Tuesday, 24 November 2026 About Us · Contact Us

കമൽഹാസൻ നിരസിച്ച കഥയിൽ നിന്ന് ചരിത്രവിജയത്തിലേക്ക്; ‘ജെന്‍റിൽമാൻ’ പിറവിയെക്കുറിച്ച് കെ.ടി. കുഞ്ഞുമോൻ

Movie, Kochi - കമൽഹാസൻ നിരസിച്ച കഥയിൽ നിന്ന് ചരിത്രവിജയത്തിലേക്ക്; 'ജെന്‍റിൽമാൻ' പിറവിയെക്കുറിച്ച് കെ.ടി. കുഞ്ഞുമോൻ
കമൽഹാസൻ നിരസിച്ച കഥയിൽ നിന്ന് ചരിത്രവിജയത്തിലേക്ക്; 'ജെന്‍റിൽമാൻ' പിറവിയെക്കുറിച്ച് കെ.ടി. കുഞ്ഞുമോൻ

ഇന്ത്യൻ സിനിമയിൽ വാണിജ്യവിജയത്തിന്‍റെ പുതിയ ചരിത്രം രചിച്ച, സംവിധായകൻ എസ്. ശങ്കറിന്‍റെ അരങ്ങേറ്റ ചിത്രമായ ‘ജെന്‍റിൽമാൻ’ 33 വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു. ഡിസംബർ 11-ന് ലോകമെമ്പാടുമുള്ള തിയെറ്ററുകളിൽ 4K ദൃശ്യനിലവാരത്തിൽ ചിത്രം റീ-റിലീസ് ചെയ്യുന്നതിന്‍റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച പ്രത്യേക വാർത്താസമ്മേളനത്തിൽ ചിത്രത്തിന്‍റെ നിർമ്മാതാവ് കെ. ടി. കുഞ്ഞുമോൻ സിനിമയുടെ പിറവിക്ക് പിന്നിലെ കൗതുകകരമായ സംഭവങ്ങളും അധികമാരും അറിയാത്ത അനുഭവങ്ങളും പങ്കുവെച്ചു.

കമൽഹാസനിൽ നിന്ന് അർജുനിലേക്ക്; ‘ജെന്‍റിൽമാൻ’ പിറന്ന വഴികൾ

‘ജെന്‍റിൽമാൻ’ എന്ന ചിത്രത്തിന്‍റെ കഥ ആദ്യം അവതരിപ്പിച്ചത് നടൻ കമൽഹാസനോടായിരുന്നുവെന്ന് കെ.ടി. കുഞ്ഞുമോൻ വെളിപ്പെടുത്തി. എന്നാൽ കഥ അദ്ദേഹത്തിന് താൽപര്യമാകാതിരുന്നതോടെ ആ ശ്രമം മുന്നോട്ടുപോയില്ല. തുടർന്ന് ശരത്കുമാറിനെ നായകനാക്കാൻ തീരുമാനിക്കുകയും അഡ്വാൻസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഡേറ്റുകളുടെ പ്രശ്നം കാരണം അദ്ദേഹത്തിനും ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചില്ല. ഒടുവിലാണ് അർജുൻ സർജ നായകനായി എത്തിയത്.

അക്കാലത്ത് അർജുന്‍റെ താരമൂല്യത്തെക്കുറിച്ച് ചിലർ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും കഥയുടെ കരുത്തിലും അർജുന്‍റെ അഭിനയശേഷിയിലും തനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നുവെന്ന് കുഞ്ഞുമോൻ പറഞ്ഞു.

“ഒരു സിനിമയുടെ യഥാർത്ഥ നായകൻ അതിന്‍റെ കഥയാണ്. താരമൂല്യത്തേക്കാൾ നല്ല കഥയ്ക്കാണ് ഞാൻ എപ്പോഴും പ്രാധാന്യം നൽകുന്നത്.”

പുതുമുഖ സംവിധായകനായിരുന്ന എസ്. ശങ്കറിന്‍റെ കഴിവിൽ തനിക്ക് തുടക്കംമുതൽ വിശ്വാസമുണ്ടായിരുന്നുവെന്നും കഥയിൽ ചില നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും തന്‍റെ പ്രതീക്ഷകൾക്കപ്പുറമുള്ള സിനിമയാണ് ശങ്കർ ഒരുക്കിയതെന്നും അദ്ദേഹം അനുസ്മരിച്ചു.

