മിഥുനം: PART 13

Share with your friends

നോവൽ
****
എഴുത്തുകാരി: ഗായത്രി വാസുദേവ്

“നിഹാ…. ഞാൻ ഓർക്കാൻ ഇഷ്ടപ്പെടുന്ന ഓരോ നിമിഷത്തിലും നീ മാത്രമാണ്, അത് പ്രണയമാണോ പ്രാണനാണോ അറിയില്ലെനിക്ക്…. പക്ഷെ ഒന്നറിയാം നീ എന്നത് ഞാൻ തന്നെയാണ് എന്നിലലിഞ്ഞിരിക്കുന്നതും നീ തന്നെയാണ്.. എന്റെ മനസ്സിന് പുതിയ അവകാശികൾ പിറന്നേക്കാം പക്ഷെ യുഗങ്ങൾ കഴിഞ്ഞാലും ജന്മങ്ങൾ കഴിഞ്ഞാലും എന്നും നീ തന്നെയായിരിക്കും എനിക്ക് നഷ്ടമായ ആത്മാവിന്റെ ഏക അവകാശി…. ”
മിഥുൻ മന്ത്രിച്ചു.
(ഈ വരികൾ കഴിഞ്ഞ ഭാഗം വായിച്ചിട്ട് ആയിഷ ഫാത്തിമ എന്ന കുട്ടി കുറിച്ചതാണ്. അവളുടെ അനുവാദത്തോടെ ഞാൻ ഇത് കഥയിൽ ചേർക്കുന്നു . താങ്ക്സ് പാത്തൂ 😍😘)

ഇതേസമയം ഹർഷൻ മിഥുനരികിലേക്ക്ക് കടന്നുവന്നു. ഹർഷൻ വന്നതോ അവനരികിൽ ഇരുന്നതോ ഒന്നും മിഥുൻ അറിഞ്ഞതേയില്ല. അവന്റെ കണ്ണിലും മനസിലും നിഹ എന്ന അവന്റെ പ്രാണൻ നിറഞ്ഞിരുന്നു..

“മിഥു, “ഹർഷൻ പതിയെ വിളിച്ചു.

ഹർഷനെ മുന്നിൽ കണ്ടതും മിഥുൻ കവിളുകളെ ചുംബിച്ചൊഴുകിയ നീർമണികളെ തുടച്ചെറിഞ്ഞു പുഞ്ചിരിക്കാൻ ശ്രെമിച്ചു.
ഹർഷൻ പതിയെ മിഥുനെ എഴുന്നേൽപ്പിച്ചു കട്ടിലിലേക്ക് ചാരിയിരുത്തി സപ്പോർട്ടിന് തലയിണയും വെച്ചുകൊടുത്തു.

“മിഥു അമ്മ പറഞ്ഞു എല്ലാം. നിനക്ക് ഈ വിവാഹത്തിന് സമ്മതിച്ചുകൂടെ? ”

“എല്ലാം അറിഞ്ഞുവെച്ചുകൊണ്ട് ഇത് പറയാൻ നിനക്കെങ്ങനെ തോന്നി ഹർഷാ? ഈ ജന്മം എനിക്ക് മറ്റൊരു പെണ്ണിനെ സ്നേഹിക്കാൻ കഴിയില്ല. ”

“അറിയാം മിഥു. പക്ഷെ നിഹ അവൾക്കീ ജന്മം ഇനി നിന്റെ പാതിയാവാൻ കഴിയില്ല.. ഇനി ഒരിക്കലും അവൾ തിരിച്ചു വരികയുമില്ല. അതുകൊണ്ട് തന്നെ ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കേണ്ടത് നീയാണ്. ”

“ഞാൻ ഒറ്റക്കാണ് ഹർഷാ . ഇനിയങ്ങോട്ട് എന്റെ പ്രിയപ്പെട്ടവളുടെ ഓർമ്മകൾ മാത്രം മതിയെനിക്ക് കൂട്ടായി. ”

“ഇങ്ങനെ പറയാൻ വളരെ എളുപ്പമാണ്. പക്ഷെ ഒറ്റക്ക് ജീവിക്കാൻ അത്ര സുഖമൊന്നുമില്ല. നിന്റെ അമ്മയുടെ കണ്ണീർ നീ എത്ര കാലം കാണാതിരിക്കും? നിനക്കൊരു ജീവിതം ഉണ്ടായിക്കാണാൻ ആ പാവം എത്ര ആഗ്രഹിക്കുന്നുണ്ടാവും? ജീവിച്ചിരിക്കുന്നവരുടെ സന്തോഷത്തിനാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് ”

