ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനം; പത്ത് പേർ മരിച്ചു, കനത്ത നാശനഷ്ടം
Aug 14, 2025, 14:45 IST
ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ മേഘവിസ്‌ഫോടനം. പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് കനത്ത നാശനഷ്ടമുണ്ടായത്. പത്ത് പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തകർ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കിഷ്ത്വാർ കലക്ടറുമായി സംസാരിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ചോസിതി മേഖലയിൽ കാര്യമായ ആൾനാശത്തിന് കാരണമായേക്കാവുന്ന മേഘവിസ്‌ഫോടനമുണ്ടായിട്ടുണ്ട്. ഭരണകൂടം രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തകർ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു അപകടത്തെ കുറിച്ച് അറിഞ്ഞയുടൻ സിവിൽ, പോലീസ്, സൈന്യം, ദുരന്തനിവാരണ സേനകൾക്ക് രക്ഷാപ്രവർത്തനത്തിന് നിർദേശം നൽകിയതായി ജമ്മു കാശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ പറഞ്ഞു. മചൈൽ മാത തീർഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്നിടത്താണ് മേഘവിസ്‌ഫോടനമുണ്ടായത്
