പേരിൽ പോലും പാക്കിസ്ഥാൻ വേണ്ടെന്ന് ബേക്കറി ഉടമ; മൈസൂർ പാക് ഇനി മൈസൂർ ശ്രീ

ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ ജയ്പൂരിലുള്ള ഒരു ബേക്കറി, ‘പാക്’ എന്ന് പേരിൽ വരുന്ന മധുരപലഹാരങ്ങളുടെ പേര് മാറ്റി. കടയുടമയുടെ തീരുമാനം അനുസരിച്ച്, ഈ മധുരപലഹാരങ്ങളുടെ പേരിനൊപ്പം ‘പാക്’ എന്നതിന് പകരം ‘ശ്രീ’ എന്ന് ചേർക്കും.
ഇനി മുതൽ ‘മോട്ടി പാക്ക്’ എന്നത് ‘മോട്ടി ശ്രീ’ എന്നും ‘ഗോണ്ട് പാക്ക്’ എന്നത് ‘ഗോണ്ട് ശ്രീ’ എന്നും അറിയപ്പെടും. മധുരപ്രിയരുടെ ഇഷ്ട വിഭവമായ ‘മൈസൂർ പാക്ക്’ ഇനി ‘മൈസൂർ ശ്രീ’ എന്ന പേരിലായിരിക്കും ഈ ബേക്കറിയിൽ വിൽക്കുക.
മധുര പലഹാരങ്ങളുടെ പേരിനൊപ്പമുള്ള ‘പാക്’ എന്ന വാക്കിന് പാകിസ്താനുമായി യാതൊരു ബന്ധവുമില്ല എന്ന വസ്തുത നിലനിൽക്കെയാണ് ബേക്കറി ഉടമയുടെ ഈ നടപടി. കന്നടയിൽ ‘പാക്’ എന്ന വാക്കിന് ‘മധുരം’ എന്നാണ് അർത്ഥം. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷമുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പേരുമാറ്റം.