

“ചേട്ടൻ ഒറ്റയ്ക്ക് നിന്നു മഞ്ഞുകൊള്ളുന്നത് നീ കാണുന്നില്ലേ? വല്ല അസുഖം പിടിക്കും മുൻപ് ചേട്ടനെ പിടിച്ചു വലിച്ച് അകത്തേക്ക് കൊണ്ടു പോ അച്ചൂ “…

ഷാഹിയുടെ ആക്കിയുള്ള സംസാരം കേട്ടതും, ആദി അവളെ ദേഷ്യത്തോടെ നോക്കിയതും, അവൾ ചിരിച്ചു കൊണ്ട് അകത്തേക്ക് ഓടി കയറി…..

“നീ അകത്തേക്ക് പൊയ്ക്കോ… ഞാൻ അഗസ്റ്റിനെ ഒന്നു വിളിക്കട്ടെ “…

അശ്വതിയോട് പറഞ്ഞു കൊണ്ട് അവൻ മൊബൈൽ ചെവിയോരം ചേർത്തു…

വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലെന്ന് കണ്ട്, അവൻ നിരാശയോടെ തല ഉയർത്തിയതും, മുന്നിൽ വേദയെ കണ്ടതും ഒന്നു പരുങ്ങി…

” നാളെ പുലർച്ചെ അമ്പലം വരെ ഒന്നു കൂട്ടു വരണം ”

വേദ പതിയെ പറഞ്ഞതും, അവൻ അവളിൽ നിന്ന് നോട്ടം മാറ്റി.

” അച്ചു വരും… അവളെ കൊണ്ടു പൊയ്ക്കോ…. ”

” അവൾക്കു വരാൻ പാടില്ലാത്തതു കൊണ്ടാണ് ഞാൻ ആദിയെ വിളിച്ചത് … അപ്പോൾ മറക്കണ്ട… നാളെ അഞ്ച് മണി ”

ആദിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ, അവൾ വേഗം അകത്തേക്കു കയറിയതും, ആദിയും പതിയെ പിന്നാലെ നടന്നു.

ആദിയും, വേദയും, അച്ചുവും രാത്രിയിൽ ഊണുകഴിക്കാനൊരുങ്ങുമ്പോഴായിരുന്നു ബഷീർ കടന്നു വന്നത്…

“ആദീ… ദിവാകരേട്ടൻ്റെ മോൾടെ കല്യാണ
തലേദിവസം അല്ലേ ഇന്ന്… നമ്മൾക്കൊന്നു പോണ്ടേ… എല്ലാവരും അങ്ങോട്ട് പോയിട്ടുണ്ട്?”

ബഷീർ പറഞ്ഞതും ആദി
തലയിൽ കൈവെച്ചു.

” ആ കാര്യം ഞാൻ മറന്നു ബഷീറേ… അപ്പോ പിന്നെ ഭക്ഷണം അവിടെ നിന്നാക്കാം അല്ലേ?”

ആദി പറഞ്ഞു കൊണ്ട് വേദയെ ഒന്നു പാളി നോക്കിയതും, അവൾ ചിരിയോടെ പൊടുന്നനെ ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി അവളുടെ ചുണ്ടത്ത് ചൂണ്ടുവിരൽ കൊണ്ട് രണ്ട് തട്ട് തട്ടിയപ്പോഴാണ്, ബോധിക്ക്, തൻ്റെ ചുണ്ടിൻ്റെ ഇപ്പോഴത്തെ കണ്ടീഷനെ പറ്റി ബോധം വന്നത്…

കല്യാണപന്തലിൽ ചെന്നാൽ കൂട്ടുക്കാരുടെ കളിയാക്കൽ കിട്ടുമെന്നറിഞ്ഞ ആദി ചുണ്ട് കൈകൊണ്ട് മറച്ച് ദയനീയതയോടെ ബഷീറിനെ നോക്കി…

അവരുടെ നാടകം കണ്ട് ബഷീറിനു ചിരി പൊട്ടിയെങ്കിലും, അവനത് വിദഗ്ദമായി മറച്ചു.