“ഞാൻ എന്ത് വേണമെന്നാ ഹർഷാ നീയീ പറയണത്? ”

“നീ ദേവികയുമായുള്ള കല്യാണത്തിന് സമ്മതിക്കണം. ”

“നോ ഇറ്റ്സ് നോട്ട് പോസിബിൾ. എന്റെ നിഹയുടെ സ്ഥാനത്തേക്ക് ദേവികയോ? ”

“അതേ ഈ വീട്ടിൽ എല്ലാവരുടെയും ആഗ്രഹം അതാണ്. നീ ആഗ്രഹിക്കുന്നത് പോലെ തന്നെ ദേവിക നിന്നെ സ്നേഹിക്കും. ”

“അവൾ എന്നെ സ്നേഹിക്കുമെന്നോ? ഹർഷാ ആർ യൂ മാഡ്?. എഴുന്നേറ്റ് നിൽക്കാനാവാത്ത ഒരാളെ ഏതേലും പെൺകുട്ടികൾ ജീവിതത്തിലേക്ക് കൂട്ടുമോ? അങ്ങനെ ഉള്ളവർ ഉണ്ടാകാം പക്ഷെ വലിയൊരു ശതമാനവും പണമോ പദവിയോ ഒക്കെ കണ്ടിട്ട് തന്നെയാവും. ”

“യൂ ആർ റോങ് മിഥു… ആത്മാർത്ഥമായിട്ട് തന്നെയാണ് ദേവു നിന്റെ ജീവിതത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നത്. നിന്റെ പണമോ പദവിയോ ഒന്നും അവൾക്ക് വേണ്ട. നീ പറയുന്ന കൂട്ടത്തിൽ ഉള്ളൊരു പെണ്ണല്ല ദേവു. ”

“ഇനഫ് ഹർഷാ. നിന്റെ ദേവുപുരാണം ഒന്നും എനിക്ക് കേൾക്കണ്ട.. എനിക്ക് ഉറങ്ങണം.”

മിഥുൻ കണ്ണടച്ച് കിടന്നതോടെ അമർഷത്തോടെ ഹർഷൻ പുറത്തേക്ക്പോയി. അവിടെ അവനെകാത്ത് ആകാംഷയോടെ ദേവു നിൽപ്പുണ്ടായിരുന്നു.
ഹർഷന്റെ മുഖഭാവം കണ്ടതോടെ പ്രതീക്ഷക്ക് വകയില്ലന്നു ദേവുവിന് മനസിലായി. ഹർഷനെ യാത്രയാക്കി മുറിയിൽ വന്നിരുന്നു ദേവു ഒരുപാട് ആലോചിച്ചു.

അപ്പോഴാണ് മാളു വന്നു രാധിക ഒന്നും കഴിക്കാൻ കൂട്ടാക്കാതെ ഇരിക്കുകയാണെന്ന് അറിഞ്ഞത്. ദേവു എഴുന്നേറ്റ് ചെന്നു ഒരുപാട് നിർബന്ധിച്ചെങ്കിലും രാധിക ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ തയ്യാറായില്ല.

ദേവു ആകെ ധർമ്മസങ്കടത്തിൽ ആയി. ഇതേസമയം മാളു കണ്ണുകൊണ്ട് കാണിച്ചതിനനുസരിച്ചു അജു പോയി മിഥുനോട് രാധികയുടെ നിരാഹാരത്തെക്കുറിച്ചു പറഞ്ഞു.

മാളുവിന്‌ അറിയാമായിരുന്നു അമ്മ മിഥുന്റെ വലിയൊരു വീക്നെസ് ആണെന്ന്.
കേട്ടപാതി മിഥുൻ അമ്മയുടെ അടുത്തേക്ക് പോകാൻ ബഹളം വെച്ചു.
അജു മിഥുനെയും കൂട്ടി രാധികയുടെ അടുത്തെത്തി.

