പവിത്ര: ഭാഗം 13

പവിത്ര: ഭാഗം 13

എഴുത്തുകാരി: തപസ്യ ദേവ്‌

പവിത്രയിൽ നിന്നും ഇങ്ങനൊരു മറുപടി തന്നെയായിരുന്നു അവർ പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവർക്ക് അതിൽ വലിയ നിരാശ ഒന്നും തോന്നിയിരുന്നില്ല.

” അച്ഛൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് അമ്മയെയും ചേച്ചിയെയും കാണാൻ. ഇനി ജീവിതത്തിലോട്ട് ഒരു മടങ്ങി വരവില്ല ആ മനുഷ്യന്… ആ ഒരു കാരണം കൊണ്ട് മാത്രമാണ് ഞാൻ ചേച്ചിയേ ബുദ്ധിമുട്ടിക്കുന്നത്… ”

” അതിന് വേണ്ടി നീ ഇവിടെ നിന്ന് കാല് കഴക്കണം എന്നില്ല. എനിക്ക് ആരെയും കാണണ്ട നിനക്ക് പോകാം ”

ആദർശ് സങ്കടത്തോടെ ഡേവിഡിനെ ഒന്ന് നോക്കിയിട്ട് ലൈബ്രറിയിൽ നിന്നും ഇറങ്ങി പോയി.

” ആരെ കാണിക്കാന ഈ വാശിയും വെച്ചിരിക്കുന്നത്…. സ്വന്തം അച്ഛനല്ലേ കാണണം എന്ന് പറയുന്നത്. അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കാനുള്ള കടമ മകളായ തനിക്ക് ഇല്ലേ ”

അവന്റെ ചോദ്യവും ഭാവവും ഒന്നും അവളെ തെല്ലും കുലുക്കിയില്ല..

” കടമ… !!
അത് മക്കൾ അച്ഛനോട് മാത്രം നിർവഹിക്കേണ്ട ഒന്നാണോ മിസ്റ്റർ ഡേവിഡ്….
ഈ പറയുന്നത് തിരിച്ചും ബാധകമല്ലേ…
എന്റെ ജീവിതം എന്താണെന്ന് നിങ്ങൾക്ക് അറിയില്ല. അറിയാത്ത കാര്യങ്ങളിൽ ഇടപെടാതെ ഇരിക്കുന്നത് അല്ലേ നല്ലത് ”

” എനിക്ക് അറിയാം… എല്ലാം എനിക്ക് അറിയാം
അച്ഛനോട് നീ കാണിക്കുന്ന അവഗണനയുടെ പിന്നിലെ സത്യം അദ്ദേഹത്തിന് മറ്റൊരു ഭാര്യയും മകനും ഉണ്ടെന്നുള്ളത് അല്ലേ ”

” ആഹാ കണ്ടുപിടിച്ചു കളഞ്ഞല്ലോ… ആഹ് കണ്ടുപിടുത്തം അങ്ങനെ തന്നെ ഇരിക്കട്ടെ ഡേവിഡ്…. കൂടുതലായുള്ള കാര്യങ്ങൾ ഒന്നും തന്നെ ബോധിപ്പിക്കേണ്ട കാര്യം എനിക്ക് ഇല്ല…
എന്റെ കാര്യങ്ങളിൽ ദയവ് ചെയ്ത് താൻ ഇടപെടാൻ വരരുത്. താനും തന്റെ കൂട്ടുകാരൻ മാധവും ഒക്കെ ഏത് തരക്കാർ ആണെന്ന് എനിക്ക് നന്നായി അറിയാം. ”

അത്രയും കേട്ടപ്പോൾ തന്നെ ഡേവിഡിന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു. മാധവിനെ പോലെ തന്നെയാണ് താനും എന്നാണ് പവിത്ര കരുതിയിരിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ ഹൃദയത്തിൽ ഒരു വേദന അനുഭവപ്പെട്ടു.