ഇന്ത്യൻ സിനിമയിലെ വമ്പൻ നിർമ്മാണമായി ‘ജെന്‍റിൽമാൻ’

1993-ൽ പുറത്തിറങ്ങിയ ‘ജെന്‍റിൽമാൻ’ അക്കാലത്തെ തമിഴ് സിനിമയിലെ ശ്രദ്ധേയമായ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. ഹെലികോപ്റ്റർ രംഗങ്ങൾ, വലിയ ആക്ഷൻ സീക്വൻസുകൾ, വ്യത്യസ്തമായ ലൊക്കേഷനുകൾ, സാങ്കേതിക മികവോടെയുള്ള ഗാനരംഗങ്ങൾ എന്നിവയ്ക്കായി വൻ തുകയാണ് ചെലവഴിച്ചതെന്ന് കുഞ്ഞുമോൻ വ്യക്തമാക്കി.

എ.ആർ. റഹ്മാന്‍റെ സംഗീതവും വൈരമുത്തു, വാലി എന്നിവരുടെ ഗാനരചനയും ചിത്രത്തിന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ‘ചിക്കു ബുക്കു റെയിലേ’ ഉൾപ്പെടെയുള്ള ഗാനങ്ങൾ ഇന്ത്യൻ സിനിമാസംഗീതത്തിൽ സൃഷ്ടിച്ച തരംഗം ഇന്നും നിലനിൽക്കുന്നു.

റിലീസിന് മുമ്പ് സിനിമയുടെ വിജയത്തിൽ സംശയം പ്രകടിപ്പിച്ചവരും വിതരണത്തിന് മടിച്ചവരും ഉണ്ടായിരുന്നുവെന്ന് കുഞ്ഞുമോൻ ഓർമിച്ചു. എന്നാൽ തിയെറ്ററുകളിൽ ചിത്രം വൻവിജയമായതോടെ സാഹചര്യം മാറി. സിനിമയുടെ വിതരണാവകാശങ്ങൾക്കും ഓഡിയോ അവകാശങ്ങൾക്കും വലിയ ആവശ്യകതയുണ്ടായതായും അദ്ദേഹം പറഞ്ഞു.

‘ജെന്‍റിൽമാൻ കുഞ്ഞുമോൻ’ എന്ന വിശേഷണത്തിന് പിന്നിൽ ടി. എൻ. ശേഷൻ

ഇന്ത്യയുടെ മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമനൊപ്പം അദ്ദേഹത്തിന്‍റെ വസതിയിൽ ഇരുന്ന് ‘ജെന്‍റിൽമാൻ’ കണ്ട അനുഭവവും കുഞ്ഞുമോൻ പങ്കുവെച്ചു. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി. എൻ. ശേഷൻ ചിത്രം കണ്ട് അഭിനന്ദിച്ച കാര്യവും അദ്ദേഹം അനുസ്മരിച്ചു.

ടി. എൻ. ശേഷനാണ് തന്നെ “ജെന്‍റിൽമാൻ കുഞ്ഞുമോൻ” എന്ന് വിശേഷിപ്പിച്ചതെന്ന കൗതുകകരമായ വെളിപ്പെടുത്തലും വാർത്താസമ്മേളനത്തിൽ അദ്ദേഹം നടത്തി.

പ്രമുഖ സംവിധായകൻ എസ്.എസ്. രാജമൗലിക്ക് സിനിമയിലേക്ക് കടന്നുവരാൻ പ്രചോദനമായ ചിത്രങ്ങളിലൊന്നാണ് ‘ജെന്‍റിൽമാൻ’ എന്നും കുഞ്ഞുമോൻ അഭിപ്രായപ്പെട്ടു. രാജമൗലിയുമായും സംഗീതസംവിധായകൻ എം. എം. കീരവാണിയുമായുമുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

33 വർഷങ്ങൾക്കിപ്പുറവും പ്രസക്തമായ സാമൂഹിക പ്രമേയം

വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും സാമ്പത്തിക അസമത്വവും പ്രമേയമാക്കിയ ‘ജെന്‍റിൽമാൻ’ വെറുമൊരു വാണിജ്യചിത്രമായിരുന്നില്ലെന്ന് കുഞ്ഞുമോൻ ചൂണ്ടിക്കാട്ടി.