മിഥുനെ കണ്ടതും രാധിക മുഖം തിരിച്ചു കിടന്നു. “അമ്മേ “മിഥുൻ വിളിച്ചെങ്കിലും രാധിക കണ്ണുതുറന്നില്ല.

“അമ്മേ മര്യാദക്ക് ഫുഡ് കഴിക്ക്. വെറുതെ അസുഖം ഒന്നും വരുത്തി വെക്കരുത്. “മിഥുൻ പറഞ്ഞു.

“എനിക്ക് വേണ്ട ഉണ്ണീ. അസുഖം വന്നോട്ടെ ഇവിടെയാർക്കും ചേതമില്ലല്ലോ ”

“എന്നാരു പറഞ്ഞു? അമ്മ എണീറ്റ് ഫുഡ് കഴിച്ചേ ”

“നീ പറയുന്നത് എന്തിനാ ഞാൻ അനുസരിക്കുന്നത്? ഞാൻ പറഞ്ഞാൽ കേൾക്കാത്ത നീയെന്നെ അനുസരിപ്പിക്കാൻ നോക്കണ്ട.”

“ഞാൻ എന്തനുസരിച്ചില്ലെന്നാ അമ്മ ഈ പറയുന്നത്? ”

“നീ ഇതുവരെ ജീവിച്ചതെല്ലാം നിന്റെ ഇഷ്ടത്തിനല്ലേ? ഞാൻ ഇന്നുവരെ നിന്നോടൊന്നും ആവശ്യപ്പെട്ടിട്ടില്ല . എനിക്ക് ഒരേയൊരു ആഗ്രഹമേയുള്ളു അത് നീയെനിക്ക് സാധിച്ചു തരണം. നീ ഈ നിൽക്കുന്ന ദേവുവിനെ വിവാഹം ചെയ്യണം ”

“അമ്മേ അത് മാത്രം നടക്കില്ല. അമ്മയുടെ മറ്റെന്ത് ആഗ്രഹവും ഞാൻ സാധിച്ചുതരും ഇത് മാത്രം നടക്കില്ല. “.

“എങ്കിൽ ഞാൻ പച്ചവെള്ളം പോലും കുടിക്കില്ല. ഞാൻ ഇവിടെ കിടന്നു മരിച്ചോട്ടെ. നിന്നെക്കാളും വാശിക്ക് ഒട്ടും മോശമല്ല ഞാൻ. ”
രാധിക കണ്ണുതുടച്ചു. മിഥുൻ ആകെ സങ്കടത്തിലായി. അമ്മക്ക് എന്തേലും സംഭവിച്ചാൽ അതുമാത്രം മിഥുൻ സഹിക്കില്ല . അവൻ നോക്കിയപ്പോൾ മാളുവും അജുവും അവനെ പ്രതീക്ഷയോടെ നോക്കുന്നുണ്ട്. ദേവു കയ്യിലൊരു പാത്രവുമായി തലകുനിച്ചു നിൽക്കുന്നു. ആ മുറിയിലാകെ നിശബ്ദത നിറഞ്ഞുനിന്നു..

“എനിക്ക് ഈ വിവാഹത്തിന് സമ്മതമാണ് ”

മിഥുന്റെ ശബ്ദം കേട്ട് ദേവു അത്ഭുതത്തോടെ നോക്കി. പക്ഷെ അവന്റെ മുഖത്തു ഭാവമാറ്റം ഒന്നും ഉണ്ടായില്ല . മാളുവിന്റെയും അജുവിന്റെയും ചുണ്ടിൽ ചിരി വിരിഞ്ഞു. മറ്റാരും കാണാതെ അജു മാളുവിനെ നോക്കി വലത് കൈവിരൽ കൊണ്ട് സക്‌സസ് എന്ന് ആംഗ്യം കാണിച്ചു..
രാധിക കേട്ടത് വിശ്വസിക്കാനാവാതെ എഴുന്നേറ്റ് മിഥുനെ നോക്കി

“സത്യമാണോ? ”

“സത്യം. അമ്മക്ക് വിശ്വസിക്കാം. അമ്മയുടെ മകന് ദേവികയെ കല്യാണം കഴിക്കാൻ സമ്മതമാണ്.ഇനി അമ്മ ഭക്ഷണം കഴിക്ക് ”