” അല്ലെങ്കിലും നിനക്ക് ഇപ്പോൾ ഒന്നും ഓർമ്മയില്ലല്ലോ? ഈ പോക്ക് പോയാൽ ബ്രഹ്മി കഴിക്കേണ്ടി വരുമെന്നാ തോന്നുന്നത്… ങ്ങ്ഹും… നടക്കട്ടെ… എന്നാ ഞാനങ്ങോട്ട് ”

പറഞ്ഞു നിർത്തി രണ്ടാളെയും നോക്കി ചിരിച്ച് ബഷീർ പോകുമ്പോൾ, വേദ ആദിയെ നോക്കി പുരികമുയർത്തിയതും, അവൻ ഒന്നും മിണ്ടാതെ ചോറിലേക്ക് മുഖം പൂഴ്ത്തി…

“ഇന്നത്തെ
മുരിങ്ങതോരൻ എങ്ങിനെയുണ്ട് ചേട്ടാ?”

അശ്വതിയുടെ ചോദ്യം കേട്ടതും, വൈകീട് മുരിങ്ങ കായ് മുറിച്ചത് അശ്വതിയാണെന്ന് കണ്ടിരുന്ന അവൻ സൂപ്പർ എന്ന് വിരലുയർത്തി കാട്ടി.

“വേദ ചേച്ചിയാ വെച്ചത് ”

അശ്വതിയുടെ മറുപടി കേട്ടതും അവൻ അത്ഭുതത്തോടെ അവളെ നോക്കി…

“ഇതൊക്കെ ചെറുത്…”

അവൾ പുഞ്ചിരിയോടെ അവനെ നോക്കി കണ്ണടച്ചു.

“പക്ഷേ ഇതിലും വലിയ പരീക്ഷണങ്ങൾ കാണിച്ച് ആദിയെ ഞെട്ടിക്കാൻ ഇനി എനിക്കു സമയമില്ലല്ലോ? നാളെ അമ്പലത്തിൽ നിന്നു വന്നു കഴിഞ്ഞാൽ പിന്നെ ഞാൻ
ഇവിടം വിടുകയാണല്ലോ?”

വേദയുടെ സംസാരം കേട്ടതും ആദിയുടെ നെഞ്ചൊന്ന് അറിയാതെ പിടഞ്ഞു…

ചോറ് കൂട്ടി കുഴച്ചിരുന്ന കൈ നിശ്ചലമായി…

കണ്ണുകൾ ചുട്ട് പുകയുന്നതു പോലെ തോന്നിയപ്പോൾ, അവൻ ഒരു വിളറിയ ചിരിയോടെ വേദയെ നോക്കി…

ചോറ് കഴിക്കുന്നത് നിർത്തി അശ്വതി, കുറച്ചു നേരം വേദയെ തന്നെ നോക്കി.

“പറയാതെ വന്നവർക്ക് പറഞ്ഞു കൊണ്ട് ഒരു മടക്കം വേണ്ടിയിരുന്നില്ല… പറയാതെ തന്നെ പോകാമായിരുന്നു… പക്ഷേ… ”

അവൾ പറയുന്നത് നിർത്തി, പാതി നിർത്തിയ ചോറ് പാത്രവുമെടുത്ത് കസേരയിൽ നിന്നെഴുന്നേറ്റു.

“പക്ഷേ പോകുന്നത് ഞങ്ങൾ ഉണരും മുൻപായിരിക്കണം… കാരണം ചേച്ചി ഇവിടെ വന്നതും, നമ്മൾ തമ്മിൽ കണ്ടതും, പിന്നെ പോയതും ഒരു സ്വപ്നമാണെന്ന് വിചാരിക്കാൻ അങ്ങിനെ ചെയ്യുന്നതാണ് നല്ലത് ”

ഇടറിയ വാക്കുകളോടെ അച്ചു അതും പറഞ്ഞു അടുക്കളയിലേക്ക് നടന്നപ്പോൾ, വേദയുടെ കണ്ണിൽ അറിയാതെയൊരു നനവ് പടർന്നു….

കുറച്ചു നിമിഷം അവർക്കിടയിൽ മൗനം തങ്ങി നിന്നു….

“ഏയ്ഞ്ചൽ എന്തിനാ വിളിക്കുന്നത്?

മൗനത്തെ മുറിച്ചുകൊണ്ട് അവൾ രൂക്ഷമായി
ചോദിച്ചതും, ആദി അറിയില്ലെന്ന മട്ടിൽ തലയിളക്കി…

“എത്ര നാളായി വിളിക്കാൻ തുടങ്ങിയിട്ട്?”

“വേദ വിളിച്ച ആ ദിവസം അവൾ ഈ കടപ്പുറത്ത് വന്നിരുന്നു… ഒരു കാറിൽ…. അതീ പിന്നെയാണ് അവൾ വിളി തുടങ്ങിയത്…”

ആദി പറഞ്ഞതും അവൾ എന്തോ ആലോചിച്ച് തല കുലുക്കി..

