സഊദിയില്‍ വംശനാശ ഭീഷണി നേരിടുന്ന മണല്‍പ്പൂച്ചയെ കണ്ടെത്തി
റിയാദ്: സഉദിയില്‍ വംശനാശ ഭീഷണി നേരിടുന്ന അത്യപൂര്‍വ മണല്‍പൂച്ചയെ കണ്ടെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. സംരക്ഷിത പ്രദേശമായ നഫൂദ് അല്‍ അരീഖില്‍നിന്നാണ് മണല്‍പൂച്ചയെ കണ്ടെത്തിയതെന്ന് സഊദി ദേശീയ വന്യജീവി ഗവേഷണ സംരക്ഷണ കേന്ദ്രം അധികൃതര്‍ സോഷ്യല്‍ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ വ്യക്തമാക്കി. രണ്ടു പതിറ്റാണ്ടായി വംശനാശ ഭീഷണി നേരിടുന്ന ജീവികളാണിവ.
ഒറ്റനോട്ടത്തില്‍ എടുത്തോമനിക്കാന്‍ ആരും കൊതിക്കുമെങ്കിലും ഇവര്‍ അതീവ അപകടകാരികളാണെന്നാണ് ജന്തുശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 1858ല്‍ അള്‍ജീരിയന്‍ മരുഭൂമിയിലാണ് ആദ്യമായി മണല്‍പ്പൂച്ചയെ ശാസ്ത്രസംഘം കണ്ടെത്തുന്നത്. ഫെലിസ് മര്‍ഗരീത്തയെന്നാണ് ഇവയുടെ നാമം. വാസസ്ഥലത്തിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ വരെ ഇവ സഞ്ചരിക്കാറുണ്ടെന്ന് പഠനങ്ങളില്‍നിന്നും വ്യക്തമായിട്ടുണ്ട്.
മരുഭൂമികളിലെ ദുര്‍ഘടമായ പാറക്കെട്ടുകള്‍ക്കിടയിലാണ് ഇവയുടെ വാസയിടം. അഞ്ചു കിലോഗ്രാം മുതല്‍ എട്ടുകിലോഗ്രാം വരെയാണ് ഇവയുടെ പരമാവധി ഭാരം. പൂര്‍ണ വളര്‍ച്ചയെത്തുന്നതോടെ രണ്ടു മുതല്‍ മൂന്ന് അടിവരെ നീളമുണ്ടാവും. ഈജിപ്ത്, അള്‍ജീരിയ, മൊറോക്കോ, മിഡില്‍ഈസ്റ്റ്, ചാഡ്, അറേബ്യന്‍ ഉപദ്വീപ് എന്നിവിടങ്ങളിലാണ് ഇവ ജീവിക്കുന്നത്.