സിജെപി പ്രക്ഷോഭം: ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റിന്‍റെ വില ഇരട്ടിയായി

ഡൽഹി എയർ പോർട്ട്

ന്യൂഡൽഹി: കോക്രോച്ചസ് ജനതാ പാർട്ടിയുടെ പ്രക്ഷോഭത്തിനു പിന്നാലെ ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയായി വർധിച്ചു. പ്രക്ഷോഭം അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി സർക്കാർ ഡൽഹിയിലേക്കുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കിയിരുന്നു. വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് ടിക്കറ്റ് നിരക്ക് ഇരട്ടിയായി വർധിച്ചിരിക്കുന്നത്.

പ്രക്ഷോഭം തടയുന്നതിന്‍റെ ഭാഗമായി ഡൽഹിയിലെ 45 മെട്രൊ സ്റ്റേഷനുകളും സർക്കാർ അടച്ചിട്ടിരിക്കുകയാണ്. പ്രക്ഷോഭം നീളുകയാണെങ്കിൽ വിമാനടിക്കറ്റിന്‍റെ നിരക്ക് ഇനിയും കൂടാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു. തിങ്കളാഴ്ച നവരാത്രി ആഘോഷം തുടങ്ങാനിരിക്കേയാണ് ഡൽഹിയിൽ പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.

വാരാണസിയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ശനിയാഴ്ച 14,000 രൂപ വരെ വർധിച്ചിട്ടുണ്ട്. അമൃത്‌സറിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് 8000 രൂപയായി വർധിച്ചു. ലുധിയാനയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് 12,987 വരെ കൂടിയിരുന്നു. പിന്നീട് വൈകിട്ടോടെ 4,301 രൂപയായി കുറഞ്ഞു.

Tags

Share this story