“നീ എന്തിനാ ഇത്രയും ടെൻഷനടിക്കുന്നത്? അവൾ നിൻ്റെ ഉറ്റ ചങ്ങാതിയെന്നല്ലേ പറഞ്ഞത്?”

ആദി പറഞ്ഞപ്പോൾ അവൾ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു.

“അതെ എൻ്റെ ജീവൻ തന്നെയാണ് അവൾ.. എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതും അവൾ തന്നെയാണ്… അതും കൂടാതെ ദരിദ്രയായ എൻ്റെ എല്ലാ ചിലവും വഹിക്കുന്നതും ഏയ്ഞ്ചൽ തന്നെയാണ് .. അതിൻ്റെയൊക്കെ നന്ദി മനസ്സിലുണ്ടായിട്ടും ഞാൻ പറയുകയാണ് ഇനി അവളുടെ കോൾ വന്നാൽ എടുക്കരുത്”

വേദയുടെ വാക്ക് കേട്ടതോടെ അവൻ അവളെ രൂക്ഷതയോടെ നോക്കി…

“ഈ പറയുന്നത് നന്ദികേടാണ് വേദാ.. എന്തിൻ്റെ പേരിലായാലും…”

ആദിയുടെ വാക്ക് കേട്ടതും അവളുടെ ചുണ്ടിൽ ഒരു പുച്ഛചിരി വിടർന്നു.

“നന്ദികേടാണെന്ന് എനിക്കറിയാം ആദീ… അത് ഇപ്പോൾ തൊട്ടല്ല അവളോട് ഞാൻ കാണിച്ചു തുടങ്ങിയത്… ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് യാത്ര തുടങ്ങിയ ഞാൻ, അവളോട് പറയാതെ ഇവിടേക്ക് വന്നതു മുതൽ അത് കാണിച്ചു തുടങ്ങി. ഇവിടെയെത്തിയ സന്തോഷത്തിൽ അവളെ മനപൂർവം മറക്കാൻ ശ്രമിച്ചപ്പോൾ… ആദിയ്ക്കു വരുന്ന അവളുടെ ഫോൺകോൾ ഞാൻ എടുക്കാൻ സമ്മതിക്കാതിരുന്നപ്പോൾ എല്ലാം നന്ദികേടായിരുന്നു ഞാൻ കാണിച്ചത്…”

അവൾ പറഞ്ഞു നിർത്തി ആദിയെ ഒന്നു സൂക്ഷിച്ചു നോക്കി.

“എന്നെ വിവാഹം കഴിക്കാൻ ഉദ്യേശിച്ച്, ഗൾഫിൽ നിന്നും ലീവിനു വരുന്ന
ക്രൂരനായ എൻ്റെ മുറ ചെറുക്കനിൽ നിന്ന് രക്ഷപ്പെടാൻ മാസങ്ങൾക്കു മുൻപേ ഏയ്ഞ്ചൽ പറഞ്ഞ ഐഡിയ ആണ് ഈ ഒളിച്ചു താമസം… പക്ഷേ അന്നത് ഞാൻ ചിരിച്ചു തള്ളി… പക്ഷേ ഇന്നത് അവളറിയാതെ ഞാൻ ചെയ്യുന്നു… അതും നന്ദികേട് തന്നെയാണ് ”

പറഞ്ഞു നിർത്തി, അവനെ നോക്കി ഒന്നു കണ്ണടച്ചു
അവൾ ജഗ്ഗിൽ നിന്നു വെള്ളമെടുത്ത് വായിലേക്ക് കമഴ്ത്തി.

” ഒഴിവുവേള ആസ്വദിക്കാൻ അവൾ എനിക്ക് തന്നയച്ച കുറച്ചു സാധനങ്ങളുണ്ട് ആ ബാഗിൽ… അതും കൂടി കടലിലൊഴുക്കുന്നതോടെ മാത്രമേ എൻ്റെ നന്ദികേട് പൂർണതയിലെത്തൂ…. ഒഴുക്കിയിരിക്കും ഞാൻ ”

വേദയുടെ ദൃഢമായ സ്വരം കേട്ടപ്പോൾ അവന് അവളോട് മനസ്സിൽ നീരസം തോന്നി…..