തിരിച്ചു ഒന്നും പറയാതെ അവൻ അവിടെ നിന്നും തിരിഞ്ഞു നടന്നു. കഴിഞ്ഞ ദിവസം ആദർശിനെ കണ്ട കാര്യം അവൻ ഓർത്തു.

അമ്പലത്തിൽ നിന്നും തിരിച്ചു ബൈക്കിൽ പോകാൻ ഇറങ്ങിയ അവനെ ഡേവിഡ് തടഞ്ഞു നിർത്തി.

” എന്താ… ”

” താനും പവിത്രയും തമ്മിൽ എന്താ പ്രശ്നം ”
അതു ചോദിക്കയും വണ്ടി ഓഫ് ചെയ്തു അവൻ ചാവി എടുത്തു.

” ഡോ താൻ എന്താ ഈ കാണിക്കുന്നത്… എന്റെ വ്യക്തി പരമായ കാര്യങ്ങളിൽ തലയിടാൻ ഇയാൾ ആരാ ”
അവൻ ബൈക്കിൽ നിന്നും ചാടിയിറങ്ങി.

” ഡാ ചെറുക്കാ നിന്നോട് ദേഷ്യപ്പെട്ട പവിത്ര ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ… അവൾ നിന്നോട് വഴക്ക് ഇട്ടെങ്കിൽ അതിന്റെ കാരണം അറിയാൻ എന്നേക്കാൾ യോഗ്യത ഉള്ള ആള് വേറെ ആരാ ”

” ചേട്ടൻ പവിത്രേച്ചിയെ കെട്ടാൻ പോകുന്ന ചെക്കൻ ആണോ… ”

” ശ്ശെടാ ചെറുക്കന്റെ മുഖത്തെ കലിപ്പ് എല്ലാം മാറിയല്ലോ ”
അവന്റെ മുഖത്തെ വിനയവും സന്തോഷവും ഒക്കെ കണ്ടപ്പോൾ ഡേവിഡ് മനസ്സിൽ ആലോചിച്ചു.

” ആഹ് അതേ… ഇനി പറ നിന്റെ പേരെന്താ… എന്താ പവിത്രയും ആയുള്ള പ്രശ്നം..?? ”

” എന്റെ പേര് ആദർശ്… എന്റെ ചേച്ചിയാണ് പവിത്ര ”
അവൻ മടിച്ചു മടിച്ചു ആണ് അത് പറഞ്ഞത്.

” ചേച്ചിയോ പവിത്രയ്ക്ക് ഒരു അനിയൻ മാത്രേയുള്ളല്ലോ പ്രശാന്ത്‌… ”
ഡേവിഡ് സംശയത്തോടെ ചോദിച്ചു.

” അത് ചേട്ടാ… ഞങ്ങളുടെ അച്ഛൻ ഒരാളാണ് കൃഷ്ണൻ… അമ്മ വേറെയാണ്. ”
അത് പറയുമ്പോൾ ആദർശ് ഡേവിഡിന്റെ മുഖത്തേക്ക് നോക്കാതെ കുനിഞ്ഞു നിൽക്കുകയായിരുന്നു.

പവിത്രയുടെ അച്ഛനെ കുറിച്ചുള്ള ഏകദേശം കാര്യങ്ങളൊക്കെ രാജേഷ് പറഞ്ഞിട്ടുള്ളത് കൊണ്ട് ഈ കാര്യം അറിഞ്ഞപ്പോൾ ഡേവിഡിന് വലിയ ഞെട്ടൽ ഒന്നും ഉണ്ടായില്ല.
അപകർഷതാബോധത്തോടെ തല താഴ്ത്തി നിൽക്കുന്ന ആദർശിന്റെ തോളിൽ അവൻ കൈ വെച്ചു.

