BusinessTechnology

മാറ്റം തോന്നും; ട്രോളാകില്ല പുതിയ ഐ ഫോണ്‍ 17

ഐ ഫോണ്‍ 17 മോഡല്‍ വ്യത്യസ്തമായേക്കും

പഴയ മോഡലില്‍ നിന്ന് കാര്യമായ വ്യത്യാസമില്ലാതെയാണ് പുതിയ മോഡല്‍ ഇറക്കാറുള്ളതെന്ന ഐഫോണിന്റെ ചീത്ത പേര് മാറാന്‍ പോകുന്നു. പുതിയ മോഡല്‍ ഇറങ്ങുന്നതും കാത്ത് ട്രോളാനിരിക്കുന്ന ട്രോളന്മാര്‍ക്ക് വിഷമിക്കേണ്ടി വരും. ഐ ഫോണിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ മോഡലില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പുതിയ മോഡലില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 സ്ലിം, ഐഫോണ്‍ 17 പ്രൊ, ഐഫോണ്‍ 17 പ്രോമാക്സ് എന്നിങ്ങനെ നാല് വേരിയന്റുകള്‍ ഉണ്ടാകും. ഐഫോണ്‍ 17 സ്ലിം എന്ന വേരിയന്റ് പുതിയതാണ്. ഇതിനുമുമ്പ് ഇറങ്ങിയ മോഡലുകളില്‍ സ്ലിം വേരിയന്റ് ആപ്പിള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

നിലവിലെ ഡിസൈനുകളില്‍ നിന്ന് വ്യത്യസ്തമായി ക്യാമറ ബമ്പ് ഉള്‍പ്പെടെ വലിയ മാറ്റങ്ങളാണ് വരുന്നതെന്നാണ് ആപ്പിള്‍ ഉത്പന്നങ്ങളേപ്പറ്റിയുള്ള വിവരങ്ങള്‍ പങ്കുവെക്കുന്ന ആപ്പിള്‍ട്രാക്ക് എന്ന വെബ്സൈറ്റ് പറയുന്നത്. 2025 സെപ്റ്റംബറില്‍ ഐഫോണ്‍ 17 മോഡലുകളുടെ ആഗോള ലോഞ്ച് നടക്കുമെന്നാണ് ആപ്പിള്‍ട്രാക്ക് അവകാശപ്പെടുന്നത്. ഐഫോണ്‍ 16 പ്രൊ സീരിസിന്റെ പുതിയ വേര്‍ഷന്‍ ആകും 17 പ്രൊ എന്നാണ് കരുതുന്നത്. എന്നാല്‍ അത് മാത്രമാകില്ല, ഡിസൈനില്‍ അടക്കം മാറ്റങ്ങള്‍ക്ക് വിധേയമായാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഐഫോണ്‍ 17 പ്ലസ് വേരിയന്റിന് പകരമാണോ അതോ പ്ലസ് വേരിയന്റ് വേറെയുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ടൈറ്റാനിയത്തിന് പകരം അലുമിനിയം ബോഡിയിലാകും ഐഫോണ്‍ 17 മോഡലുകള്‍ വരിക.

 

Related Articles

Back to top button