മണ്ണില്‍ വീഴുന്ന ചോരയ്ക്ക് ജനത പകരം ചോദിക്കുന്ന കാലം വരും; സിപിഎം കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ചാല്‍ തീരുന്ന പ്രശ്നങ്ങളേ കേരളത്തിലുള്ളുവെന്ന് രമേശ് ചെന്നിത്തല

കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ അന്തരീക്ഷം കൊലപാതക രാഷ്ട്രീയത്തിന് യോജിച്ചതല്ല എന്ന് സിപിഎം ഇനിയെങ്കിലും മനസിലാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ചാല്‍ തീരുന്ന പ്രശ്നങ്ങളേ കേരളത്തിലുള്ളു. കോണ്‍ഗ്രസിന്റെ കരുത്തരായ പോരാളികള്‍ ശരത് ലാലിനെയും കൃപേഷിനെയും മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് സിപിഎം നേതാക്കളെ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയിരിക്കുന്നു. ഇതില്‍ മുന്‍ ഉദുമ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ പ്രതികളാണെന്ന കോടതിയുടെ കണ്ടെത്തല്‍ സിപിഎം ഉന്നത തലത്തില്‍ ആസൂത്രണം ചെയ്ത കൊലപാതകമാണ് ഇതെന്നു തെളിയിക്കുന്നുവെന്ന് അദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ മുഴുവന്‍ ഉന്നതരും ഈ കേസില്‍ പ്രതികളാണെന്നു കോടതി കണ്ടെത്തിയിരിക്കുകയാണ്. സിപിഎമ്മിന്റെ ഹീനമായ കൊലപാതക രാഷ്ട്രീയത്തിനുള്ള കനത്ത തിരിച്ചടിയാണ് ഈ കോടതി വിധി. പത്തുപേരെ വെറുതെ വിട്ട വിധിക്കെതിരെ കുടുംബവുമായി ആലോചിച്ചു അപ്പീല്‍ പോകും.
നാടിനും നാട്ടുകാര്‍ക്കും പ്രിയങ്കരരായിരുന്ന രണ്ടു ചെറുപ്പക്കാരെ മൃഗീയമായി കൊലപ്പെടുത്തിയിട്ട് സിപിഎം എന്താണ് നേടിയത്. ഈ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കേണ്ട സമയമായി. സിപിഎം രാഷ്ട്രീയം ഇപ്പോള്‍ അറവു ശാലയുടെ രാഷ്ട്രീയമാണ്. രാഷ്ട്രീയമായി എതിരിടാന്‍ ശേഷിയില്ലാത്തവരെ കായികമായി നേരിട്ട് അവരെ മൃഗീയമായി കൊലപ്പെടുന്ന രാഷ്ട്രീയം എത്രയോ കാലമായി സിപിഎം തുടരുന്നു. ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തിന്റെ മണ്ണില്‍ വീഴുന്ന ചോരയ്ക്ക് ജനത പകരം ചോദിക്കുന്ന കാലം വരും.
ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്റെ പങ്ക് കോടതി സംശയാതീതമായി ശരിവെച്ചിരിക്കുകയാണ്. സിപിഎം അവകാശപ്പെട്ട പോലെ ഇതു ഒരു വ്യക്തിയുടെ വിരോധത്തിന്മേല്‍ നടത്തിയ കൊലപാതകമല്ല എന്നു ഈ സംഭവം തെളിയിക്കുന്നു. സിപിഎം ജില്ലാ തലത്തില്‍ ഗൂഢാലോചന നടത്തി കൃത്യമായി ആസൂത്രണം ചെയ്തെടുത്ത മൃഗീയ കൊലപാതകമാണിത്. ഈ കേസ് സിബിഐ അന്വേഷിച്ചില്ലായിരുന്നെങ്കില്‍ നേതാക്കളെല്ലാം ഊരിപ്പോകുമായിരുന്നു. ഉന്നതരുടെ പങ്ക് പുറത്തു വരും എന്ന കാരണം കൊണ്ടു മാത്രമാണ് സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ അപ്പീല്‍ പോയത്. ഈ വഴിയില്‍ കേരളത്തിലെ നികുതിദായകരുടെ കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ ചെലവാക്കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.