” മ്മ് എനിക്ക് മനസ്സിലായി….
പവിത്രയ്ക്ക് നിങ്ങളെ ഇഷ്ടം അല്ലെങ്കിൽ പിന്നെ നീ എന്തിനാ ഇങ്ങനെ നാണംകെട്ട് അവളുടെ പുറകേ ചെല്ലുന്നത് ”

” ചേട്ടന് ചേച്ചിയേ കുറിച് അറിയാൻ മേലാഞ്ഞിട്ട് ആണ്… പുറമെ കാണിക്കുന്ന ഈ ദേഷ്യവും വെറുപ്പും ഒന്നും എന്നോടും അമ്മയോടും ചേച്ചിക്ക് ഇല്ല ”
ആദർശ് പറഞ്ഞത് വിശ്വാസമാകാത്ത പോലെ ഡേവിഡ് അവനെ നോക്കി.

” ഞാൻ പറഞ്ഞത് സത്യമാണ്… എന്നെയും അമ്മയെയും നോക്കുന്നത് ഞങ്ങളുടെ അച്ഛൻ എന്ന് പറയുന്ന ആ മനുഷ്യൻ അല്ല.അയാൾ ജന്മം തന്നു എന്നല്ലാതെ ഒരു അച്ഛന്റെ കടമകൾ നിർവഹിച്ചിട്ടില്ല….അച്ഛന്റെ എന്നല്ല അയാളൊരു നല്ല ഭർത്താവും ആയിരുന്നില്ല എന്റെ അമ്മയ്ക്ക്. ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നില്ല കുറച്ചു നാൾ വരെ അച്ഛൻ. വളരെ ബുദ്ധിമുട്ടിൽ ആയിരുന്നു ഞാനും അമ്മയും ജീവിച്ചിരുന്നത് അതും ഒരു വാടക വീട്ടിൽ. അമ്മ തയ്ച്ചു ഉണ്ടാക്കുന്ന പണം മാത്രമായിരുന്നു ഞങ്ങളുടെ വരുമാനം. അപ്പോഴൊന്നും അച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വരാറില്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് ചങ്ങനാശ്ശേരിയിൽ ഒരു വീട് വാടകയ്ക്ക് എടുത്തു തരികയും മുടങ്ങാതെ വാടക കൊടുക്കുകയും എന്റെ പഠിപ്പിന്റെ കാര്യങ്ങൾ നോക്കുകയും എല്ലാം ചെയ്യാൻ ഒരു കൈമൾ സാർ വന്നത്.
ചേട്ടന് കൈമൾ സാറിനെ അറിയുമോ ”

അറിയാമെന്നു ഡേവിഡ് പറഞ്ഞു.

” ആ കൈമൾ സാർ ആണ് എല്ലാം ചെയ്തു തരുന്നത് . അദ്ദേഹം പറഞ്ഞാണ് ഞാൻ അറിയുന്നത് പവിത്രേച്ചിയാണ് ഞങ്ങൾക്ക് വേണ്ടി ഇതെല്ലാം അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിക്കുന്നതെന്ന്.പക്ഷേ പവിത്രേച്ചിക്ക് എങ്ങനെ ഞങ്ങളെ കുറിച്ച് അറിയാം എന്ന് മാത്രം എനിക്ക് ഇതുവരെ ആയിട്ടും അറിയില്ല. സാർ ചേച്ചിയേ കുറിച്ച് പറഞ്ഞ അന്ന് മുതൽ പവിത്രേച്ചിയോട് സംസാരിക്കാൻ ഞാൻ ശ്രമിക്കുന്നതാണ്….

എന്നാൽ നേരിൽ കാണുമ്പോഴൊക്കെ ഇതുപോലെ ആട്ടിയകറ്റാറെ ഉള്ളു. പക്ഷേ ഉള്ളിന്റെ ഉള്ളിൽ ഞങ്ങളോട് ചേച്ചിക്ക് സ്നേഹമേയുള്ളു എനിക്ക് അതറിയാം. ”
അതുപറയുമ്പോൾ അവന്റെ മുഖത്ത് സന്തോഷം ആയിരുന്നു.
ഡേവിഡിന്റെ മനസ്സിലും പവിത്രയോടുള്ള മതിപ്പ് പതിന്മടങ്ങ് വർദ്ധിച്ചു.

