ഗ്യാനേഷ് കുമാറിന്റെ രാജി: ബംഗളൂരുവിൽ സിജെപിയുടെ 'ചെരുപ്പ് സമരം'; പ്രകാശ് രാജും ധ്രുവ് റാഠിയും വേദിയില്‍
ബംഗളൂരു: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപിയുടെ ചെരുപ്പ് സമരം പുരോഗമിക്കുന്നു.
നടന്‍ പ്രകാശ് രാജ്, യു ട്യൂബറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠി എന്നിവർ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെക്ക് ഒപ്പം വേദിയിലെത്തി. ബംഗളൂരുവിലെ ഫ്രീഡം പാർക്കിലാണ് സമരം. എസ്ഐആർ കേവലമൊരു വോട്ട് മോഷണം മാത്രമല്ലെന്നും, ഇതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ മുഴുവൻ ജനങ്ങളെയും അപമാനിച്ചിരിക്കുകയാണെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി.
"ഈ രാജ്യത്ത് ആര് ഭരിക്കണമെന്ന് ജനങ്ങളാണ് തീരുമാനിച്ചിരുന്നത്. എന്നാൽ എസ്ഐആർ വന്നതോടെ ആര് വോട്ട് ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുന്ന സ്ഥിതിയായി. ഇതൊരു ശുദ്ധീകരണ പ്രക്രിയയല്ല. പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റുന്നത് വെറുമൊരു സംഖ്യ മാത്രമായി കാണാനാവില്ല. ഇതിന് പിന്നിൽ കൃത്യമായ ഒരു പാറ്റേണുണ്ട് — ന്യൂനപക്ഷങ്ങൾ, ആദിവാസികൾ, മുസ്‌ലിംകള്‍ എന്നിവരുടെ വോട്ടുകളാണ് പ്രധാനമായും നീക്കം ചെയ്യപ്പെടുന്നത്''- പ്രകാശ് രാജ് പറഞ്ഞു.
വോട്ടുകൾ സംരക്ഷിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇതിനുപിന്നാലെ ഒക്ടോബർ പത്തിന് ഡൽഹി ജന്തർമന്തറിൽ വിദ്യാർഥിസംഘടനകളുമായും പ്രതിപക്ഷ പാർട്ടികളുമായും ചേർന്നും സിജെപി പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ട്.
ഒക്ടോബർ പത്തിന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിലും ധ്രുവ് റാഠിയും പ്രകാശ് രാജും അണിനിരക്കും.
