Kerala

മുൻഗണനാ റേഷൻകാർഡ് മസ്റ്ററിങ്; ഇ-കെവൈസി അപ്ഡേഷൻ സമയപരിധി നീട്ടി

തിരുവനന്തപുരം: മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ – കെവൈസി അപ്ഡേഷൻ നടത്തുന്നതിനുള്ള അവസാന തീയതി നീട്ടി. സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ – കെവൈസി അപ്ഡേഷൻ്റെ തീയതിയാണ് ഡിസംബർ 31 വരെ നീട്ടിയത്. നിലവിൽ മസ്റ്ററിംഗ് പ്രക്രിയകൾ പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബർ 16 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എഎവൈ, പിഎച്ച്എച്ച്) അംഗങ്ങൾ മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം, എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനായാണ് ഇ-കെവൈസി അപ്ഡേഷൻ സമയപരിധി 2024 ഡിസംബർ 31 വരെ നീട്ടിയതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സ്മാർട്ട്ഫോൺ വഴി മസ്റ്ററിംഗ് നടത്താൻ കഴിയുന്ന ഫേസ് ആപ്പിലൂടെ മാത്രം 1,20,904 റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് പ്രക്രിയ പൂർത്തീകരിച്ചിട്ടുണ്ട്.

അപ്ഡേഷൻ ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗികൾ, കുട്ടികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്കായി ഐറിസ് സ്കാനറിന്റെ സഹായത്തോടെയാണ് മസ്റ്ററിങ് നടത്തുന്നത്. ഇവർക്കായി പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ താലൂക്കുകളിൽ പ്രത്യേകം ക്യാമ്പുകൾ സംഘടിപ്പിച്ചാണ് ഇ-കെവൈസി അപ്ഡേഷൻ നടത്തി വരുന്നത്.

സംസ്ഥാനത്തെ മുൻഗണനാ കാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ 100 ശതമാനവും പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീങ്ങുന്നത്. സംസ്ഥാനത്തെ എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തി ഇ-കെവൈസി അപ്ഡേഷൻ പൂർത്തിയാക്കാൻ തയ്യാറാകണമെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു.

പഞ്ചായത്ത് തലത്തിൽ മസ്റ്ററിങ്

റേഷൻ കാർഡ് മസ്റ്ററിംഗ് പഞ്ചായത്ത് തലത്തിലും നടത്തുന്നതിനായി അടുത്തിടെ പൊതുവിതരണ വകുപ്പ് തീരുമാനിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തിൽ ഡിസംബർ മാസം മസ്റ്ററിംഗ് ക്രമീകരിക്കാനാണ് തീരുമാനിച്ചത്. മസ്റ്ററിംഗ് പൂർത്തിയാക്കാൻ ബാക്കിയുള്ളവർക്ക് വേണ്ടിയാണ് ഇത്തരത്തിൽ പ്രത്യേക ക്രമീകരണം ഏർ‌പ്പെടുത്തിയിരിക്കുന്നത്. ഡിസംബർ രണ്ട് മുതൽ എട്ട് വരെ ഒന്നാം ഘട്ടം പൂർത്തീകരിച്ചിരുന്നു ഡിസംബർ ഒമ്പത് മുതൽ 15 വരെ രണ്ടാംഘട്ടവും നടത്തുമെന്നാണ് അറിയിച്ചത്.

എന്താണ് മസ്റ്ററിങ്?

റേഷൻ കടകളിലെ ഈപോസ് യന്ത്രത്തിൽ വിരൽ പതിച്ചിച്ച് ബയോമെട്രിക് വിവരങ്ങൾ നൽകിയുള്ള പുതുക്കൽ പ്രക്രിയെയാണ് ഇകെവൈസി റേഷൻ മസ്റ്ററിങ് എന്ന് പറയുന്നത്. റേഷൻ വിഹിതം കൈപ്പറ്റുന്നവർ ജീവിച്ചിരിപ്പുണ്ടന്ന് ഉറപ്പാക്കുന്നതിനും അംഗങ്ങൾക്ക് റേഷൻ വിഹിതം കൈപ്പറ്റുന്നതിനുള്ള അർഹതയുണ്ടെന്നും ഉറപ്പാക്കുന്നതിനായാണ് പൊതുവിതരണ വകുപ്പ് മസ്റ്ററിങ് നടത്തുന്നത്. സൗജന്യമായാണ് ഈ പ്രക്രിയ നടത്തുന്നത്. റേഷൻ കാർഡിൽ പേരുള്ള അഞ്ചു വയസിന് മുകളിൽ പ്രായമുള്ളവരാണ മസ്റ്റിങ് നടത്തേണ്ടത്. ഇതിന് ആധാർ കാർഡ് നിർബന്ധമാണ്.

Related Articles

Back to top button
error: Content is protected !!