” ഇപ്പോൾ നീ എന്തിനാ പവിത്രയെ കാണാൻ വന്നത് ”

” ചെയ്തു കൂട്ടിയ തെറ്റുകൾക്ക് ദൈവം ഞങ്ങളുടെ അച്ഛന് കൊടുത്ത ശിക്ഷ ലിവർ സിറോസിസ്. ഇനി ഒന്നും ചെയ്യാനില്ല. അറിയിക്കാനുള്ളവരെ ഒക്കെ അറിയിച്ചോളാൻ ഡോക്ടർ പറഞ്ഞു. ”

” നിങ്ങളുടെ കൂടെ അച്ഛൻ ഇല്ലായിരുന്നു എന്നാണല്ലോ നീ ആദ്യം പറഞ്ഞത് ”
ഡേവിഡ് ഇടയ്ക്ക് കയറി ചോദിച്ചു.

” അതേ ഇല്ലായിരുന്നു. ഇടയ്ക്കിടെ വരുമായിരുന്നു. പിന്നെ പിന്നെ അതുമില്ലാതെ ആയി. ഈയ്യിടെ ഞാൻ ബ്ലഡ്‌ ഡൊണേഷന് വേണ്ടി ആ ഹോസ്പിറ്റലിൽ ചെല്ലുമ്പോഴാണ് അച്ഛൻ അവിടെ ഉണ്ടെന്നുള്ള കാര്യം അറിയുന്നത്. ആ അവസ്ഥയിൽ കണ്ടപ്പോൾ പെട്ടെന്ന് ഇട്ടിട്ടു പോരാൻ മനസ്സ് വന്നില്ല. അന്ന് മുതൽ ഞാനും അമ്മയും മാറി മാറി അച്ഛന്റെ അടുത്ത് തന്നെയുണ്ട്. കൈമൾ സാർ വഴി ചേച്ചിയും കാര്യങ്ങളൊക്കെ അറിഞ്ഞിരുന്നു. ചികിത്സക്കും മറ്റും ചേച്ചിയേ കൊണ്ട് കഴിയുന്ന പോലെ പൈസ സാറിന്റെ കൈവശം കൊടുത്തു വിടുന്നുമുണ്ട്. പക്ഷേ ഒന്ന് വന്നു കാണാനോ സംസാരിക്കാനോ ചേച്ചി തയാറല്ല.
സംസാരിക്കാൻ പറ്റുമ്പോൾ ഒക്കെ പത്മത്തിനെയും പവിത്രയെയും കാണണം എന്നാണ് അച്ഛൻ ആവശ്യപ്പെടുന്നത്.
അതുകൊണ്ട് ആണ് ഞാൻ ചേച്ചിയേ വന്നു കണ്ട് ഇത് പറയുന്നത്. ചേച്ചി വരില്ല. ”

ആദർശ് പറയുന്നതെല്ലാം കേട്ട് കുറച്ചു നേരം മിണ്ടാതെ നിന്ന് കൊണ്ട് എന്തോ ആലോചനയിൽ ആയിരുന്നു ഡേവിഡ്.

” അപ്പൊ നീ ഇനി നേരെ പോകുന്നത് ഹോസ്പിറ്റലിലേക്ക് ആണോ… ”

” അതേ ഹോസ്പിറ്റലിൽ പോവാ ”

” ആഹ് എന്നാൽ വാ ഞാനും വരുന്നുണ്ട് നിന്റെ കൂടെ…. നീ വണ്ടി എടുക്ക് ”
ബൈക്കിന്റെ ചാവി അവൻ ആദർശിനെ ഏൽപ്പിച്ചു.
രാത്രി ആയിരുന്നു ഹോസ്പിറ്റലിൽ എത്തിയപ്പോൾ. ആദർശ് പറഞ്ഞത് പോലെ വളരെ മോശം അവസ്ഥയിൽ ആയിരുന്നു അവരുടെ അച്ഛൻ.

അന്ന് അവിടെ തങ്ങാൻ അവൻ തീരുമാനിച്ചു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഡേവിഡും ആദർശും തമ്മിൽ അടുപ്പമേറിയ സുഹൃത്തുക്കളായി മാറി.
ചേട്ടൻ എന്ന വിളി മാറ്റി ആദർശ് അവനെ അളിയൻ എന്ന് വിളിക്കാൻ തുടങ്ങി.

” നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നോ അളിയാ… ”

” അതെന്താടാ നീ അങ്ങനെ ചോദിച്ചത് ”

” വേറൊന്നും കൊണ്ടല്ല രണ്ടു പേരും രണ്ടു മതം ആണല്ലോ അതാ ഞാൻ ചോദിച്ചത്… പിന്നെ കൈമൾ സാർ ഇങ്ങനൊരു കാര്യം എന്നോട് പറഞ്ഞിട്ടുമില്ല ”

” മ്മ് ആർക്കും അറിയില്ല… ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ ”
അതുപറയുമ്പോൾ പുറമെ ചിരിക്കുന്നുണ്ടെങ്കിലും ഇതെങ്ങാനും പവിത്ര അറിഞ്ഞാൽ തന്റെ ഗതി അധോഗതി ആകുമെന്ന് അവൻ മനസ്സിൽ ചിന്തിക്കുന്നുണ്ടായിരുന്നു.

കുറച്ചു പൈസ അവന്റെ കൈയ്യിൽ ഡേവിഡ് നൽകിയപ്പോൾ അവൻ ആവുന്നതും നിഷേധിക്കാൻ നോക്കി.

” നീ എന്നെ എന്താ വിളിക്കുന്നത്… അളിയൻ എന്ന് അല്ലേ… അത് നിന്റെ ചേച്ചിയേ കെട്ടാൻ പോകുന്ന ആളായത് കൊണ്ടല്ലേ. അങ്ങനെ വരുമ്പോൾ ഇത് എന്റെ ഉത്തരവാദിത്തം ആണ്. അതുകൊണ്ട് ഈ പണം നീ വാങ്ങിച്ചേ മതിയാകൂ ”
നിർബന്ധപൂർവ്വം ഡേവിഡ് ആ പൈസ അവന്റെ കയ്യിൽ വെച്ചു കൊടുത്തു.

എങ്ങനെങ്കിലും പവിത്രയെ പറഞ്ഞു സമ്മതിപ്പിക്കാമെന്ന പ്രതീക്ഷയിൽ ആയിരുന്നു ആദർശിനെയും കൂട്ടി ഇങ്ങോട്ട് വന്നത്. പക്ഷേ അത് നടന്നില്ല.
അറിഞ്ഞ അത്രയും കാര്യങ്ങൾ അവൻ രാജേഷിനെ വിളിച്ചു അറിയിക്കാൻ മറന്നിരുന്നില്ല.

ജോലി കഴിഞ്ഞു പവിത്ര നേരത്തെ ഇറങ്ങി. വരുന്ന വഴിയിൽ ഡേവിഡിനെ കണ്ടെങ്കിലും അവൻ അവളെ ശ്രദ്ധിക്കാതെ മുഖം കനപ്പിച്ചു നോട്ടം മറ്റൊരു ദിശയിലേക്ക് വ്യതിചലിപ്പിച്ചു. അതിൽ വലിയ അമ്പരപ്പൊന്നും അവൾക്ക് തോന്നിയില്ല. മറിച്ചു നല്ലൊരു മാറ്റമായി തോന്നി. ആവശ്യമില്ലാതെ തന്റെ കാര്യങ്ങളിൽ മറ്റൊരാൾ ഇടപെടുന്നത് അവൾക്ക് ഇഷ്ടമല്ലായിരുന്നു.

രണ്ടു ദിവസമായിട്ട് ഡേവിഡ് വീട്ടിൽ നിന്നും ആഹാരം കഴിക്കുന്നില്ലെന്ന് പത്മം പവിത്രയോട് പറഞ്ഞു. കഴിക്കാൻ വിളിച്ചപ്പോൾ അവൻ ഭക്ഷണം ഉണ്ടാക്കുന്നുണ്ട് അത് കഴിച്ചോളാമെന്ന് അമ്മയോട് പറഞ്ഞത്രേ.

