അദാനിക്കെതിരായ യുഎസ് അന്വേഷണം കൊണ്ടാണ് മോദിക്ക് ട്രംപിനെ നേരിടാനാകാത്തത്: രാഹുൽ ഗാന്ധി

ഇന്ത്യക്ക് മേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കയറ്റുമതി തീരുവ കുത്തനെ ഉയർത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്രംപിനെ നേരിടാൻ ആകാത്തത് അദാനിക്കെതിരെ നടക്കുന്ന യുഎസ് അന്വേഷണം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദിയുടെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു
മോദിയും അദാനിയും റഷ്യ എണ്ണ ഇടപാടുകളും തമ്മിലുള്ള സാമ്പത്തിക ബന്ധം തുറന്നു കാണിക്കുക എന്നതാണ് ഒരു ഭീഷണിയായി മോദിക്ക് മുന്നിലുള്ളതെന്നും രാഹുൽ എക്‌സിൽ കുറിച്ചു. ട്രംപ് ഇന്ത്യയുടെ കയറ്റുമതി തീരുവ വീണ്ടും ഉയർത്തിയിരുന്നു. 25 ശതമാനം അധിക തീരുവ ഉയർത്തിയതോടെ ഇന്ത്യക്ക് മേലുള്ള ആകെ തീരുവ 50 ശതമാനമായി
അതേസമയം ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നിരുന്നു. രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങൾ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ല. രാജ്യതാത്പര്യമാണ് പ്രധാനമെന്നും ട്രംപിന്റെ താരിഫ് ഭീഷണിക്ക് മറുപടിയായി മോദി പറഞ്ഞു