ജമ്മു കാശ്മീരിൽ എൻ സി- കോൺഗ്രസ് സഖ്യം അധികാരത്തിലേക്ക്; ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകും
ഒരു പതിറ്റാണ്ടിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജമ്മു കാശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം അധികാരത്തിലേക്ക്. എൻ സി നേതാവ് ഒമർ അബ്ദുള്ള മുഖ്യമന്ത്രിയായേക്കും. മത്സരിച്ച രണ്ടിടത്തും ഒമർ മുന്നിലാണ്. ബിജെപിയുടെ ലീഡ് ജമ്മു മേഖലയിൽ മാത്രമായി ഒതുങ്ങി. മെഹബൂബ മുഫ്തിയുടെ പിഡിപി മൂന്ന് സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്
എൻ സി-കോൺഗ്രസ് സഖ്യം 49 സീറ്റുകളിലാണ് മുന്നേറുന്നത്. 2014ൽ 27 സീറ്റുകളിലാണ് സഖ്യം വിജയിച്ചിരുന്നത്. ഇന്ന് 28 സീറ്റുകളിൽ വിജയിച്ച പിഡിപി ഇത്തവണ മൂന്ന് സീറ്റിൽ ഒതുങ്ങി. ബിജെപി 25 സീറ്റിലാണ് 2014ൽ വിജയിച്ചതെങ്കിൽ ഇത്തവണ 29 ആയി ഉയർന്നു.
മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ അടക്കം തോറ്റു. ജനവിധി അംഗീകരിക്കുന്നുവെന്നും പ്രവർത്തകരോട് നന്ദി പറയുന്നുവെന്നും ഇൽതിജ പറഞ്ഞു. കുൽഗാമിൽ സിപിഎം സ്ഥാനാർഥി മുഹമ്മദ് യൂസഫ് തരിഗാമിയാണ് മുന്നിട്ട് നിൽക്കുന്നത്.