” സത്യം പറ പവിത്രേ നീ എന്തെങ്കിലും അവനെ വിഷമിപ്പിക്കുന്നതായി പറഞ്ഞോ… അല്ലാതെ പെട്ടെന്നൊരു ദിവസം കൊണ്ട് ഡേവിച്ചൻ ഇങ്ങനൊരു തീരുമാനം എടുക്കില്ല ”
പത്മം പവിത്രയെ നോക്കി കണ്ണുരുട്ടി.

” അമ്മയ്ക്ക് എന്താ പ്രശ്നം അയാൾ ഇവിടെ നിന്നും കഴിച്ചില്ല എന്ന് പറഞ്ഞു. അല്ലേലും വല്ലവർക്കും ഒന്നും ഈ വീട്ടിൽ നിന്നും തിന്നാനും കുടിക്കാനും കൊടുക്കാമെന്ന് നേർച്ച ഒന്നുമില്ലല്ലോ. ഡേവിഡ് ഇവിടെ വാടകയ്ക്ക് താമസിക്കാൻ വന്ന ആളാണ് അതിൽ കൂടുതൽ ഒരു ബന്ധവും അയാളുമായി നമുക്കില്ല. ഉണ്ടാകാനും പാടില്ല…. എനിക്ക് അതിഷ്ടമല്ല ”

ഡേവിഡ് രാജേഷിനോട് കാര്യങ്ങൾ ഒക്കെ അറിയിച്ചത് അനുസരിച്ചു രാജേഷ് അവളെ വിളിക്കുകയും അമ്മയോട് ഈ കാര്യങ്ങൾ പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല രാജേഷ് തന്നെ മുരളി ഏട്ടനോടും പ്രശാന്തിനോടും അച്ഛന്റെ കാര്യം വിളിച്ചു പറഞ്ഞെന്നും അവളോട് പറഞ്ഞു. പുണ്യയുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ പെട്ടെന്ന് അവളോട് ഇതൊന്നും പറയണ്ട സാവധാനം പറഞ്ഞു മനസ്സിലാക്കിയാൽ മതിയെന്നും അവൻ പവിത്രയോട് പറഞ്ഞിരുന്നു.

താൻ ആയി രാജേഷ് ഏട്ടനോട് പറയേണ്ട കാര്യങ്ങൾ ഡേവിഡ് വിളിച്ചു പറഞ്ഞതിന്റെ ഒരു ദേഷ്യം അവളുടെ മനസ്സിൽ ഉണ്ടായിരുന്നു.

അമ്മ വാതിൽക്കലേക്ക് നോക്കി നിൽക്കുന്നത് കണ്ടാണ് പവിത്രയും അവിടേക്ക് നോക്കിയത്.

” എന്താ ഡേവിച്ചാ അവിടെ തന്നെ നിൽക്കുന്നത് അകത്തേക്ക് കേറി വാ എന്തേലും വേണോ ”
പത്മം അവന്റെ അടുത്തേക്ക് ചെന്നു.

” ഒന്നും വേണ്ടാ അമ്മച്ചി ഞാൻ ഈ പത്രം തിരികെ വെയ്ക്കാൻ വന്നതാ. എന്റെ പേര് പറയുന്നത് കേട്ടത് കൊണ്ട് ഇവിടെക്ക് വന്നതാ ”
അവൻ പത്രം പത്മത്തിന്റെ കയ്യിൽ കൊടുത്തു.

” പവിത്ര എന്തേലും പറഞ്ഞിട്ടുണ്ടെങ്കിൽ മോൻ അതൊന്നും കാര്യമാക്കണ്ട. ഡേവിച്ചൻ ഇരിക്ക് ഞാൻ ചായ എടുക്കാം ”

