ചൈനയിൽ രാസവള നിർമ്മാണശാലയിൽ വൻ സ്ഫോടനം: അഞ്ച് മരണം: ആറ് പേരെ കാണാതായി

ബീജിംഗ്: കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലുള്ള രാസവള നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ അഞ്ച് പേർ മരിക്കുകയും ആറ് പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. 19 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ഷാൻഡോംഗ് യുഡാവോ കെമിക്കൽ പ്ലാൻ്റിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൻ്റെ കാരണം വ്യക്തമല്ല. സ്ഫോടനത്തെത്തുടർന്ന് ആകാശത്തേക്ക് കറുത്ത പുക ഉയരുകയും സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സംഭവസ്ഥലത്തേക്ക് 200-ൽ അധികം രക്ഷാപ്രവർത്തകരെ അയച്ചതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കീടനാശിനികളും ഫാർമസ്യൂട്ടിക്കൽ മധ്യവർത്തികളും നിർമ്മിക്കുന്ന ഒരു പ്ലാൻ്റാണിത്.
ചൈനയിൽ വ്യാവസായിക അപകടങ്ങൾ പതിവാണ്. 2015-ൽ ടിയാൻജിൻ തുറമുഖ നഗരത്തിലെ ഒരു രാസവസ്തു സംഭരണശാലയിലുണ്ടായ സ്ഫോടനത്തിൽ 170-ൽ അധികം പേർ മരിക്കുകയും 700 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് രാസവസ്തുക്കളുടെ സംഭരണം സംബന്ധിച്ച നിയമങ്ങൾ സർക്കാർ കർശനമാക്കിയിരുന്നു.