Kerala

തിമിംഗലം കരയിലായിലാകാത്തത് അതിന്റെ ഭാഗ്യം; ആനയെ നെറ്റിപ്പട്ടം ചാര്‍ത്തി എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത

രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി

കൊച്ചി: ഉത്സവങ്ങള്‍ക്കും മറ്റും നെറ്റിപ്പട്ടം ചാര്‍ത്തിയും ചങ്ങലകെട്ടിയും ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സ്വമേധയാ എടുത്ത കേസിനിടെയാണ് കോടതിയുടെ പരാമര്‍ശം. തിരുവനന്തപുരത്ത് വളര്‍ത്തു നായയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണ്. തിമിംഗിലം കരയില്‍ ജീവിക്കുന്ന ജീവിയല്ലാത്തത് ഭാഗ്യം. ഇല്ലെങ്കില്‍ തിമിംഗലത്തെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെയെന്നും കോടതി വിമര്‍ശിച്ചു.

ഭാരം മറ്റൊരു കാലിലേക്ക് മാറ്റാന്‍ പോലും കഴിയാത്ത വിധം മുറുക്കിയാണ് ആനകളുടെ ഇരുകാലുകളും തമ്മില്‍ ബന്ധിപ്പിക്കുന്നത്. കാലുകള്‍ ബന്ധിക്കപ്പെട്ട ഒരു മനുഷ്യന് അഞ്ച് മിനിറ്റെങ്കിലും നില്‍ക്കാന്‍ കഴിയുമോ. മുന്‍കാലുകള്‍ ബന്ധിപ്പിച്ച് മണിക്കൂറുകളോളം നില്‍ക്കുന്ന ആനയുടെ സ്ഥിതി മനുഷ്യന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.

ആനകളെ എഴുന്നള്ളിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുള്ള ചില നിര്‍ദേശങ്ങളും കോടതി മുന്നോട്ടു വെച്ചു. ഉത്സവങ്ങള്‍ക്കിടയില്‍ ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കണം. ആനകളെ അണിനിരത്തുന്ന ക്ഷേത്രങ്ങളിലോ മറ്റ് ഇടങ്ങളിലോ മതിയായ ഇടം ഉണ്ടായിരിക്കണം. കോടതി പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!