” വേണ്ടാ അമ്മച്ചി ഞാൻ ഇപ്പോൾ കാപ്പി ഇട്ടു കുടിച്ചതേയുള്ളു…..
പിന്നെ പവിത്ര മേഡം എന്നോടൊന്നും പറഞ്ഞിട്ടില്ല അതുകൊണ്ടൊന്നുമല്ല ഞാൻ ഇവിടുന്ന് കഴിക്കാത്തത്. എപ്പോഴും ഒരു വീട്ടിൽ വന്നു കഴിക്കുന്നത് അത്ര ശെരിയായ കാര്യമല്ലല്ലോ അതാ… എന്നാലും ഇടയ്ക്ക് സ്പെഷ്യൽ എന്തെങ്കിലും ഉണ്ടാക്കുമ്പോൾ എന്നെ വിളിക്കണം ഞാൻ വന്നോളാം അമ്മച്ചി ”

ഡേവിഡിന്റെ ചിരിയോടുള്ള വർത്തമാനം കണ്ടപ്പോൾ പത്മത്തിനും സമാധാനമായി. അവൻ പോയി കഴിഞ്ഞപ്പോൾ പവിത്ര അമ്മയോടായി ചോദിച്ചു

” അമ്മയ്ക്ക് അച്ഛനെ കാണണമെന്ന് ആഗ്രഹം ഉണ്ടോ ”
പെട്ടെന്ന് അങ്ങനെ പവിത്ര ചോദിച്ചപ്പോൾ പത്മം ഞെട്ടലോടെ അവളെ നോക്കി. പിന്നെ ആ ഞെട്ടൽ പതിയെ വിഷാദ ചുവയുള്ള ചിരിയായി മാറി.

” ജീവനോടെ ഉണ്ടോ ഇല്ലയോ എന്നുപോലും അറിയില്ല. പിന്നെ എന്തിനാ മോളെ നീ ഇപ്പോൾ ഇങ്ങനെ ചോദിക്കുന്നത്. ”

” അമ്മയ്ക്ക് കാണണം എന്ന് തോന്നിയിട്ടുണ്ടോ… “.
പവിത്ര വീണ്ടും ചോദ്യം ആവർത്തിച്ചു.

” എത്രയൊക്കെ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിലും കഴുത്തിൽ താലി കെട്ടിയവൻ അല്ലേ… എന്റെ കുഞ്ഞുങ്ങളുടെ അച്ഛൻ അല്ലേ…നീ എന്നോട് ദേഷ്യപ്പെടരുത് എനിക്ക് കാണണം എന്ന് ആഗ്രഹം ഉണ്ട് മോളെ ”

” ഓഹ് അപ്പോൾ ഞാൻ ആണല്ലേ വില്ലത്തി.. എന്നെ പേടിച്ചാണ് അമ്മ ഈ ആഗ്രഹം ഉള്ളിൽ ഒതുക്കുന്നത് അല്ലേ ”
പവിത്ര പുഞ്ചിരിയോടെ ചോദിച്ചു.

” അങ്ങനല്ല മോളെ….

” എനിക്ക് മനസിലാകും അമ്മേ ”

അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥയും ഇതുവരെയുള്ള കാര്യങ്ങളുമെല്ലാം പവിത്ര അമ്മയെ പറഞ്ഞു മനസ്സിലാക്കി.
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ആ അമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ താഴേക്ക് പതിച്ചു കൊണ്ടിരുന്നു. ആ കാഴ്ച മകൾ കാണാതെ ഇരിക്കാൻ അവർ മുഖം തിരിച്ചിരുന്നു. എങ്കിലും അമ്മ കരയുക ആണെന്നുള്ള യാഥാർഥ്യം പവിത്രയ്ക്ക് അറിയാമായിരുന്നു.

” എനിക്ക് കൃഷ്ണേട്ടനെ കാണണം മോളെ… ഒരു തവണ ഒരു തവണ മാത്രം ”

പോകാമെന്നോ പോകണ്ട എന്നോ പവിത്ര പറഞ്ഞില്ല. ഒരു തീരുമാനം എടുക്കാൻ കഴിയാതെ അവളുടെ മനസ്സും ചാഞ്ചാടുക ആയിരുന്നു. ( തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 9

പവിത്ര: ഭാഗം 10

പവിത്ര: ഭാഗം 11

പവിത്ര: ഭാഗം 12

Share this story