“ആദിക്ക് എന്നോട് നീരസം തോന്നരുത്… ജീവൻ തന്നവൾ ആയാലും, കരളിൻ്റെ പാതി മുറിച്ചു തന്നവളായാലും ചില സന്ദർഭങ്ങളിൽ അവരെ നമ്മൾക്ക് മനപൂർവം മറക്കേണ്ടി വരും…. പ്രത്യകിച്ച് ഇങ്ങിനെയുള്ള ബന്ധത്തിൽ ”

പറഞ്ഞതും അവൻ്റെ കൈയിൽ പതിയെ പിടിച്ചു അവൾ…

അവളുടെ മിഴികളിൽ പ്രണയതിരമാലകൾ പതിയെ ഇളകുന്നത് അവൻ കണ്ടു….

മൃദുലമായ ആ കൈപ്പത്തികൾ ഒരു റോസാപ്പൂ പോലെ തൻ്റെ കൈപ്പത്തിക്ക് മുകളിൽ ഇരിക്കുന്നത് അവൻ അത്ഭുതത്തോടെ നോക്കി…

നാലുകണ്ണുകൾ തമ്മിൽ, ഇമ ചിമ്മാതെ നോക്കിയിരിക്കുന്ന നിമിഷങ്ങൾ….

പൊടുന്നനെയാണ് ശക്തിയേറിയ കാറ്റിനോടൊപ്പം, മഴ ആർത്തലച്ചു വന്നതും, കറൻറ് പോയതും….

ഇരുട്ട് നിറഞ്ഞ മുറിയിൽ പരസ്പരം കാണാൻ കഴിയാതെ ഇരിക്കുന്ന അവരുടെ ചേർത്തുവെച്ച
കൈകൾ തമ്മിൽ ശക്തിയോടെ മുറുകുകയായിരുന്നു…

പൊടുന്നനെയാണ് മൊബൈൽ അടിച്ചതും, ഇരുട്ടിനെ കീറി മുറിച്ചെത്തിയ മൊബൈലിൻ്റെ ഡിസ്പ്ലേയിൽ,ഏയ്ഞ്ചൽ കോളിങ് ” എന്നു കണ്ടതും വേദയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു…

മൊബൈലിൽ നിന്നുതിരുന്ന പ്രകാശത്തിൽ, വേദയുടെ മുഖത്ത് മിന്നിമറയുന്ന ഭാവഭേദം വകവെക്കാതെ ആദി ആ ഫോൺ എടുക്കാൻ വേണ്ടി കൈ അവളുടെ കൈകൾക്കടിയിൽ നിന്ന് സ്വതന്ത്രമാക്കാൻ ശ്രമിച്ചതും, അവൾ പിടുത്തം മുറുക്കി.

“ഏയ്ഞ്ചലിൻ്റെ കോൾ ആണെന്ന് എനിക്ക് അറിയാം……. പക്ഷേ
ആദി അത് അറ്റൻഡ് ചെയ്യുകയാണെങ്കിൽ, അച്ചു പറഞ്ഞതുപോലെ നിങ്ങൾ ഉണരും മുൻപെ ഞാൻ പോകും…

വേദയുടെ ഉറച്ച സംസാരവും കേട്ട് ആദി എന്തു ചെയ്യണമെന്നറിയാതെ, ടേബിളിൽ കിടന്ന് ശബ്ദമുണ്ടാക്കുന്ന മൊബൈലിലേക്ക് നോക്കിയിക്കെ, മറ്റൊരു ദേശത്ത് മൊബൈൽ ആദി എടുക്കുന്നില്ലെന്ന് കണ്ട് അവൾ ടെൻഷനോടെ ഇരിക്കുകയായിരുന്നു…

ആ ടെൻഷനിലും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി പതിയെ പൊട്ടി വിടർന്നു നിൽപ്പുണ്ടായിരുന്നു….

ഏയ്ഞ്ചൽ എന്ന പെൺകുട്ടിയെ കുറിച്ചുള്ള അഭിമാനത്തോടെയുള്ള പുഞ്ചിരി…

അലക്സി കുരുട്ടു ബുദ്ധിയുമായി നടന്നു തുടങ്ങുമ്പോഴെക്കും, ആ കുരുട്ടുബുദ്ധിയിൽ അതിവേഗം ഓടി ഫിനിഷിങ്ങ് ലൈനിലെത്തി, കിതപ്പാറ്റുന്ന ഏയ്ഞ്ചലിൻ്റെ മിടുക്കിനെ പറ്റി ചിന്തിച്ചുള്ള പുഞ്ചിരി……..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button