സംഘടനയിൽ സാമൂഹിക പ്രാതിനിധ്യം ഉറപ്പാക്കാൻ നിർണായക നീക്കവുമായി കോൺഗ്രസ്; പുതിയ ദേശീയ സെക്രട്ടറിമാരുടെ പട്ടികയിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് പകുതി പ്രാതിനിധ്യം.
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളുടെയും സംഘടനാ വിഭാഗങ്ങളുടെയും ചുമതലകൾക്കായി 81 ദേശീയ സെക്രട്ടറിമാരെ നിയമിച്ച് കോൺഗ്രസ്. പാർട്ടിയുടെ സംഘടനാ സംവിധാനത്തിൽ നിർണായകമായ അഴിച്ചുപണിയുടെ ഭാഗമായാണ് പുതിയ നിയമനങ്ങൾ. നിയമിതരായവരിൽ 43 പേർ പുതുമുഖങ്ങളാണ്. നേരത്തെ ചുമതല വഹിച്ചിരുന്ന 25 നേതാക്കളെ മാറ്റുകയും ചെയ്തു. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കത്തിൽ സാമൂഹിക പ്രാതിനിധ്യത്തിന് വലിയ പ്രാധാന്യമാണ് കോൺഗ്രസ് നൽകിയിരിക്കുന്നത്. ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പുതുതായി നിയമിതരായ ദേശീയ സെക്രട്ടറിമാരിൽ 50 ശതമാനം പേർ ഒബിസി, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്.
81 പേരിൽ 29 പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരാണ്. 20 പേർ ഒബിസി വിഭാഗത്തിൽ നിന്നും അഞ്ച് പേർ ഇബിസി വിഭാഗത്തിൽ നിന്നും 11 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നും അഞ്ച് പേർ പട്ടികവർഗ വിഭാഗത്തിൽ നിന്നുമാണ്. കൂടാതെ, 11 പേർ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇതോടെ പുതിയ സെക്രട്ടറിമാരിൽ മൂന്നിൽ രണ്ടോളം പേരും എസ്സി, എസ്ടി, ഒബിസി, ഇബിസി, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചത്. അതത് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംഘടനാ ചുമതലകൾക്കൊപ്പം വിവിധ വിഭാഗങ്ങളുടെ ഉത്തരവാദിത്തങ്ങളും പുതിയ സെക്രട്ടറിമാർക്ക് നൽകിയിട്ടുണ്ട്.
പുതുതായി നിയമിതരായവരിൽ 12 പേർ വനിതകളാണ്. ആകെ നിയമനങ്ങളുടെ ഏകദേശം 15 ശതമാനമാണിത്. കോൺഗ്രസിന്റെ ദേശീയ സെക്രട്ടറിമാരുടെ ശരാശരി പ്രായം 49 വയസാണ്. ഇവരിൽ മൂന്നിൽ രണ്ടുപേരും 50 വയസിൽ താഴെയുള്ളവരാണ്. കഴിഞ്ഞ സെപ്റ്റംബറിൽ പുതിയ ദേശീയ സെക്രട്ടറിമാരെ തിരഞ്ഞെടുക്കുന്നതിനായി രാഹുൽ ഗാന്ധി ഏകദേശം 200 പാർട്ടി നേതാക്കളുമായി അഭിമുഖം നടത്തിയിരുന്നു. സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി . പ്രിയങ്ക ഗാന്ധിയും ഈ നടപടിയിൽ പങ്കാളികളായിരുന്നു. അന്നുമുതൽ ഭാരവാഹി പ്രഖ്യാപനത്തിനായി പാർട്ടിക്കുള്ളിൽ വലിയ കാത്തിരിപ്പുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ ‘സാമൂഹിക നീതി’ എന്ന രാഷ്ട്രീയ സമീപനത്തിന്റെ സ്വാധീനം പുതിയ നിയമനങ്ങളിൽ വ്യക്തമാണ്.
