ഐഫോണ്‍ 14 പ്ലസിന് ക്യാമറ തകരാര്‍; സൗജന്യമായി റിപ്പയര്‍ ചെയ്തുനല്‍കുമെന്ന് കമ്പനി: പണം മുടക്കി പ്രശ്‌നം പരിഹരിച്ചവര്‍ക്ക് റീഫണ്ട് കിട്ടും
വാഷിംഗ്ടണ്‍: ക്യാമറയില്‍ ചില സാങ്കേതിക പ്രശ്നം അഭിമുഖീകരിക്കുന്ന ഐഫോണ്‍ 14 പ്ലസ് മോഡലുകള്‍ തികച്ചും സൗജന്യമായി റിപ്പയര്‍ ചെയ്ത് നല്‍കുമെന്ന് ആപ്പിള്‍. പ്രിവ്യൂ ഇമേജ് കാണിക്കാത്തതാണ് പ്രശ്നം. ഇത് 2023 ഏപ്രില്‍ 10 മുതല്‍ 2024 ഏപ്രില്‍ 28 വരെയുള്ള 12 മാസ കാലയളവില്‍ നിര്‍മ്മിച്ച മോഡലുകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
റീയര്‍ ഗ്ലാസ് പൊട്ടിയത് പോലുള്ള മറ്റ് തകരാറുകള്‍ ഫോണിനുണ്ടെങ്കില്‍ ആദ്യം ആ പ്രശ്‌നം പരിഹരിച്ചതിന് ശേഷം മാത്രമേ ക്യാമറ പ്രിവ്യൂ ഇമേജിലെ റിപ്പയറിന് അപേക്ഷിക്കാവൂവെന്ന് ആപ്പിള്‍ അഭ്യര്‍ഥിച്ചു. നേരത്തെ ക്യാമറ പ്രശ്നം പരിഹരിച്ചവരാണെങ്കില്‍ റീഫണ്ടിന് അപേക്ഷിക്കാനുമാവും.
ആപ്പിള്‍ സപ്പോര്‍ട്ടില്‍ ഫോണിന്റെ സീരിയല്‍ നമ്പര്‍ നല്‍കിയാല്‍ നിങ്ങളുടെ കയ്യിലുള്ള ഐഫോണ്‍ പ്രശ്നമുള്ളതാണോയെന്ന് പരിശോധിച്ച് ഉറപ്പാക്കാനാവും. റീയര്‍ ക്യാമറയുടെ പ്രിവ്യൂ ഇമേജ് ലഭിക്കാത്തവര്‍ക്ക് ആപ്പിളിന്റെ അംഗീകൃത സര്‍വീസ് സെന്ററുകളിലെത്തി റിപ്പയര്‍ ചെയ്യാം. ആപ്പിളിന്റെ സപ്പോര്‍ട്ട് പേജില്‍ പ്രവേശിച്ച് ഫോണിന്റെ സീരിയല്‍ നമ്പര്‍ നല്‍കി വേണം ഫോണ്‍ റിപ്പയറിന് അനുയോജ്യമാണോയെന്ന് കണ്ടെത്താന്‍.
ഐഫോണ്‍ 14 പ്ലസിലെ സെറ്റിംഗ്‌സില്‍ പ്രവേശിച്ച് ജനറല്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് എബൗട്ടില്‍ നിന്ന് സീരിയല്‍ നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ കോപ്പി ചെയ്ത് ആപ്പിളിന്റെ സപ്പോര്‍ട്ട് പേജില്‍ പേസ്റ്റ് ചെയ്ത് സൗജന്യ റിപ്പയറിന് നിങ്ങളുടെ ഫോണ്‍ അര്‍ഹമാണോയെന്ന് നോക്കാനുമാവുമെന്നും ആപ്പിള്‍ അധികൃതര്‍ അറിയിച്ചു.