Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് ഭരണത്തെ ജനം വെറുത്തതിന്റെ തെളിവാണ് ഫലമെന്ന് കെ സുധാകരൻ

തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം എൽഡിഎഫ് ഭരണത്തെ ജനം വെറുത്തതിന്റെ തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് ദുർഭരണത്തിനുമെതിരായ ശക്തമായ രോഷം സമൂഹത്തിന്റെ അടിത്തട്ടിൽ പ്രതിഫലിച്ചതിന്റെ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലം. മുഖ്യമന്ത്രിയെയും എൽഡിഎഫിനെയും ജനം വെറുത്തു

എൽഡിഎഫിൽ നിന്ന് 9 വാർഡുകൾ പിടിച്ചെടുത്ത് യുഡിഎഫ് 17 വാർഡുകളിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കി. തൃശ്ശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂർ, പാലക്കാട്ടെ തച്ചമ്പാറ പഞ്ചായത്തുകൾ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുക്കാനായത് യുഡിഎഫിന്റെ മാറ്റ് കൂട്ടി. വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട് നിയമസഭ മണ്ഡലത്തിലെയും ഉജ്ജ്വല വിജയത്തിനും ചേലക്കരയിലെ മികച്ച പ്രകടനത്തിനും ശേഷം യുഡിഎഫിന്റെ കരുത്തും ജനപിന്തുണയും കാട്ടിക്കൊടുത്ത ഫലമാണ് തദ്ദേശ വാർഡുകളിലേത്

എൽഡിഎഫ് സർക്കാരിനെതിരെ ശക്തമായ ജനവിരുദ്ധ വികാരമാണ് നിൽക്കുന്നത്. വിലക്കയറ്റത്തിലും നികുതി ഭീകരതയിലും പൊറുതി മുട്ടിയ ജനത്തിന് മേൽ ഇരുട്ടടി പോലെ വൈദ്യുതി ചാർജ് വർധിപ്പിച്ച് ഷോക്കടിപ്പിച്ച എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ ജനവിധി കൂടിയാണിത്. ഈ ഉപതെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനും യുഡിഎഫിനും ശക്തമായി മുന്നോട്ടു പോകാനുള്ള കരുത്ത് നൽകുന്നതാണെന്നും സുധാകരൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!