National

അമേരിക്കൻ കസ്റ്റംസ് നിയമങ്ങളിലെ മാറ്റം: യു.എസ്സിലേക്കുള്ള തപാൽ സേവനങ്ങൾ നിർത്തിവെച്ച് ഇന്ത്യ

ന്യൂഡൽഹി: അമേരിക്കയിലേക്ക് അയയ്ക്കുന്ന മിക്ക തപാൽ സേവനങ്ങളും താൽക്കാലികമായി നിർത്തിവെച്ച് ഇന്ത്യ. യുഎസ് ഗവൺമെന്റ് പുതിയ കസ്റ്റംസ് നിയമങ്ങൾ കൊണ്ടുവന്ന സാഹചര്യത്തിലാണ് ഈ നടപടി. ഓഗസ്റ്റ് 25 മുതൽ ഇത് പ്രാബല്യത്തിൽ വരും. കത്തുകളും രേഖകളും, 100 ഡോളറിൽ താഴെ വിലവരുന്ന സമ്മാനങ്ങളും ഒഴികെയുള്ള എല്ലാ തപാൽ ഉരുപ്പടികളുടെയും ബുക്കിംഗ് നിർത്തിവെച്ചതായി തപാൽ വകുപ്പ് അറിയിച്ചു.

ജൂലൈ 30-ന് യുഎസ് ഭരണകൂടം പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഓർഡർ നമ്പർ 14324 പ്രകാരം, 800 ഡോളർ വരെ വിലവരുന്ന വസ്തുക്കൾക്ക് ഉണ്ടായിരുന്ന തീരുവ ഇളവ് (de minimis exemption) റദ്ദാക്കിയിരുന്നു. ഇതനുസരിച്ച്, ഓഗസ്റ്റ് 29 മുതൽ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും കസ്റ്റംസ് ഡ്യൂട്ടി ബാധകമാകും.

 

പുതിയ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തതയില്ലാത്തതാണ് തപാൽ സേവനങ്ങൾ നിർത്തിവെക്കാൻ കാരണം. ചരക്കുകൾക്ക് ഡ്യൂട്ടി പിരിക്കുകയും അത് അടയ്ക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം വിമാന കമ്പനികൾക്കും മറ്റ് അംഗീകൃത സ്ഥാപനങ്ങൾക്കുമാണ്. എന്നാൽ, ഈ നിയമങ്ങൾ എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ, ഓഗസ്റ്റ് 25-ന് ശേഷം തപാൽ സാധനങ്ങൾ സ്വീകരിക്കാൻ കഴിയില്ലെന്ന് അമേരിക്കയിലേക്കുള്ള വിമാനക്കമ്പനികൾ അറിയിച്ചതായി ഇന്ത്യൻ തപാൽ വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ തപാൽ വകുപ്പ് ഖേദം പ്രകടിപ്പിച്ചു. എത്രയും വേഗം സേവനങ്ങൾ പുനരാരംഭിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായും അധികൃതർ അറിയിച്ചു. ഇതിനകം ബുക്ക് ചെയ്ത സാധനങ്ങൾ പുതിയ നിബന്ധനകൾക്ക് കീഴിൽ അയയ്ക്കാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് പണം തിരികെ ലഭിക്കുന്നതിനായി അപേക്ഷിക്കാം

Related Articles

Back to top button
error: Content is protected !!