Kerala

പഹൽഗാം ഭീകരാക്രമണം; മോദിയും അമിത് ഷായും ഭരണഘടന എങ്ങനെ വായിക്കണം എന്ന് പഠിക്കണം: കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡി രാജ

തിരുവനന്തപുരം: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ ബിജെപി സർക്കാരിനെ വിമർശിച്ച് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. ജമ്മുകശ്മീരിലെ തീവ്രവാദി ആക്രമണത്തിൽ 28 നിരപരാധികളാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദി എന്ന് ഡി രാജ ചോദിച്ചു. തിരുവനന്തപുരത്ത് സിപിഐ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു പ്രതികരണം.

ജമ്മു-കശ്മീരിന് ഭരണഘടനാപരമായി ലഭിച്ചിരുന്ന പ്രത്യേക പദവി എടുത്തു കളഞ്ഞത് മോദി സർക്കാരാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിൽ ആർഎസ്എസിന് ഒരു പങ്കുമില്ലെന്നും ഡി രാജ പറഞ്ഞു. രാജ്യത്ത് ഭീകരാക്രമണം ഉണ്ടാകുമ്പോൾ ജനങ്ങളെ വിഭജിക്കാനാണ് ചിലർ ശ്രമിക്കുന്നത്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും സിപിഐ ജനറൽ സെക്രട്ടറി പറഞ്ഞു.

ബിജെപി അധികാരത്തിൽ വന്നപ്പോൾ ആർട്ടിക്കിൾ 370 എടുത്തുമാറ്റി. മോദിയും അമിത് ഷായും ഭരണഘടന എങ്ങനെ വായിക്കണം എന്ന് പഠിക്കണം. അവർ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റി. അവിടുത്തെ ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭയ്ക്കും സർക്കാരിനും അധികാരം നൽകാൻ ബിജെപി സർക്കാർ തയ്യാറല്ലെന്നും സിപിഐ ജനറൽ സെക്രട്ടറി പറഞ്ഞു. ഇപ്പോൾ ജമ്മുകശ്മീരിലെ സമാധാനം നഷ്ടപ്പെട്ടിരിക്കുന്നു. ജമ്മു കശ്മീരിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾ പാർലമെൻ്റിൽ ഇല്ലാത്ത അവസ്ഥയാണ്. ജമ്മുകശ്മീരിലെ ജനങ്ങളുമായി സംവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും രാജ പറഞ്ഞു.

എക്കാലവും കമ്മ്യൂണിസ്റ്റ് പാർട്ടി കശ്മീർ ജനതയ്ക്കൊപ്പമാണ് നിലകൊണ്ടത്. രാജ്യത്തെ ജനങ്ങൾക്കിടയിലുള്ള ഐക്യത്തെ സംരക്ഷിക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു. മത ധ്രുവീകരണം നടത്തി ഭരിക്കുക എന്ന അജണ്ടയാണ് ബിജെപിയുടേതെന്നും ഡി രാജ വിമർശിച്ചു. തിരുവനന്തപുരത്ത് സിപിഐ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കവേയാണ് ഡി രാജ ബിജെപിക്ക് എതിരെ വിമർശനം ഉന്നയിച്ചത്.

Related Articles

Back to top button
error: Content is protected !!