ദുബൈ മെട്രോ: ശേഷി വര്‍ധിപ്പിക്കും; കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കും

ദുബൈ: മെട്രോയുടെ ചുവപ്പ്, പച്ച പാതകളില്‍ അനുഭവപ്പെടുന്ന തിരക്ക് ശുഭസൂചകമാണെന്നും ദുബൈ മെട്രോയുടെ ശേഷി വര്‍ധിപ്പിച്ച് കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കുമെന്നും ആര്‍ടിഎ റെയില്‍ ഏജന്‍സി സിഇഒ അബ്ദുല്‍ മുഹ്‌സെന്‍ ഇബ്രാഹീം യൂനുസ് കല്‍ബാത്. വരും നാളുകളില്‍ തന്നെ കൂടുതല്‍ ട്രെയിനുകള്‍ പാതകളില്‍പ്രതീക്ഷിക്കാം. ദുബൈയുടെ വളര്‍ച്ചയില്‍ നിര്‍ണായകമാണ് മെട്രോയുടെ വിപുലീകരണം.
ബ്ലൂലൈന്‍ യാഥാര്‍ഥ്യമാവുന്നതോടെ മെട്രോയുടെ ആകെ നീളം 120 കിലോമീറ്ററാവും. ഇതോടൊപ്പം 11 കിലോമീറ്റര്‍ ട്രാം ലൈനും കൂടുന്നതോടെ 131 കിലോമീറ്ററാവും. നിലവില്‍ ഇവ രണ്ടും കൂടുന്നതോടെ 101 കിലോമീറ്ററാണ് നീളം. 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബ്ലൂലൈനും പൂര്‍ത്തിയാവുന്നതോടെ മൊത്തം സ്‌റ്റേഷനുകളുടെ എണ്ണം 67 ആയി ഉയരും. ട്രെയിനുകളുടെ എണ്ണം 157 ആവും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സ്വപ്‌ന പദ്ധഥിയാണ് ബ്ലൂലൈനെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.