ഉയർന്ന മാർക്ക് നേടിയിട്ടും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസാവസരങ്ങൾ നിഷേധിക്കപ്പെടുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളാണ് ചിത്രം അവതരിപ്പിച്ചത്

33 വർഷങ്ങൾക്ക് മുമ്പ് സിനിമ ഉയർത്തിയ ചോദ്യങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ടെന്നും പുതിയ തലമുറ ഈ ചിത്രം കാണണമെന്ന ആഗ്രഹമാണ് റീ-റിലീസിന് പിന്നിലെ പ്രധാന പ്രചോദനമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ജെന്‍റിൽമാൻ 2’ ചിത്രീകരണം പുനരാരംഭിക്കും; കൂടുതൽ സൂപ്പർഹിറ്റ് ചിത്രങ്ങളും റീ-റിലീസിലേക്ക്

ആരാധകർ കാത്തിരിക്കുന്ന ‘ജെന്റിൽമാൻ 2’ സംബന്ധിച്ച പുതിയ വിവരങ്ങളും കുഞ്ഞുമോൻ പങ്കുവെച്ചു. ചിത്രത്തിന്‍റെ ഒരു ഷെഡ്യൂൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ചില തടസ്സങ്ങളെത്തുടർന്ന് നിർത്തിവച്ച ചിത്രീകരണം 2027 ജനുവരി–ഫെബ്രുവരി മാസങ്ങളിൽ പുനരാരംഭിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം അറിയിച്ചു.

‘കാതൽ ദേശം’, ‘രക്ഷകൻ’,’സൂര്യൻ’ തുടങ്ങിയ തന്‍റെ ജനപ്രിയ ചിത്രങ്ങളും വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കുഞ്ഞുമോൻ വെളിപ്പെടുത്തി.

മലയാള സിനിമയിലേക്ക് വീണ്ടും എത്താൻ ആഗ്രഹം

മലയാള സിനിമയുമായുള്ള തന്‍റെ ദീർഘകാല ബന്ധത്തെക്കുറിച്ചും കുഞ്ഞുമോൻ മനസ്സുതുറന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുമായുള്ള അനുഭവങ്ങളും ‘അഥർവം’ ഉൾപ്പെടെയുള്ള ചിത്രങ്ങളുമായുള്ള ബന്ധവും അദ്ദേഹം ഓർമ്മിച്ചു.

മലയാളത്തിൽ വീണ്ടും സിനിമ നിർമിക്കാൻ താൽപര്യമുണ്ടെന്നും മികച്ച കഥകളുമായി എത്തുന്ന പുതിയ സംവിധായകർക്കും കഴിവുള്ള അഭിനേതാക്കൾക്കും അവസരം നൽകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

താരമൂല്യത്തെക്കാൾ കഥയ്ക്കും പ്രതിഭയ്ക്കും പ്രാധാന്യം നൽകുന്ന സിനിമകളാണ് തന്‍റെ ലക്ഷ്യമെന്നും ഇന്ത്യൻ സിനിമയെ വലിയൊരു ആഗോള വ്യവസായമായാണ് കാണുന്നതെന്നും കുഞ്ഞുമോൻ കൂട്ടിച്ചേർത്തു.

ഡിസംബർ 11-ന് ‘ജെന്‍റിൽമാൻ’ വീണ്ടും ചരിത്രമെഴുതാൻ

പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൃശ്യങ്ങൾ മെച്ചപ്പെടുത്തിയ 4K പതിപ്പിലാണ് ‘ജെന്‍റിൽമാൻ’ ഡിസംബർ 11-ന് ലോകമെമ്പാടും വീണ്ടും റിലീസ് ചെയ്യുന്നത്.