മിഥുൻ ദേവുവിനോട് അമ്മക്ക് ഭക്ഷണം കൊടുക്കാൻ പറഞ്ഞു. രാധിക സന്തോഷത്തോടെ ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ മിഥുൻ ദേവികയോട് തന്നെ മുറിയിലാക്കാൻ പറഞ്ഞു.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

“ദേവികാ ഞാൻ അമ്മയോട് പറഞ്ഞത് കേട്ടില്ലേ? ” മിഥുൻ ചോദിച്ചു

“കേട്ടു ”

“എന്നാൽ മറ്റൊരു കാര്യം ഞാൻ പറയാം. എനിക്കൊരിക്കലും നിന്നെ എന്റെ ഭാര്യയായിട്ട് കാണാൻ കഴിയില്ല. ഇത് അമ്മക്ക് വേണ്ടി ഞാൻ പറഞ്ഞതാണ്.. കുറച്ചു കാലം നീയെന്റെ ഭാര്യ ആയി അഭിനയിക്കേണ്ടി വരും. വെറുതെ വേണ്ടാ നീ ചോദിക്കുന്ന കാശ് ഞാൻ തരും. മാക്സിമം ഒരു ഏഴ് മാസം അപ്പോഴേക്കും നിന്റെ പഠിത്തം തീരുമല്ലോ. ഞാൻ തന്നെ നിനക്ക് എവിടെയെങ്കിലും നല്ലൊരു ജോലി വാങ്ങിത്തരാം. നിനക്ക് സമ്മതമല്ലെങ്കിൽ ഈ നിമിഷം നീയിവിടുത്തെ ജോലി മറന്നേക്ക്. അപ്പൊ ആലോചിച്ചു ഉത്തരം പറ. ” നിറഞ്ഞു വന്ന കണ്ണുകൾ മിഥുനിൽ നിന്നൊളിക്കാൻ ദേവു നന്നേ പാടുപെട്ടു. ഒടുവിൽ ശബ്ദം ഇടറാതെ അവൾ പറഞ്ഞു

“എനിക്ക് സമ്മതമാണ്. ”

“ഹ്മ്മ് ഓക്കേ. പക്ഷെ എന്റെ താലി നിന്റെ കഴുത്തിൽ കെട്ടിയാലും ഒരു ഭർത്താവിന്റെ സ്നേഹവും കരുതലുമൊന്നും നീ എന്നിൽ നിന്നു പ്രതീക്ഷിക്കരുത്. ഈ കല്യാണം വെറുമൊരു എഗ്രിമെന്റ് മാത്രമാണ് ”

“അറിയാം സാർ. ”
ദേവു പതിയെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
പുറത്ത് മാളുവിനെയും അജുവിനെയും കണ്ടു തെല്ലൊന്നു പതറിയെങ്കിലും ദേവു ചുണ്ടിൽ ഒരു ചിരി വിരിയിച്ചു.

“അഭിനയിക്കണ്ടാ ചേച്ചീ ഞങ്ങളെല്ലാം കേട്ടു. ഒരു എഗ്രിമെന്റ് കല്യാണത്തിന് ചേച്ചി സമ്മതിക്കണ്ട . അച്ഛനെയും അമ്മയെയും ഞങ്ങൾ പറഞ്ഞു സമ്മതിപ്പിച്ചോളാം. ”

“ഈ കല്യാണം നടക്കട്ടെ മാളു. സാർ പറഞ്ഞ കാലാവധിക്ക് മുൻപേ എന്റെ സ്നേഹം അദ്ദേഹം തിരിച്ചറിയുമെന്ന് എനിക്കുറപ്പുണ്ട്. ഇനി അഥവാ ഇല്ലെങ്കിലും സാരമില്ല ഞാനിവിടെ നിന്നു സന്തോഷത്തോടെ തന്നെ പൊയ്ക്കോളാം . ആദ്യം സാറിന്റെ ചികിത്സ നടക്കട്ടെ . എനിക്ക് എന്റെ ജീവിതത്തേക്കാൾ പ്രധാനം അതാണ്‌. ”

“എങ്ങനെയാ ചേച്ചീ ഇങ്ങനെയൊരാളെ സ്നേഹിക്കാൻ പറ്റുന്നെ? ”

ദേവു ഒന്ന് പുഞ്ചിരിച്ചുകൊണ്ട് മാളുവിന്റെ തോളിൽ തട്ടി അടുക്കളയിലേക്ക് പോയി.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

