ജെയ്നമ്മയെ തലയ്ക്കടിച്ച് കൊന്ന് ശരീരം മുറിച്ച് കത്തിച്ചു; മുറിയിലെ രക്തത്തുള്ളികൾ നിർണായകമായി

ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയെ പ്രതി സിഎം സെബാസ്റ്റ്യൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ചിന്റെ നിഗമനം. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീടിന്റെ സ്വീകരണ മുറിയിൽ നിന്ന് ലഭിച്ച രക്തത്തുള്ളികളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. സെബാസ്റ്റ്യനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച സൂചനകളും നിർണായകമായി
കൊലപാതകത്തിന് ശേഷം ശരീരം മുറിച്ച് കത്തിച്ചെന്നാണ് സൂചന. ഇയാളുടെ കുളിമുറിയിൽ രക്തത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മുറിച്ച മൃതദേഹ ഭാഗങ്ങൾ പല സ്ഥലത്തായി മറവ് ചെയ്തിട്ടുണ്ടാകുമെന്നും അന്വേഷണ സംഘം കരുതുന്നു.
വീട്ടുവളപ്പിൽ നിന്ന് ലഭിച്ച മൃതദേഹ ഭാഗങ്ങളുടെ ഡിഎൻഎ പരിശോധന ഫലം ലഭിച്ചിട്ടില്ലെങ്കിലും ഇത് ജെയ്നമ്മുടേതാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അതേസമയം ബിന്ദു പത്മനാഭൻ തിരോധാനക്കേസിലും സെബാസ്റ്റിയനെ കസ്റ്റഡിയിൽ വാങ്ങാനാണ് ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ തീരുമാനം.