ദുബൈ മെട്രോക്ക് ഫ്‌ളഡ് പ്രൂഫ് സംവിധാനം സജ്ജമാക്കിയതായി ആര്‍ടിഎ
ദുബൈ: മെട്രോക്ക് വെള്ളം അകത്ത് കടക്കാത്ത ഫ്‌ളഡ് പ്രൂഫ് സംവിധാനം സജ്ജമാക്കിയതായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി(ആര്‍ടിഎ) അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലുണ്ടായ റെക്കാര്‍ഡ് മഴയില്‍ മെട്രോയുടെ ചില സ്‌റ്റേഷനുകളെ വെള്ളപ്പൊക്കം ബാധിച്ചതാണ് ഇതിന് ശാശ്വതമായ പരിഹാരം ഒരുക്കാന്‍ ആര്‍ടിഎയെ പ്രേരിപ്പിച്ചത്. നിലവിലെ റെഡ്, ഗ്രീന്‍ പാതകളിലോ, 2029ല്‍ ട്രെയിന്‍ ഓടിത്തുടങ്ങാന്‍ നിര്‍മാണം പുരോഗമിക്കുന്ന ബ്ലൂ ലൈനിലോ ഇത്തരം ഒന്ന് ഇനി സംഭവിക്കാത്ത രീതിയിലുള്ള വാട്ടര്‍ പ്രൂഫിങ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.
മെട്രോയില്‍ വെള്ളമെത്തിയത് രൂപകല്‍പനയിലെ പ്രശ്‌നത്താലല്ലെന്നും മുന്‍കൂട്ടി കാണാന്‍ സാധിക്കാത്ത അതിശക്തമായ മഴയാലാണെന്നും ആര്‍ടിഎ ഡയരക്ടര്‍ ജനറല്‍ മത്താര്‍ അല്‍ തായര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ഒരു മഴ ദുബൈ ഒരിക്കലും സാക്ഷിയാവാത്തതാണ്. വര്‍ഷത്തില്‍ ശരാശരി 140 മുതല്‍ 200 മില്ലിലിറ്റര്‍വരെ മാത്രം മഴപെയ്യുന്ന പ്രദേശമാണ് യുഎഇ. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ 250 എംഎം മഴയെന്നത് ഞങ്ങളുടെ ഒന്നും ജീവിതത്തില്‍ ഒരിക്കലും അനുഭവിക്കാന്‍ സാധിക്കാത്തതായിരുന്നൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.