റാസല്‍ഖൈമയില്‍ സന്ദര്‍ശനത്തിനെത്തിയ കണ്ണൂര്‍ സ്വദേശിയായ യുവാവ് ജബല്‍ ജെയ്‌സ് പര്‍വതത്തില്‍നിന്ന് വീണു മരിച്ചു

റാസല്‍ഖൈമ: കണ്ണൂര്‍ സ്വദേശിയായ യുവാവ് ജബല്‍ ജെയ്‌സ് പര്‍വതത്തില്‍നിന്നു വീണു മരിച്ചു. തോട്ടട വട്ടക്കുളം സ്വദേശിയായ മൈഥിലി സദനത്തില്‍ സായന്ത് മധഥുമ്മലി(32)നെയാണ് പര്‍വതത്തില്‍നിന്നു വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുഎഇ ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് അവധി ആഘോഷിക്കാന്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം രാജ്യത്തെ ഏറ്റവും ഉയരംകൂടിയ പര്‍വതമായ ജബല്‍ ജെയ്‌സില്‍ സായന്ത് എത്തിയത്.
ദുബൈയില്‍ ഓട്ടോ വര്‍ക്‌ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു സായന്ത്. മലമുകളില്‍നിന്നും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. റാസല്‍ഖൈമ പൊലിസ് നടത്തിയ തിരച്ചലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോട്ടോയെടുക്കാന്‍ ശ്രമിക്കവേ കാല്‍തെന്നി താഴേക്ക് പതിച്ചതാവാം മരണത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇന്നലെ നാട്ടിലേക്കു കൊണ്ടുപോയി. രമേശന്‍ സത്യ ദമ്പതികളുടെ മകനാണ്. ഭാര്യ: അനുശ്രീ. സഹോദരി: സോണിമ.