ഇന്ത്യ – പാക് വെടിനിർത്തൽ; കശ്മീരിൽ പ്രശ്നപരിഹാരത്തിന് ഇടപെടാം: ഡൊണാൾഡ് ട്രംപ്

പാക്കിസ്ഥാനുമായി ഇന്ത്യ വെടിനിർത്തലിന് ധാരണയിലെത്തിയതിനു പിന്നാലെ, കശ്മീർ പ്രശ്നപരിഹാരത്തിൽ ഇടപെടാമെന്നും ഇരു രാജ്യങ്ങളുമായും ചേർന്നു പ്രവർത്തിക്കാൻ തയ്യാറാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാരം ഗണ്യമായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായും ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
“ഇത്രയധികം ആളുകളുടെ മരണത്തിനും നാശത്തിനും കാരണമായേക്കാവുന്ന ആക്രമണം തടയേണ്ട സമയമാണിതെന്ന് പൂർണ്ണമായി മനസ്സിലാക്കിയ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ശക്തവും അചഞ്ചലവുമായ നേതൃത്വത്തിൽ ഞാൻ അഭിമാനിക്കുന്നു. നിരപരാധികളായ ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുമായിരുന്നു. ഈ ചരിത്രപരമായ തീരുമാനത്തിലെത്താൻ ഇന്ത്യയേയും പാക്കിസ്ഥാനെയും സഹായിക്കാൻ യുഎസിന് കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.”
“ചർച്ച നടന്നിട്ടില്ലെങ്കിളും, ഇന്ത്യയും പാക്കിസ്ഥാനുമായും വ്യാപാരം ഗണ്യമായി വർദ്ധിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. കശ്മീർ വിഷയത്തിൽ പരിഹാരം കാണാൻ ഇരു രാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കും,” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് ശേഷം, ഇന്ത്യയും പാക്കിസ്ഥാനും പൂർണമായ വെടിനിർത്തൽ കരാർ അംഗീകരിച്ചതായി അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇന്നലെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ട്രംപ് പറഞ്ഞിരുന്നു.
വെടിനിർത്തലിന് പിന്നിൽ അമേരിക്കയാണെന്ന് ആവർത്തിച്ചുകൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷെഹ്ബാസ് ഷെരീഫും അടക്കമുള്ള നേതാക്കളുമായി കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ചർച്ച നടത്തിയതായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും നേരത്തെ പറഞ്ഞിരുന്നു.