Kerala
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് തടവുകാർക്ക് മൊബൈൽ എറിഞ്ഞു നൽകാൻ ശ്രമം; ഒരാൾ പിടിയിൽ

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരന് മൊബൈൽ ഫോൺ എറിഞ്ഞു കൊടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ജയിൽ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി മതിലിന് മുകളിലൂടെ മൊബൈൽ എറിഞ്ഞ് നൽകാനായിരുന്നു ശ്രമം.
ഇന്നലെ വൈകിട്ടാണ് സംഭവം. മൂന്ന് പേർ ജയിൽ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയത് സിസിടിവി ദൃശ്യങ്ങളിലൂടെ ഉദ്യോഗസ്ഥർ കാണുകയായിരുന്നു. പിന്നാലെ പുറത്ത് ഡ്യൂട്ടിലുണ്ടായിരുന്നവർക്ക് നിർദേശം നൽകി. ഇവർ എത്തിയപ്പോഴാണ് നിരോധിത പുകയില ഉത്പന്നങ്ങളും ഒരു മൊബൈൽ ഫോണും വലിച്ചെറിയുന്നത് കണ്ടത്.
ഉദ്യോഗസ്ഥരെ കണ്ടതോടെ മൂന്ന് പേരും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്ഷയ് വീണതോടെ പിടിയിലായി. ജയിലിലെ രാഷ്ട്രീയ തടവുകാർക്ക് വേണ്ടിയാണ് മൊബൈലും പുകയില ഉത്പന്നങ്ങളും കൊണ്ടുവന്നതെന്നാണ് അക്ഷയ് നൽകിയ മൊഴി