ലുലു റീട്ടെയില്‍ ട്രെയിഡിങ് ആരംഭിച്ചു
അബുദാബി: പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലുവിന്റെ ലുലു റീട്ടെയില്‍ ഹോള്‍ഡിങ്‌സ് പിഎല്‍സിയുടെ ട്രെയിഡിങ് അബുദാബിയില്‍ ഇന്നു മുതല്‍ ആരംഭിച്ചു. വലുതും വേഗത്തില്‍ വളരുന്നതുമായ പാന്‍ ജിസിസി കമ്പനിയായ ലുലുവിന്റെ ഓഹരി വിപണിയിലെ വ്യാപാരത്തിനാണ് ഐപിഓക്ക് ശേഷം ലുലു എന്ന പേരില്‍ ഇന്ന് അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍(എഡിഎക്‌സ്) തുടക്കമായിരിക്കുന്നത്.
മലയാളിയായ എം എ യുസഫലി നേതൃത്വം നല്‍കുന്ന വ്യാപാര ശൃംഖലയാണ് ലുലു. ഐപിഒയിലൂടെ 6.32 ബില്യണ്‍ ദിര്‍ഹമാണ് ലുലു സമാഹരിച്ചത്. 2024ല്‍ എഡിഎക്‌സ് കണ്ട ഏറ്റവും വലിയ ഓഫറിങ് ആയിരുന്നു ലുലു റീട്ടെയിലിന്റേത്. യുഎഇ സര്‍ക്കാരിന് കീഴിലല്ലാത്ത ഒരു സ്ഥാപനം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നേടുന്ന ഏറ്റവും വലിയ സബ്‌സ്‌ക്രിപ്ഷനായിരുന്നു ഇത്. വില്‍പനക്ക് വെച്ചതിലും 25 ഇരട്ടിയായിരുന്നു ലുലു ഓഹരികള്‍ക്കായുള്ള ആവശ്യക്കാര്‍. പ്രാദേശികമായും മേഖലാപരമായും രാജ്യാന്തര തലത്തിലുമുള്ള നിക്ഷേപകരായിരുന്നു ലുലു റീട്ടെയില്‍ ഓഹരി സ്വന്തമാക്കാന്‍ മത്സരിച്ചത്.