അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാനിൽ പിടിയിലായ ബി എസ് എഫ് ജവാനെ ഇന്ത്യക്ക് കൈമാറി

അബദ്ധത്തിൽ അതിർത്തി മറികടന്നപ്പോൾ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ ഇന്ത്യക്ക് കൈമാറി. ഏപ്രിൽ 23ന് പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ ആണ് ഇന്ന് രാവിലെ ഇന്ത്യക്ക് കൈമാറിയത്.
രാവിലെ 10.30ന് അമൃത്സറിലെ അട്ടാരി ജോയന്റ് ചെക്ക് പോസ്റ്റ് വഴി പൂർണം കുമാർ ഷായെ ഇന്ത്യക്ക് കൈമാറിയെന്ന് ബിഎസ്എഫ് അറിയിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയാണ് പൂർണം കുമാർ ഷാ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്നതിനിടയിലാണ് അദ്ദേഹം പാക് സൈന്യത്തിന്റെ പിടിയിലായത്.
പഞ്ചാബിലെ ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിൽ നിന്നാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതോടെ പൂർണത്തിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ ധാരണയായതോടെയാണ് ബി എസ് എഫ് ജവാൻ തിരികെ എത്തുന്നത്.