National

ഈ മാസം 16, 17 തീയതികളിൽ അയോധ്യ രാമക്ഷേത്രം തക‍ർക്കും; ഗുർപത്വന്ത് സിംഗ് പന്നു

അയോധ്യയിലെ രാമക്ഷേത്രം ഉൾപ്പെടെയുള്ള ഹിന്ദു ക്ഷേത്രങ്ങൾ ലക്ഷ്യമിട്ട് ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂവിൻ്റെ ഭീഷണി . നിരോധിത സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന സംഘടന പുറത്തുവിട്ട വിഡിയോയിൽ നവംബർ 16, 17 തീയതികളിൽ ആക്രമണം ഉണ്ടാകുമെന്ന് പന്നൂ മുന്നറിയിപ്പ് നൽകി. കാനഡയിലെ ബ്രാംപ്‌ടണിൽ വെച്ച് റെക്കോർഡ് ചെയ്‌ത വിഡിയോ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെയുള്ള അക്രമം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

“അക്രമ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും” എന്നാണ് വിഡിയോയിൽ പന്നു പറയുന്നത്. ഇന്ത്യയിലെ ഏറ്റവും പുണ്യസ്ഥലങ്ങളിൽ ഒന്നിന് നേരിട്ടുള്ള ഭീഷണിയാണ് പന്നു തൻ്റെ പ്രസ്താവനയിൽ പറഞ്ഞത്.

ഈ വർഷം ജനുവരിയിൽ രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി അവിടെ പ്രാർത്ഥിക്കുന്ന ചിത്രങ്ങളാണ് വിഡിയോയിലുള്ളത്. ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ഖാലിസ്ഥാനി ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കാനഡയിലെ ഇന്ത്യക്കാർക്കും പന്നൂ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

കഴിഞ്ഞ മാസം, നവംബർ 1 നും 19 നും ഇടയിൽ എയർ ഇന്ത്യ വിമാനങ്ങളിൽ പറക്കരുതെന്ന് പന്നൂ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. 1984 ലെ “സിഖ് വംശഹത്യ”യുടെ 40-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പന്നൂ ഭീഷണി മുഴക്കിയത്.

പ്രത്യേക സിഖ് രാഷ്ട്രം എന്ന ആശയം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പന്നൂൻ്റെ എസ്എഫ്ജെ വിവിധ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സാമുദായിക സൗഹാർദം തകർക്കാൻ പന്നു ഇതുവരെ നിരവധി പ്രകോപനപരമായ പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

2020 ജൂലൈയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (UAPA) പ്രകാരം പന്നൂനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യാ ഗവൺമെൻ്റ് ഇയാളുടെ അറസ്റ്റിനായി ഒന്നിലധികം വാറണ്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നിരുന്നാലും, പന്നൂ അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും പ്രവർത്തനം തുടരുന്നു.

Related Articles

Back to top button