National

ഓരോ ദമ്പതികൾക്കും 16 കുട്ടികൾ ഉണ്ടാകണം: വിചിത്ര ആഹ്വാനവുമായി സ്റ്റാലിൻ

ചെന്നൈ: കൂടുതൽ കുട്ടികൾ വേണമെന്ന ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്‍റെ വാദത്തിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സമാന ആഹ്വാനവുമായി രംഗത്ത്. ‘പതിനാറും പെറു പെരു വാഴ്വു വാഴ്ഗ’ എന്നൊരു പഴഞ്ചൊല്ല് തമിഴിലുണ്ട്. അതായത് ആളുകൾക്ക് 16 ഇനം സ്വത്തിനു പകരം ദമ്പതികൾക്ക് 16 കുട്ടികളുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു- സ്റ്റാലിൻ പറഞ്ഞു.

”തമിഴ്നാട്ടിൽ ലോക്സഭാ മണ്ഡലങ്ങൾ കുറയുന്ന സാഹചര്യത്തിൽ ഈ ചൊല്ല് വീണ്ടും പ്രസക്തമാകുകയാണ്. എന്തുകൊണ്ടാണ് നമ്മൾ കുറച്ച് കുട്ടികൾ മാത്രമായി സ്വയം പരിമിതപ്പെടുത്തുന്നു. എന്തുകൊണ്ടാണ് നമുക്ക് കൂടുതൽ കുട്ടികൾ ഉണ്ടായിക്കൂടാ?” സ്റ്റാലിൻ ചോദിച്ചു.

ലോക്സഭാ മണ്ഡലങ്ങൾ ജനസംഖ്യാടിസ്ഥാനത്തിൽ പുനർനിർണയിക്കുമ്പോൾ, ജനസംഖ്യ നിയന്ത്രിക്കുന്നതിൽ വിജയം കണ്ട ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മണ്ഡലങ്ങളുടെ എണ്ണം കുറയും. കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങൾ വർധിക്കുകയും ചെയ്യും. പാർലമെന്‍ററി പ്രാതിനിധ്യത്തിൽ ഉത്തരേന്ത്യൻ ആധിപത്യം വർധിക്കാൻ ഇത് ഇടയാക്കുമെന്ന് ദക്ഷിണേന്ത്യയിലെ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ആശങ്ക ശക്തമാണ്.

ചെന്നൈയിൽ എച്ച്ആർ, സിഇ വകുപ്പ് സംഘടിപ്പിച്ച സമൂഹ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു സ്റ്റാലിൻ. ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം കാരണം കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആന്ധ്ര പ്രദേശ് സർക്കാർ പദ്ധതി ആവിഷ്കരിക്കുന്നതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേരത്തെ പറഞ്ഞിരുന്നു.

Related Articles

Back to top button