ഘോര്‍ഫുക്കാന്‍ ബസ് അപകടം; മരിച്ചവരുടെ കുടുംബത്തെ സഹായിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്
ഷാര്‍ജ: ഇന്ത്യന്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഒമ്പത് പേര്‍ മരിച്ച സംഭവത്തില്‍ ഇവരുടെ കുടുംബങ്ങള്‍ക്ക് സഹായം ഉറപ്പാക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്. തങ്ങളുടെ കമ്പനിയുടെ അജ്മാന്‍ ആസ്ഥാനത്തേക്ക് സൗജന്യമായി ലഭിക്കുന്ന അരിയും പയറും ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് മടങ്ങിയ തൊഴിലാളികളാണ് രാത്രി എട്ടു മണിയോടെ ഘോര്‍ഫുക്കാന് സമീപം അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടമായതാണ് വന്‍ അപകടത്തിലേക്ക് നയിച്ചത്. 70 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട് വരികയാണെന്നും ലോക്കല്‍ അതോറിറ്റികളുമായി ബന്ധപ്പെട്ട് കഴിയാവുന്ന സഹായങ്ങള്‍ ഉറപ്പാക്കുമെന്നും ദുബൈ കോണ്‍സുലേറ്റ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ പരുക്കേറ്റവരെ ആശുപത്രയില്‍ സന്ദര്‍ശിച്ചിരുന്നതായും കോണ്‍സുലേറ്റ് അറിയിച്ചു.
മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതായും എംബാമിങ് ഉള്‍പ്പെടെയുള്ളവ അവസാനിച്ചാല്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുമെന്നും മരിച്ചവരുമായും പരുക്കേറ്റവരുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കെഎംസിസിയുടെ ഘോര്‍ഫുക്കാന്‍ മേഖലാ ചെയര്‍മാന്‍ എസ് മദനി അറിയിച്ചു.