പഹല്‍ഗാം ആക്രമണത്തിന് സഹായിച്ചത് ചൈനീസ് സാറ്റലൈറ്റ് ഫോണുകള്‍; എന്‍ഐഎയുടെ കണ്ടെത്തൽ

ജമ്മു കശ്മീരിലെ പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്നത് ചൈനീസ് നിര്‍മ്മിത സാറ്റലൈറ്റ് ഫോണുകളെന്ന് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ആശയവിനിമയത്തിനായി ഭീകരര്‍ ഉപയോഗിച്ചിരുന്നത് ചൈനീസ് നിര്‍മ്മിത സാറ്റലൈറ്റ് ഫോണുകളും നിരോധിത ചൈനീസ് ആപ്പുകളുമാണെന്നാണ് കണ്ടെത്തല്‍.
പഹല്‍ഗാം ആക്രമണത്തെ കുറിച്ച് എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന കണ്ടെത്തലുകള്‍. പഹല്‍ഗാം ആക്രമണം നടന്ന ഏപ്രില്‍ 22ന് സാറ്റലൈറ്റ് ഫോണിന്റെ സാന്നിധ്യം മേഖലയില്‍ എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഭീകരര്‍ ഒന്നര വര്‍ഷം മുന്‍പാണ് കശ്മീരിലെത്തിയതെന്ന് എന്‍ഐഎ നേരത്തെ കണ്ടെത്തിയിരുന്നു.
ഇത്ര കാലവും ഭീകരര്‍ കാടിനുള്ളിലാണ് കഴിഞ്ഞിരുന്നതെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇവരെങ്ങനെ ഇന്ത്യന്‍ ഏജന്‍സികളെ കബളിപ്പിച്ച ആശയവിനിമയം നടത്തിയെന്ന അന്വേഷണമാണ് സാറ്റലൈറ്റ് ഫോണിലേക്ക് അന്വേഷണം എത്തിച്ചത്. ചൈനീസ് നാഷണല്‍ സ്‌പേസ് ഏജന്‍സിയുടെ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്നാണ് കണ്ടെത്തിയത്.