BusinessTechnology

ശപഥം കാറ്റിപ്പറത്തി മുന്‍ പങ്കാളികള്‍ക്കും 11 കുട്ടികള്‍ക്കുമായി ഇലോണ്‍ മസ്‌ക് വാങ്ങിയത് 295 കോടിയുടെ വില്ല

സ്വന്തമായി ഒരു വീട് വാങ്ങില്ലെന്ന തന്റെ ശപഥം കാറ്റില്‍പറത്തി അതീവ രഹസ്യമായി 295 കോടിയുടെ വില്ല വാങ്ങിയിരിക്കുകയാണ് ടെസ്ലയുടെ സ്ഥാപകനും ലോകത്തിലെ ശതകോടീശ്വരന്‍മാരില്‍ ഒന്നാമനുമായ ഇലോണ്‍ മസ്‌ക്. തന്റെ മൂന്ന് മുന്‍ പങ്കാളികള്‍ക്കും 11 കുട്ടികള്‍ക്കുമായാണ് അദ്ദേഹം വില്ല വാങ്ങിയിരിക്കുന്നത്.

ബ്ലുംബെര്‍ഗ് ബില്യണേഴ്സ് ഇന്‍ഡക്സ് പ്രകാരം ആഗോള കോടീശ്വര പട്ടികയിലെ ഒന്നാം സ്ഥാനക്കാരനായ ഇലോണ്‍ മക്സ്‌ക്കിന് 268 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്. ടെസ്‌ലക്കൊപ്പം സ്പേസ്എക്സ് തുടങ്ങി വന്‍ സാമ്രാജ്യങ്ങള്‍ അദ്ദേഹത്തിന് സ്വന്തമാണ്. സ്വന്തമായി വീട് വാങ്ങില്ലെന്ന് ശപഥം നടത്തി ഏതാണ്ട് നാലു വര്‍ഷത്തിനു ശേഷമാണ് 35 മില്യണ്‍ ഡോളര്‍(ഏകദേശം 295 കോടി രൂപ) മുടക്കി ഒരു അത്യാഡംബര വില്ല യുഎസിലെ ടെക്‌സാസില്‍ സ്വന്തമാക്കിയത്.

14,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു ആഢംബര വില്ലയാണ് അദ്ദേഹം സ്വന്തമാക്കിയതെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹത്തിന്റെ മൂന്ന് മുന്‍ പങ്കാളികള്‍ക്കും അവരില്‍ അദ്ദേഹത്തിനു ജനിച്ച 11 കുട്ടികള്‍ക്കും വേണ്ടിയാണ് മസ്‌ക് ഇത് വാങ്ങിയിരിക്കുന്നത്. ഇറ്റാലിയന്‍ ടസ്‌കാന്‍ വില്ലയോട് സാമ്യമുള്ള പ്രോപ്പര്‍ട്ടിയാണ് മസ്‌ക് സ്വന്തമാക്കിയിരിക്കുന്നത്.

കോമ്പൗണ്ടില്‍ ആറ് കിടപ്പുമുറികളുള്ള ഒരു വീടും, വില്ല മാതൃകയിലുള്ള മറ്റൊരു കെട്ടിടവും ഉള്‍പ്പെടുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. തന്റെ രക്തത്തില്‍ പിറന്ന കുട്ടികളുമായി സ്വകാര്യമായി കൂടുതല്‍ സമയം ചെലവഴിക്കാനായാണ് അദ്ദേഹം പുതിയ പ്രോപ്പര്‍ട്ടി വാങ്ങിയത്. കുട്ടികളുടെ ഒരുമിച്ച് വളരാന്‍ അനുവദിക്കുകയെന്ന് ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

മസ്‌കിന്‍െ ആദ്യ ഭാര്യ ജസ്റ്റിന്‍ വില്‍സണ്‍ ആണ്. ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്. ഗായിക ഗ്രിംസില്‍ മസ്‌കിന് മൂന്നു കുട്ടികളാണുള്ളത്. ഇവരുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് ഇരുവരും നിലവില്‍ തര്‍ക്കത്തിലാണ്. ന്യൂറലിങ്ക് എക്‌സിക്യൂട്ടീവായ ശിവോണ്‍ സിലിസ് ആണ് മൂന്നാമത്തെ പങ്കാളി. ഇവര്‍ക്കും മൂന്നു മക്കളുണ്ട്. സിലിസ് ഇതോടകം തന്റെ കുട്ടികളുമായി പുതിയ വീട്ടിലേയ്ക്കു താമസം മാറിയെന്നു എന്‍വൈടി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്വകാര്യത നിലനിര്‍ത്താനായി വിവരങ്ങള്‍ വെളിപ്പെടുത്താത്ത ഒരു കരാറുണ്ടാക്കാന്‍ മസ്‌ക് വില്‍പ്പനക്കാരോട് ആവശ്യപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം.

Related Articles

Back to top button