National

സ്വര്‍ണ വില കുതിപ്പ് ഇനിയും തുടരും, 10 ഗ്രാമിന് 1.25 ലക്ഷമാകുമെന്ന് വിദഗ്ധർ

ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ ഇനിയും സ്വര്‍ണവില വര്‍ധിക്കുമെന്ന് വിദഗ്‌ധര്‍. അടുത്ത രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് ലോകത്ത് ഏറ്റവും മൂല്യമുള്ള ലോഹമായി സ്വര്‍ണം മാറുമെന്നും വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. ഇക്കാലയളവില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നത് ഭാവിയില്‍ വലിയ നേട്ടമാകുമെന്നാണ് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

രണ്ട് വര്‍ഷം കൊണ്ട് പത്ത് ഗ്രാം സ്വര്‍ണത്തിന്‍റെ വില 1.25 ലക്ഷം വരെ എത്തുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍. നിക്ഷേപകര്‍ കൂടിയതോടെ സ്വര്‍ണ വില ഔണ്‍സിന് 3200 ഡോളര്‍ എന്ന സ്വപ്‌ന സംഖ്യയിലേക്ക് എത്തിച്ചേരുമെന്നാണ് സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമായ യുബിഎസ് പ്രവചിക്കുന്നത്. ഇക്കൊല്ലം സ്വര്‍ണ വില ഔണ്‍സിന് 3000 ഡോളറിലെത്തുമെന്നും ഇവര്‍ പറയുന്നു. കേന്ദ്ര ബാങ്കുകളും മറ്റും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്.

ട്രംപ് ഭരണകൂടത്തിന്‍റെ പുത്തന്‍ നികുതി നിര്‍ദ്ദേശങ്ങളും സ്വര്‍ണത്തിന്‍റെ വില വര്‍ധിപ്പിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ആഗോള വാണിജ്യ രംഗത്ത് വലിയ വെല്ലുവിളികളാണ് ട്രംപിന്‍റെ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ കൊണ്ടു വരിക. നിലവില്‍ രാജ്യത്ത് പത്ത് ഗ്രാമിന് 87,000 എന്നതാണ് വിലയെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് മേധാവി അനുജ് ഗുപ്‌ത പറഞ്ഞു.

ഇതും ഭേദിച്ച് സ്വര്‍ണവില മുന്നേറാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നിക്ഷേപകര്‍ കൂടുതല്‍ കരുതല്‍ പുലര്‍ത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ദീര്‍ഘകാലത്തേക്ക് സ്വര്‍ണം സുരക്ഷിത നിക്ഷേപമാണെങ്കിലും ഹ്രസ്വകാലത്തേക്കുള്ള നിക്ഷേപത്തില്‍ ചില ലാഭമെടുക്കലുകള്‍ ഉണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button
error: Content is protected !!