Kerala

ജെസ്‌ന തിരോധാന കേസ്; സിബിഐയുടെ പുനരന്വേഷണത്തില്‍ വിശ്വാസം: ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് ജെയിംസ്

ജസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി മുണ്ടക്കയത്തെ ലോഡ്ജില്‍ വന്നത് കണ്ടിരുന്നു

പത്തനംതിട്ട : മകള്‍ ജസ്‌നയുടെ തിരോധാന കേസ് സിബിഐ കൃത്യമായി അന്വേഷിക്കുന്നുവെന്ന് ജസ്‌നയുടെ അച്ഛന്‍ ജെയിംസ്. സിബിഐയുടെ പുനര്‍അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കയത്തെ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ സിബിഐ പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സിബിഐ സംഘം വിളിച്ചിരുന്നതായും അദ്ദേഹം പ്രതികരിച്ചു.

‘കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഈ ലോഡ്ജ് ജീവനക്കാരി തന്നെയും ബന്ധപ്പെട്ടിരുന്നു. മകളുടെ തിരോധാനത്തില്‍ സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. മകളെ ഒരു സംഘം അപായപ്പെടുത്തിയെന്ന നിഗമനത്തിലാണ് തന്റെ അന്വേഷണം ഒടുവിലെത്തിയത്. അത് മുദ്രവച്ച കവറില്‍ സിബിഐയ്ക്ക് നല്‍കിയിരുന്നു. അതുള്‍പ്പെടെ എല്ലാം സമഗ്രമായി സിബിഐ ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്’, ജസ്‌നയുടെ പിതാവ് ജെയിംസ് വ്യക്തമാക്കി.

മുണ്ടക്കയം സ്വദേശിനിയായ ലോഡ്ജ് ജീവനക്കാരി ജസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി മുണ്ടക്കയത്തെ ലോഡ്ജില്‍ വന്നത് കണ്ടിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയിരുന്നു.

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തനംതിട്ടയില്‍ നിന്ന് അപ്രത്യക്ഷയായ ജസ്‌നയോട് സാമ്യമുളള പെണ്‍കുട്ടി മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയിരുന്നതായാണ് ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ലോഡ്ജിലെ മുന്‍ ജീവനക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ജസ്‌നയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്.

Related Articles

Back to top button