Kerala

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കോഴിക്കോട് കൊടുവള്ളിയില്‍ യുവാവിനെ വീടുകയറി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. കൊടുവള്ളി കിഴക്കോത്ത് ആയിക്കോട്ടില്‍ ഹൗസില്‍ അബ്ദുള്‍ റഷീദിന്റെ മകന്‍ അനൂസ് റോഷനെ ആണ് ഒരു സംഘം വീടുകയറി തട്ടിക്കൊണ്ടുപോയതായി പരാതിയുള്ളത്.

സംഭവത്തിന് പിന്നാലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്വട്ടേഷന്‍ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കിഴക്കോത്ത് പരപ്പാറയില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയത്. അനൂസിന്റെ സഹോദരന്‍ അജ്മല്‍ റോഷനുമായുള്ള സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

കാറിലും സ്‌കൂട്ടറിലുമായി എത്തിയ സംഘമാണ് ആയുധങ്ങള്‍ കാട്ടി അബ്ദുള്‍ റഷീദിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. അനൂസ് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം യുവാവിനെ വലിച്ച് കാറിലേക്ക് കയറ്റി കടന്നുകളഞ്ഞത്. ലുക്ക്ഔട്ട് നോട്ടിസില്‍ കാണിച്ചിട്ടുള്ള അനൂസിനെ കുറിച്ചും, പ്രതികളെ കുറിച്ചും, വാഹനത്തെ കുറിച്ചും വിവരം ലഭിക്കുന്നവര്‍ കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!