കല്യാണത്തിന് മിഥുന്റെ സമ്മതവും കൂടി കിട്ടിയതിനാൽ രാമചന്ദ്രനും മാധവനും അടുത്ത ദിവസം തന്നെ ജോത്സ്യരെ പോയി കണ്ടു . ജാതകത്തിൽ പത്തിലൊമ്പത് പൊരുത്തം ഉണ്ടെന്നറിഞ്ഞു അവർക്കെല്ലാം സന്തോഷമായി. മൂന്നാമത്തെ ദിവസം ഉള്ള ശുഭ മുഹൂർത്തം തന്നെ കുറിപ്പിച്ചു അവർ വീട്ടിലേക്ക് മടങ്ങി. തീയതി ഉറപ്പിച്ചതിനാലും
രണ്ട് ദിവസം സമയമേ ഉള്ളൂ എന്നുള്ളത് കൊണ്ടും പിറ്റേ ദിവസം തന്നെ വസ്ത്രങ്ങളും ആഭരണങ്ങളും എടുക്കാൻ അവർ പോയി. മിഥുനെയും കൂടെ കൂട്ടിയിരുന്നു. അവൻ വരുന്നില്ലെന്ന് പറഞ്ഞെങ്കിലും അജുവിന്റെയും മാളുവിന്റെയും വാശിക്കൊടുവിൽ സമ്മതിച്ചു. വീട്ടുകാർക്കെല്ലാം വസ്ത്രങ്ങൾ എടുത്തിട്ടാണ് ദേവുവിനുള്ള സാരീ നോക്കാൻ തുടങ്ങിയത് . ആർഭാടമുള്ള സാരിയൊന്നും വേണ്ടായെന്നു ദേവു തീർത്തു പറഞ്ഞതുകൊണ്ട് അവരെല്ലാവരും സെറ്റുസാരി മതിയെന്ന് തീരുമാനിച്ചു. ഓഫ്‌വൈറ്റ് കളറിൽ സ്വർണക്കരയുള്ള സാരിയും ഇളം റോസ് കളറിലെ ബ്ലൗസുമാണ് ദേവികക്ക് എടുത്തത്. . സെയിൽസ് ഗേൾ അവളെ അതുടുപ്പിച്ചു. എല്ലാവരും അഭിനന്ദിച്ചപ്പോഴും മിഥുൻ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. അത് ദേവികയെ അല്പം വേദനിപ്പിച്ചെങ്കിലും കൂടുതലൊന്നും മിഥുനിൽ നിന്നു പ്രതീക്ഷിക്കരുതെന്ന് അവൾ മനസിനെ പറഞ്ഞു പഠിപ്പിച്ചു.

ക്രീം കളറിലെ കുർത്തയും മുണ്ടുമാണ് മിഥുന് സെലക്ട്‌ ചെയ്തത്..
ഉച്ച കഴിഞ്ഞ് സ്വർണം എടുക്കാനായി അവർ സ്വർണക്കടയിലേക്ക് പോയി . അധികം സ്വർണം ഒന്നും വേണ്ടാന്ന് ദേവു ഉറപ്പിച്ചു പറഞ്ഞു. രാമചന്ദ്രൻ തന്റെ കയ്യിലുള്ള സമ്പാദ്യം അത്രയും കൊണ്ടുവന്നെങ്കിലും ബില്ല് അടക്കുന്നതിൽ നിന്നും മാധവൻ അയാളെ തടഞ്ഞു.

മൂന്നു മാലകളും ആറു വളകളുമാണ് ദേവുവിന് വേണ്ടി എടുത്തുവെച്ചത്. മിഥുന്റെ പേരുകൊത്തിയ ആലിലത്താലി കഴുത്തിനോട് ചേർത്തുവെച്ചു കണ്ണാടിയിൽ നോക്കിയപ്പോൾ ദേവു കണ്ടു തന്നെ നോക്കിയിരിക്കുന്ന മിഥുനെ. അവൾ തിരിഞ്ഞു നോക്കിയപ്പോഴേക്കും അവൻ മുഖം തിരിച്ചു. അവന്റെ മുഖത്തു നിറഞ്ഞിരുന്നത് പുച്ഛമായിരുന്നു. പക്ഷെ ഉള്ളിലെ സങ്കടം ഒളിപ്പിച്ചു ദേവു മുഖത്തൊരു ചിരി വരുത്തി അവന്റെ അരികിലേക്ക് ചെന്നു..

