സഊദി അതിശൈത്യത്തിന്റെ പിടിയില്‍; അനുഭവപ്പെടുന്നത് 1992ന് ശേഷമുള്ള കടുത്ത ശൈത്യം
ജിദ്ദ: സഊദി അറേബ്യയില്‍ അതിശൈത്യം അനുഭവപ്പെടുന്നതായും 1992ന് ശേഷം ആദ്യമായാണ് താപനില ഇത്രയും കുറയുന്നതെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം(എന്‍എംസി). രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 9.3 ഡിഗ്രി സെല്‍ഷ്യസ് 1992ല്‍ ഹായിലിലാണ് രേഖപ്പെടുത്തിയത്. ഈ സീസണില്‍ ഹായിലില്‍ അനുഭവപ്പെടുന്നത് മൈനസ് 4.4 ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ ഏഴു ദിവസമായി ഇതേ താപനിലയില്‍ മേഖല തണുത്തുമരവിച്ചു കിടക്കുന്ന സ്ഥിതിയാണ്.
രാജ്യം ഇപ്പോള്‍ സാക്ഷിയാവുന്ന ശക്തമായ ശീതതരംഗമാണ് താപനില ഇത്രമാത്രം താഴാന്‍ ഇടയാക്കിയിരിക്കുന്നത്. ഹായിലും ഖുരയാത്തിലെയും കാലാവസ്ഥാ കേന്ദ്രങ്ങളാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. 1985 മുതലുള്ള കണക്കെടത്താല്‍ ജനുവരിയില്‍ അനുഭവപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനിലയാണ് ഇപ്പോഴത്തേത്. താബുക്കിന്റെയും അല്‍ ജൗഫിന്റെയും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളുടെയും വടക്കന്‍ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മിതമായതോ, ശക്തമായതോ ആയ മഴക്ക് സാധ്യതയുള്ളതായും കാലവസ്ഥാ കേന്ദ്രം അധികൃതര്‍ എക്‌സിലൂടെ അറിയിച്ചു.