രാജ്യത്ത് ആർക്കും എംപോക്‌സ് ബാധയില്ല; സംസ്ഥാനങ്ങൾ ജാഗ്രത കൈവിടരുതെന്നും കേന്ദ്രം
ഇന്ത്യയിൽ ആർക്കും എംപോക്‌സ് രോഗബാധയില്ലെന്ന് ആരോഗ്യ മന്ത്രാലയം. പരിശോധിച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവായി. എന്നാൽ സംസ്ഥാനങ്ങൾ ജാഗ്രത കൈവിടരുതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. എംപോക്‌സ് ലക്ഷണങ്ങളുമായി സംശയിക്കുന്നവരെ സ്‌ക്രീനിംഗ് ചെയ്യുകയും ടെസ്റ്റിംഗ് നടത്തുകയും ചെയ്യണമെന്നും കേന്ദ്രം നിർദേശിച്ചു.
രോഗബാധയുള്ളവരെ ഐസോലേഷന് വിധേയമാക്കണം. രോഗവ്യാപനം തടയാൻ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും നിർദേശമുണ്ട്. പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ സംബന്ധിച്ച് സംസ്ഥാന, ജില്ലാതലങ്ങളിലെ സീനിയർ ഉദ്യോഗസ്ഥർ അവലോകനം നടത്തണം.
സംശയിക്കപ്പെടുന്ന കേസുകളും സ്ഥിരീകരിച്ചവയും വേണ്ടത്ര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാൻ ഐസോലേഷൻ സൗകര്യങ്ങൾ ആശുപത്രികളിൽ ഉറപ്പ് വരുത്തണം. ഇത്തരം സാഹചര്യങ്ങളിൽ മതിയായ ജീവനക്കാരുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കേന്ദ്രത്തിന്റെ നിർദേശത്തിലുണ്ട്