“സാർ പേടിക്കണ്ട. എനിക്കെടുത്തു തന്ന സ്വർണമെല്ലാം ഈ നാടകത്തിലെ വേഷം അഴിച്ചുവെക്കുമ്പോൾ ഞാൻ തിരിച്ചു തന്നിരിക്കും. സ്വന്തമായിട്ട് എടുക്കുമെന്ന് പേടിക്കുകയൊന്നും വേണ്ട. “മറുപടിക്ക് കാത്തു നിൽക്കാതെ അവൾ നടന്നു.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അമ്പലത്തിൽ വെച്ചു ചെറിയൊരു ചടങ്ങായി കല്യാണം നടത്തിയാൽ മതിയെന്നും മിഥുന്റെ ചികിത്സക്ക് ശേഷം നാടറിയെ റിസപ്ഷൻ വെക്കാമെന്നും മാധവൻ പറഞ്ഞതിനോട് എല്ലാവരും യോജിച്ചു. രാവിലെ അമ്പലത്തിലേക്ക് രാമചന്ദ്രനും കുടുംബവും വന്നോളാമെന്നു പറഞ്ഞെങ്കിലും മാധവൻ സമ്മതിച്ചില്ല. അവരും കേദാരം വീട്ടിൽ തന്നെ തങ്ങി.

കല്യാണ തലേന്ന് അജുവും മാളുവുമെല്ലാം വല്യ ഉത്സാഹത്തിൽ ആയിരുന്നു . മിഥുനും ദേവികയുമൊഴികെ ബാക്കിയെല്ലാവരും മനസറിഞ്ഞു സന്തോഷിച്ചു. രണ്ട് പേർക്ക് മാത്രം ആ വീട്ടിൽ ഉറക്കമില്ലാത്ത രാത്രി ആയിരുന്നു അത്.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

കല്യാണത്തിന്റെ അന്ന് രാവിലെ തന്നെ ഹർഷൻ എത്തിച്ചേർന്നിരുന്നു. ഹർഷനും അജുവും അരവിന്ദും അഭിയും നീല കളറിലെ ജുബ്ബയും നീലക്കരയുള്ള മുണ്ടുമായിരുന്നു വേഷം. മാളുവും അഞ്ജലിയും ഋതുവും നീല കളറിലെ ഹാഫ് സാരിയും.

ഭഗവതിക്കുമുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ ദേവികക്ക് മിഥുന്റെ ആരോഗ്യം തിരിച്ചുകിട്ടണമേ എന്നൊരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു. വിവാഹ വേഷത്തിൽ ദേവിക വളരെ സുന്ദരിയായിരുന്നു .
മുഹൂർത്തം ആയപ്പോഴേക്കും ദേവു വന്നു മിഥുന്റെ അരികിൽ നിന്നു. പൂജാരി പറഞ്ഞു തന്നതൊക്കെയും ദേവു പ്രാർഥനയോടെ ചെയ്തു പക്ഷെ അപ്പോഴൊക്കെയും മിഥുന്റെ മുഖത്തു നിറഞ്ഞു നിന്നത് നിർവികാരത മാത്രമായിരുന്നു. മിഥുന്റെ കയ്യിൽ താലിയെടുത്തു കൊടുത്തപ്പോഴേക്കും ദേവു അവന്റെ വീൽച്ചെയറിനു മുന്നിൽ മുട്ടുകുത്തിയിരുന്നു.
ദേവിക കണ്ണുകളടച്ചു പ്രാർത്ഥിച്ചു. അപ്പോഴേക്കും മിഥുൻ കയ്യിലിരുന്ന താലി ദേവുവിന്റെ കഴുത്തിൽ കെട്ടി.

