ന്യൂഡല്‍ഹി: സദ്ഗുരു ജഗ്ഗി യേശുദേവിന്റെ നേതൃത്വത്തിലുള്ള ഇഷ ഫൗണ്ടേഷനെതിരായ കേസ് റദ്ദാക്കി സുപ്രീം കോടതി. ഗുരുതര ആരോപണങ്ങളുമായി കോയമ്പത്തൂര്‍ പോലീസ് നടത്തിയ അന്വേഷണങ്ങള്‍ അസ്ഥാനത്താണെന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍. രണ്ട് യുവതികളെ ആശ്രമത്തില്‍ തടവിലാക്കിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്.
39 ഉം 42 ഉം വയസ്സുള്ള രണ്ട് സ്ത്രീകളെ തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി തടവിലാക്കിയെന്നും കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്റെ ആശ്രമത്തില്‍ വെച്ച് അവരെ ‘മസ്തിഷ്‌ക പ്രക്ഷാളനം ‘ (ബ്രെയിന്‍ വാഷ്) ചെയ്യിച്ചെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മദ്രാസ് ഹൈക്കോടതി പോലീസ് അന്വേഷണം ആവശ്യപ്പെടുകയും സ്ത്രീകളെ ചോദ്യം ചെയ്യുകയും ചെയ്തതാണ് ഇപ്പോഴത്തെ സുപ്രീം കോടതിയുടെ അവലോകനത്തിലേക്ക് നയിച്ചത്.
ഇരുവരും സ്വ ഇഷ്ടപ്രകാരമാണ് ആശ്രമത്തില്‍ കഴിയുന്നതെന്നും തങ്ങള്‍ മാതാപിതാക്കളുമായി ആശയവിനിമയം നടത്താറുണ്ടെന്നുമുള്ള മൊഴി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് കേസ് റദ്ദാക്കിയത്.
പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി തീരുമാനത്തെ സുപ്രീം കോടതി എതിര്‍ത്തു. യുവതികളെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.