ആശയവിനിമയം, പ്രചാരണം, മാധ്യമം, സമൂഹമാധ്യമം, ഡിജിറ്റൽ മീഡിയ തുടങ്ങിയ വിഭാഗങ്ങളുടെ ചുമതലയിൽ ഡോ. വിനീത് പുനിയയെയും രുചിര ചതുർവേദിയെയും പാർട്ടി നിലനിർത്തിയിട്ടുണ്ട്. പ്രണവ് ഝാ, ഗൗരവ് പാണ്ഡെ എന്നിവർക്ക് കോൺഗ്രസ് അധ്യക്ഷന്റെ ഓഫീസിലെ ചുമതലകൾ വീണ്ടും നൽകി ഉത്തർപ്രദേശിൽ അഭിഷേക് ദത്ത്, വരുൺ ചൗധരി, കുനാൽ ചൗധരി, ജഗദീഷ് ചന്ദർ ജംഗിദ്, അബ്ദുൽ ഹന്നാൻ, സഞ്ജീവ് ആര്യ എന്നിവരുടെ ചുമതലകളിൽ മാറ്റമില്ല. ചുമതലകളിൽ നിന്ന് ഒഴിവാക്കിയ 25 നേതാക്കളിൽ അംബ പ്രാസാദ്, ബി എം സന്ദീപ്, ചേതൻ ചൗഹാൻ, ചിരഞ്ജീവ് റാവു, ക്രിസ്റ്റഫർ തിലക്, ദേവേന്ദർ യാദവ്, ദിവ്യ മദേർണ, മൻസൂർ അലി ഖാൻ തുടങ്ങിയവരും ഉൾപ്പെടുന്നു. നവീൻ ശർമ, പി ഗോപി, പി വിശ്വനാഥൻ, പൃഥ്വിരാജ് സാഥെ, പൂനം പാസ്വാൻ, റോജി എം ജോൺ, ഋത്വിക് മക്വാന, എസ് എ സമ്പത്ത് കുമാർ, സഞ്ജന ജാതവ്, ഷാനവാസ് ആലം, ടി.എൻ. പ്രതാപൻ, ഉഷ നായിഡു, വിജയ് ജംഗിദ് എന്നിവരെയും ചുമതലകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോൺഗ്രസ് സംഘടനാ സംവിധാനത്തിൽ വിവിധ സംസ്ഥാനങ്ങളുടെയും വിഭാഗങ്ങളുടെയും ചുമതലയുള്ള നേതാക്കളുടെ മേൽനോട്ടത്തിലാണ് ദേശീയ സെക്രട്ടറിമാർ പ്രവർത്തിക്കുന്നത്. നേരിട്ടുള്ള പ്രവർത്തനങ്ങൾക്കും പാർട്ടിയുടെ അടിത്തട്ടിലുള്ള സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇവർക്ക് ഉത്തരവാദിത്തമുണ്ട്. അടുത്തിടെ മികച്ച പ്രകടനം കാഴ്ചവെച്ച ചില സെക്രട്ടറിമാർക്ക് തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളുടെ ചുമതലകൾ നൽകി പാർട്ടി നേതൃത്വം ഉയർന്ന ഉത്തരവാദിത്തങ്ങളിലേക്ക് നിയമിച്ചിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കോൺഗ്രസിൽ നെപ്പോ കിഡ്ഡുകളുടെ കാലം കഴിഞ്ഞു, തോന്നുമ്പോൾ കയറി വരാൻ പാർട്ടി വഴിയമ്പലമല്ല; ജിന്റോ ജോൺ

മുഖ്യമന്ത്രിയെ കാണാൻ അനുമതിയില്ലാതെ മുറിക്ക് മുന്നിലെത്തി; ഡൽഹി കേരള ഹൗസ് ജീവനക്കാർക്കെതിരെ നടപടി

ഗുണ്ടാത്തലവൻ നസീം ദുറാനി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ദാവൂദ് ഇബ്രാഹിമിന്റെ ‘ഡി കമ്പനി’യുമായി അടുത്ത ബന്ധം

പത്മജ വീണ്ടും കോൺഗ്രസിലേക്ക്; കരുണാകരൻ സ്മൃതി ദിന പരിപാടിയിൽ പങ്കെടുത്തേക്കും: പദവികൾ വേണ്ടെന്ന് നിലപാട്

പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനം: തീരുമാനം പാർട്ടി നേതൃത്വത്തിന് വിട്ട് കെ. മുരളീധരൻ
