World
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് അൽ ഖനൂവ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് അൽ ഖനൂവ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെ ജബലിയയിലെ ടെന്റിൽ കഴിയവെയാണ് ആക്രമണം നടന്നത്. കുട്ടികൾ അടക്കം നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു
ഗാസയിൽ വ്യാപക ആക്രമണമാണ് ഇസ്രായേൽ അഴിച്ചുവിടുന്നത്. ഗാസ സിറ്റിയിലെ അസ് സഫ്താവി പ്രദേശത്ത് വീടിന് നേർക്കുണ്ടായ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ ആറ് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 38 പേർ ഗാസയിൽ കൊല്ലപ്പെട്ടതായാണ് വിവരം
ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ ധനകാര്യ സ്ഥാപനങ്ങളുടെ തലവൻ ഇസ്മായിൽ ബർഹൂം അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ഖാൻ യൂനുസിൽ നടന്ന ആക്രമണത്തിൽ ഹമാസ് രാഷ്ട്രീയ നേതാവും പലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ സലാഹ് അൽ ബർദവീലും ഭാര്യയും കൊല്ലപ്പെട്ടിരുന്നു.