“ഐ ആം സോറി നിഹാ “എന്നവൻ മന്ത്രിക്കുന്നത് ദേവിക വ്യക്തമായി കേട്ടു . അവളുടെ കണ്ണിൽ നിന്നൊരു തുള്ളിയടർന്ന് മിഥുന്റെ കൈകളിലേക്ക് വീണു . ആ കണ്ണീർതുള്ളികൾ അവനെ പൊള്ളിച്ചുവോ? പെട്ടന്നൊരു കാറ്റ് അവരെ തലോടി അകന്നുപോയി. ആ കാറ്റിനു നിഹയുടെ ഗന്ധമായിരുന്നെന്ന് മിഥുന് തോന്നിപ്പോയി . ശേഷം മിഥുൻ അവളുടെ സീമന്ത രേഖയിൽ കുങ്കുമം ചാർത്തി .
ദേവു കൂവളമാല മിഥുനെ അണിയിച്ചു. അവൻ തിരിച്ചും.

കണ്ടുനിന്നവരുടെ എല്ലാം മനസ്സുനിറഞ്ഞു. എല്ലാവരുടെയും അനുഗ്രഹം വാങ്ങിച്ചു ദേവു മിഥുന്റെ താലിയുടെ അവകാശിയായി.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

നിലവിളക്കും കയ്യിലേന്തി ദേവു കേദാരത്തിന്റെ പടികൾ കയറുമ്പോൾ ഇനിയിവിടെ നിന്നൊരു തിരിച്ചുപോക്ക് ഉണ്ടാവരുതേ എന്നറിയാതെ ആഗ്രഹിച്ചുപോയി. എന്നെങ്കിലും മിഥുൻ തന്റെ സ്നേഹം മനസിലാക്കുമെന്നു അവൾ ആശ്വസിച്ചെങ്കിലും അവളുടെ മനസ് അസ്വസ്ഥമായിരുന്നു. പൂജാമുറിയിൽ വിളക്ക് വെച്ചു പ്രാർത്ഥിച്ചതിനു ശേഷം രാധിക മിഥുനും ദേവുവിനും മധുരം കൊടുത്തു. ചടങ്ങുകൾ എല്ലാം കഴിഞ്ഞ് കുഞ്ഞൊരു സദ്യയും കഴിച്ചതിനു ശേഷം രാമചന്ദ്രനും കുടുംബവും മിഥുനെയും ദേവികയെയും വിരുന്നിനു ക്ഷണിച്ചശേഷം മടങ്ങിപ്പോയി..

രാത്രി ആയപ്പോൾ ദേവുവിനെ ഒരു സെറ്റും മുണ്ടും ഉടുപ്പിച്ചു മുടിനിറയെ മുല്ലപ്പൂവും ചൂടിച്ചു കയ്യിലൊരു ഗ്ലാസ്‌ പാലും വെച്ചുകൊടുത്തു രാധിക.

“ചടങ്ങൊന്നും തെറ്റിക്കണ്ട മോളെ “എന്നും പറഞ്ഞു രാധിക അവളുടെ നെറുകയിൽ ചുംബിച്ചു.

“ഏട്ടത്തി സുന്ദരിയായിട്ടുണ്ടല്ലോ. ഇങ്ങനെ കണ്ടാൽ ഏട്ടൻ ചിലപ്പോ ചാടിയെഴുന്നേറ്റെന്നും വരും “മാളു ഒരു കള്ളച്ചിരിയോടെ പറഞ്ഞതും രാധിക അവളുടെ തോളത്തൊരു അടികൊടുത്തു.

“നീ ഭാരിച്ച കാര്യം ഒന്നും അന്വേഷിക്കേണ്ട പോയി കിടന്നു ഉറങ്ങാൻ നോക്ക് “രാധിക മാളുവിനെ തള്ളിവിട്ടു.

“മോള് ചെല്ല് ” രാധിക ചിരിയോടെ പറഞ്ഞു. ഒന്ന് ചിരിച്ചെന്നു വരുത്തിയിട്ട് ദേവു വിറയ്ക്കുന്ന കാലടികളോടെ മിഥുന്റെ മുറി ലക്ഷ്യം വെച്ച് നീങ്ങി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

മിഥുനം: ഭാഗം 1

മിഥുനം: ഭാഗം 2

മിഥുനം: ഭാഗം 3

മിഥുനം: ഭാഗം 4

മിഥുനം: ഭാഗം 5

മിഥുനം: ഭാഗം 6

മിഥുനം: ഭാഗം 7

മിഥുനം: ഭാഗം 8

മിഥുനം: ഭാഗം 9

മിഥുനം: ഭാഗം 10

മിഥുനം: ഭാഗം 11

മിഥുനം: ഭാഗം 12

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!