ദുബൈ മെട്രോ: ബ്ലൂ ലൈന്‍ 2029 സെപ്റ്റംബര്‍ ഒമ്പതിന് സര്‍വിസ് തുടങ്ങും

ദുബൈ: ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബൈ മെട്രോയുടെ ബ്ലൂ ലൈന്‍ 2029 സെപ്റ്റംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സപോര്‍ട്ട് അതോറിറ്റി അറിയിച്ചു. നിര്‍മാണം തുടങ്ങാനായി 20.5 ബില്യണ്‍ ദിര്‍ഹത്തിന്റെ കരാര്‍ മൂന്ന് കമ്പനികള്‍ക്കായി നല്‍കിയിട്ടുണ്ട്. തുര്‍ക്കിയിലെയും ചൈനയിലെയും കമ്പനികളായ മാപ്പ, ലിമാക്, സിആര്‍ആര്‍സി എന്നിവയ്ക്കാണ് നിര്‍മാണ ചുമതല നല്‍കിയിരിക്കുന്നത്.
ദുബൈ മെട്രോയെ സംബന്ധിച്ചിടത്തോളം ഒമ്പത് എന്ന അക്കം ഏറെ ഗൃഹാതുരത്വമുള്ളതാണ്. 2009 സെപ്റ്റംബര്‍ ഒമ്പതി(09-09-2009)നാണ് മെട്രോയുടെ സര്‍വിസ് ആരംഭിച്ചത്. ബ്ലൂ ലൈനിന്റെ ഉദ്ഘാടനം മെട്രോയുടെ ഇരുപതാം വര്‍ഷത്തില്‍ സംഭവിക്കുമെന്നതും ഏറെ യാദൃശ്ചികമായ കാര്യമാണ്.
30 കിലോമീറ്ററാണ് ആകെ നീളം. 14 സ്‌റ്റേഷനുകള്‍ക്കിടയില്‍ മൊത്തം 28 ട്രെയിനുകളാണ് സര്‍വിസ് നടത്തുക. 2030ല്‍ രണ്ടു ലക്ഷം യാത്രക്കാരെയും 2040ല്‍ 3.2 ലക്ഷം യാത്രക്കാരെയുമാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 46,000 യാത്രക്കാരെ വഹിച്ചുകൊണ്ടുപോകാന്‍ സാധിക്കും. മെട്രോ ഓടിത്തുടങ്ങുന്ന റൂട്ടില്‍ റോഡ് ഗതാഗതത്തില്‍ 20 ശതമാനം തിരക്ക് കുറക്കാനാവും.
നിലവിലെ ലൈനുകളായ പച്ച, ചുവപ്പ് എന്നിവയുമായും ഭാവിയില്‍ വരാനിരിക്കുന്ന മെട്രോ ലൈനുകളുമായും ഇത്തിഹാദ് റെയിലുമായുമെല്ലാം ബന്ധിപ്പിച്ചാണ് മെട്രോയുടെ രൂപകല്‍പന. 10 മുതല്‍ 25 മിനുട്ട് വരെയാണ് മെട്രോ യാത്രയുടെ ദൈര്‍ഘ്യം. മിര്‍ദിഫ്, അല്‍ വര്‍ഖ, ഇന്റെര്‍നാഷ്ണല്‍ സിറ്റി 1, 2, ദുബൈ സിലികോണ്‍ ഓയാസിസ്, അക്കാഡമിക് സിറ്റി, റാസ് അല്‍ ഖോര്‍ വ്യവസായ മേഖല, ദുബൈ ക്രീക്ക് ഹാര്‍ബര്‍, ദുബൈ ഫെസ്റ്റിവല്‍ സിറ്റി എന്നിവയെ കൂട്ടിയിണക്കിയാണ് മെട്രോയുടെ ബ്ലൂലൈന്‍ കടന്നുപോകുക.