പഴയ തലമുറയ്ക്ക് ഗൃഹാതുരത്വം സമ്മാനിക്കുന്നതിനൊപ്പം പുതിയ തലമുറയ്ക്ക് വലിയ സ്ക്രീനിൽ ചിത്രത്തിന്‍റെ ദൃശ്യവിസ്മയവും സംഗീതവും അനുഭവിക്കാനുള്ള അവസരമാണ് റീ-റിലീസ് ഒരുക്കുന്നത്.

റീ-റിലീസിന്‍റെ ഭാഗമായി ഡിസംബർ 2-ന് ചെന്നൈയിലെ സത്യം തിയേറ്ററിൽ പ്രത്യേക പരിപാടിയും സംഘടിപ്പിക്കും.

ഗ്രേസ് ഫിലിം മീഡിയയുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ ചിത്രത്തിന്‍റെ വിതരണക്കാരനായ അനിൽ കുമാറും മറ്റ് അണിയറപ്രവർത്തകരും പങ്കെടുത്തു. ചടങ്ങിൽ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് കെ.ടി. കുഞ്ഞുമോനെ ആദരിച്ചു. ചിത്രത്തിന്‍റെ റീ-റിലീസിന് പ്രേക്ഷകരുടെയും മാധ്യമങ്ങളുടെയും പിന്തുണ അഭ്യർത്ഥിച്ചുകൊണ്ടാണ് കെ. ടി. കുഞ്ഞുമോൻ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സന്യാസജീവിതം സ്വീകരിച്ചാലും കുടുംബസ്വത്ത് നഷ്ടപ്പെടില്ല; ആചാരങ്ങൾക്ക് മുകളിലാണ് നിയമമെന്ന് ഹൈക്കോടതി

സന്യാസജീവിതം സ്വീകരിച്ചാലും കുടുംബസ്വത്ത് നഷ്ടപ്പെടില്ല; ആചാരങ്ങൾക്ക് മുകളിലാണ് നിയമമെന്ന് ഹൈക്കോടതി

9 മണിക്കൂർ മുൻപ്
കൊച്ചിയിൽ സിനഗോഗിന് സമീപം തീയിട്ട സംഭവം; എബിൻ ബി. പോളിനെ നാല് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

കൊച്ചിയിൽ സിനഗോഗിന് സമീപം തീയിട്ട സംഭവം; എബിൻ ബി. പോളിനെ നാല് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

21 മണിക്കൂർ മുൻപ്
​ഇ20 പെട്രോൾ വിവാദം; കർണാടകയുടെ പരിശോധനാ രീതിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപി

​ഇ20 പെട്രോൾ വിവാദം; കർണാടകയുടെ പരിശോധനാ രീതിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപി

23 Nov 2026
നൂലിഴകളുടെ ചരിത്രവുമായി ‘മാസ്റ്റേഴ്സ് ഇൻ മേക്കിംഗ്’ പ്രദർശനത്തിന് ഫോർട്ട് കൊച്ചി പെപ്പർ ഹൗസിൽ തുടക്കമായി

നൂലിഴകളുടെ ചരിത്രവുമായി ‘മാസ്റ്റേഴ്സ് ഇൻ മേക്കിംഗ്’ പ്രദർശനത്തിന് ഫോർട്ട് കൊച്ചി പെപ്പർ ഹൗസിൽ തുടക്കമായി

23 Nov 2026
ഇന്തോനേഷ്യയിൽ മിഠായി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 24 മരണം; നിരവധി പേരെ കാണാതായി

ഇന്തോനേഷ്യയിൽ മിഠായി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 24 മരണം; നിരവധി പേരെ കാണാതായി

23 Nov 2026
ക്രിസ്മസിന് തിയേറ്ററുകൾ കീഴടക്കാൻ എസ്.ഐ. ടി.എസ്. ലൗലജൻ; മോഹൻലാൽ-തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’ ഡിസംബർ 24-ന് എത്തും

ക്രിസ്മസിന് തിയേറ്ററുകൾ കീഴടക്കാൻ എസ്.ഐ. ടി.എസ്. ലൗലജൻ; മോഹൻലാൽ-തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’ ഡിസംബർ 24-ന് എത്തും

23 Nov 2026