മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനുമെതിരെ വീണ്ടും രാജ്യദ്രോഹ കുറ്റം ചുമത്തി അസം പോലീസ്

പ്രമുഖ മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് വീണ്ടും കേസെടുത്ത് അസം പോലീസ്. മാധ്യമറിപ്പോർട്ടുകൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരല്ലെന്ന സുപ്രീം കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ തടഞ്ഞ കോടതി നിർദേശത്തിന് പിന്നാലെയാണ് ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗുവാഹത്തി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്.
ഓഗസ്റ്റ് 22 ന് ഗുവാഹത്തി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. ഈ മാസം പന്ത്രണ്ടിനായിരുന്നു ഇരുവർക്കുമെതിരെയുള്ള ആദ്യ കേസിൽ സുപ്രീംകോടതിയുടെ നിർണായക നിർദേശം. ഓപ്പറേഷൻ സിന്ദൂറിലെ പിഴവുകളെക്കുറിച്ച് ദി വയറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിലായിരുന്നു ആദ്യത്തെ കേസ്. എന്നാൽ പുതിയ കേസിന്റെ വിശദാംശങ്ങൾ നൽകാൻ അസം പോലീസ് തയ്യാറായിട്ടില്ല.
ഇവർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്നോ ആരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും അവ്യക്തമാണ്. ഇക്കാര്യങ്ങൾ സംബന്ധിച്ച് യാതൊരു തരത്തിലുള്ള പ്രതികരണവും അസം പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. രാജ്യദ്രോഹം അടക്കമുള്ള ആറ് വകുപ്പുകൾ ചുമത്തിക്കൊണ്ടാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.