ബ്രോ ഡാഡിയുടെ സെറ്റിൽ വെച്ച് അസി. ഡയറക്ടർ പീഡിപ്പിച്ചു; നഗ്നദൃശ്യങ്ങൾ പകർത്തിയെന്നും പരാതി
പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ബ്രോ ഡാഡി സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ ജൂനിയർ ആർട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടർ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയതായി പരാതി. നടിയുടെ പരാതിയിൽ ഹൈദരാബാദ് പോലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.
പ്രത്യേക അന്വേഷണ സംഘത്തിന് ഇന്ന് പരാതി നൽകുമെന്ന് ജൂനിയർ ആർട്ടിസ്റ്റ് അറിയിച്ചു. 2021 ഓഗസ്റ്റ് 8ന് ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സംഭവം. വിവാഹ സീൻ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാൻ ആളെ തേടിയത്
മലയാളി അസോസിയേഷന്റെ നിർദേശപ്രകാരമാണ് ഇവർ അഭിനയിക്കാനെത്തിയത്. വീണ്ടും സീനിൽ അവസരം തരാമെന്ന് പറഞ്ഞ് അസി. ഡയറക്ടർ മൻസൂർ റഷീദ് വരാൻ പറഞ്ഞു. ഇതനുസരിച്ച് സ്വന്തം നിലയിൽ ഷൂട്ടിംഗ് സംഘം താമസിക്കുന്നിടത്ത് മുറിയെടുത്തു.
മൻസൂർ മുറിയിലെത്തി കുടിക്കാൻ കോള തന്നുവെന്നും ഇതിന് ശേഷം തനിക്ക് ബോധം നഷ്ടമായെന്നും ബോധം വന്നപ്പോൾ പീഡിപ്പിക്കപ്പെട്ടെന്ന് ബോധ്യമായി എന്നുമായിരുന്നു പരാതി. പിറ്റേ ദിവസം ഇവരുടെ നഗ്നചിത്രം അസി. ഡയറക്ടർ നടിക്ക് അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടു. പിന്നീടും ഈ ചിത്രം കാണിച്ച് പലപ്പോഴായി പണം വാങ്ങിയെന്നാണ് പരാതി.