നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ജസ്റ്റിസ് യശ്വന്ത് വർമയുടെ ഹർജി തള്ളി

ഔദ്യോഗിക വസതിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഹർജി സുപ്രീം കോടതി തളളി. ഹർജി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ആഭ്യന്തര സമിതിയുടെ അന്വേഷണം സമാന്തര നിയമസംവിധാനമല്ലെന്നും യശ്വന്ത് വർമ്മയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും കോടതി വിലയിരുത്തി. വ്യക്തമായ തെളിവുകളില്ലാതെയാണ് റിപ്പോർട്ടെന്നും തന്റെ വിശദീകരണം കേട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജസ്റ്റിസ് യശ്വന്ത് വർമ്മ സുപ്രീം കോടതിയെ സമീപിച്ചത്. തന്നെ പാർലമെന്റിൽ വിചാരണ ചെയ്യാനുള്ള ശുപാർശയും ജഡ്ജി ചുമതലയിൽ നിന്ന് മാറ്റിയ നടപടിയും ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. നിയമപരമായ അനുമതിയില്ലാതെയായിരുന്നു സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണം. ഇത് നടപടിക്രമങ്ങളുടെയും ഭരണനിർവ്വഹണ സ്വഭാവത്തിന്റെയും ലംഘനമാണ്. ആഭ്യന്തര അന്വേഷണത്തിന് നിയമപരമായോ ഭരണഘടനാപരമായോ പിന്തുണയില്ല. ഭരണഘടനാ പദവിയിൽ നിന്ന് നീക്കാൻ രാഷ്ട്രപതിയോട് ചീഫ് ജസ്റ്റിസിന് ശുപാർശ ചെയ്യാനാവില്ല എന്നുമാണ് യശ്വന്ത് വർമ്മ ചൂണ്ടിക്കാട്ടിയത്.  

Tags

Share this story