National

അന്റാര്‍ട്ടിക്കയില്‍ പിരമിഡ് കണ്ടെത്തിയെന്നത് സത്യമോ?

അന്റാര്‍ട്ടിക്ക: കാലാവസ്ഥാ വ്യതിയാനം മൂലം ലോകം കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍ അതിന്റെ തീവ്രത ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ഒരു മേഖലയാണ് തണുത്തുറഞ്ഞു കിടക്കുന്ന അന്റാര്‍ട്ടിക്കയെന്ന വന്‍കര. ഇനിയും കുരുക്കഴിയാത്ത അനേകം രഹസ്യങ്ങളുടെ കലവറകൂടിയായ ഈ മേഖലയില്‍ കാലാവസ്ഥാ മാറ്റം കടുത്ത ആഘാതമാണ് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

അന്റാര്‍ട്ടിക്ക അടുത്തകാലംവരെ അഭിമുഖീകരിക്കാത്ത നിലയില്‍ മഞ്ഞുരുക്കം അതിശക്തമായി തുടരുന്നതിനൊപ്പം പായലുകളും അധിനിവേശചെടികളും ഈ മേഖലയില്‍ മുറ്റിവളരാന്‍ ആരംഭിച്ചുവെന്നത് കടുത്ത ആശങ്കക്കാണ് ഇടയാക്കുന്നത്. അന്റാര്‍ട്ടിക്കയില്‍ മനുഷ്യ നിര്‍മ്മിതമായ പിരമിഡുകളുണ്ടെന്ന തരത്തില്‍ ചില ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വീണ്ടും പ്രദേശം ചര്‍ച്ചകളുടെ മുഖ്യ വിഷയമായി മാറിയിരിക്കുന്നത്.

പിരമിഡ് സംബന്ധിച്ച ആദ്യ കുറിപ്പ് പ്രത്യക്ഷപ്പെട്ടത് ഇലുമിനാറ്റിബോട്ട് എന്ന എക്സ് ഹാന്റിലില്‍ ആയിരുന്നു. ഈ കുറിപ്പാണ് ഘോരഘോരമായ ചര്‍ച്ചയിലേക്ക് പ്രദേശത്തെ എത്തിച്ചത്. അന്റാര്‍ട്ടിക്കയിലെ പിരമിഡിന്റേതാണെന്ന രീതിയില്‍ ഒരു ചിത്രവും വാര്‍ത്തക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ഈജിപ്തിലെ പിരമിഡുകളുടെ ചിത്രവും ചേര്‍ത്ത് വച്ച രീതിയിലുള്ള പടമാണ് കുറിപ്പിനൊപ്പം പുറത്തുവന്നിരിക്കുന്നത്.

ഔദ്യോഗികമായി ഈ പിരമിഡ് കണ്ടെന്ന വാദത്തിന് അംഗീകാരം ഇതുവരെയും ലഭിച്ചിട്ടില്ല, അങ്ങനെ സംഭവിച്ചാല്‍, വാര്‍ത്ത സത്യമാവുന്ന സാഹചര്യം സംജാതമായാല്‍ മാനവകുലത്തിന്റെ മൊത്തം ചരിത്രമാവും അതോടെ മാറ്റിയെഴുതപ്പെടുകയെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. കുറിപ്പിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നതിനാല്‍ എക്‌സ് ഹാന്റിലിലെ കുറിപ്പ് വൈറലാവാന്‍ അധികനേരം വേണ്ടിവന്നില്ല.

മഞ്ഞില്‍ ആകൃതി വ്യക്തമായി കാണാവുന്ന മൂന്ന് പ്രധാന ഘടനകളും മറ്റ് ചില ചെറിയ ഘടനകളും കാറ്റുപിടിച്ചിരിക്കുന്ന ഫോട്ടോയില്‍ വ്യക്തമായി കാണാം. ശക്തമായ കാറ്റ് ഈ ഘടനകളെ പ്രത്യേകമായി എടുത്ത് കാണിക്കുന്നു. കാഴ്ചയില്‍ ഏതാണ്ട് പിരമിഡുകളുടെ ആകൃതിയാണ് ഈ ഘടനകള്‍ക്ക് ഉണ്ടായിരുന്നത്. പലരും ഇതോടെ ആദിമമനുഷ്യര്‍ അന്റാര്‍ട്ടിക്കയില്‍ ജീവിച്ചിരുന്നിട്ടുണ്ടാവാമെന്ന രീതിയില്‍ വാദമുഖങ്ങളും ഉന്നയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ കത്തിക്കയറുമ്പോഴും പിരമിഡ് അല്ലെന്നും അത് അന്റാര്‍ട്ടിക്കന്‍ മേഖലയിലെ പര്‍വ്വതനിരകളാണെന്നുമാണ് മേഖലയെക്കുറിച്ച് പഠിക്കുകയും ഗവേഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

400 കിലോമീറ്റര്‍ നീളമുള്ള അന്റാര്‍ട്ടിക്കയിലെ എല്‍സ്വര്‍ത്ത് പര്‍വതനിരകളെയാണ് ചിത്രം പ്രതിനിധീകരിക്കുന്നത് എന്നാണ് പൊതുവിലുള്ള നിഗമനം. നിരവധി കൊടുമുടികളുള്ള ഈ പര്‍വ്വതം സ്ഥിതിചെയ്യുന്ന ‘ഹെറിറ്റേജ് റേഞ്ച്’ എന്നറിയപ്പെടുന്ന ഈ പ്രദേശത്തുനിന്നും 50 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ളതിനെ ഇതിനോട് കൂട്ടിക്കെട്ടാനും ശ്രമം നടക്കുന്നുണ്ട്.

ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഉണ്ടാകുന്ന മണ്ണൊലിപ്പ് കാരണമാണ് ഇത്തരമൊരു ഘടന പര്‍വ്വതങ്ങള്‍ക്ക് ഉണ്ടായതെന്ന് ജിയോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നുമുണ്ട്. എന്നതായാലും കൂടുതല്‍ പഠനങ്ങളും നിരീക്ഷണങ്ങളും ഉണ്ടായാലേ ഇതുമായി ബന്ധപ്പെട്ട ഡിബേറ്റുകള്‍ക്ക് അറുതിയാവൂവെന്ന് പറയാം.

Related Articles

Back to top button